തിരുവനന്തപുരം: പരസ്യ പ്രസ്‌താവനകൾ നിയന്ത്രിക്കാൻ അച്ചടക്ക സമിതിയുമായി കെ.പി.സി.സി. അച്ചടക്ക ലംഘനം നടത്തുന്നവർക്കെതിരെ നടപടിയെടുക്കാനാണ് അച്ചടക്ക സമിതി രൂപീകരിക്കുന്നതെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. കെ. മുരളീധരന്‍റെ പ്രസ്‌താവനയോട് സഹതാപമുണ്ടെന്നും മുല്ലപ്പള്ളി പരിഹസിച്ചു. പുന:സംഘടനയെകുറിച്ച് പറഞ്ഞതിൽ തന്നോടു കാട്ടുന്ന ശൗര്യം മോദിയോടും പിണറായിയോടും കാണിക്കണമെന്ന മുരളിധരന്‍റെ പ്രസ്‌താവനക്കെതിരെയാണ് മുല്ലപ്പള്ളിയുടെ മറുപടി.
പരസ്യപ്രസ്താവനയ്ക്ക് വിലക്ക്; കെ.പി.സി.സിയിൽ അച്ചടക്ക സമിതിയുമായി മുല്ലപ്പള്ളി രാമചന്ദ്രൻ
പരസ്യ പ്രസ്‌താവനകൾ നിയന്ത്രിക്കുന്നതിന് വേണ്ടിയാണ് അച്ചടക്ക സമിതി രൂപീകരിക്കുന്നതെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ വ്യക്തമാക്കി.
ആത്മാഭിമാനമുള്ള കോൺഗ്രസുകാരൊന്നും മനുഷ്യ മഹാശൃംഖലയിൽ പങ്കെടുത്തിട്ടില്ലെന്നും മനുഷ്യ മഹാശൃംഖല പരാജയമാണെന്നും മുല്ലപ്പള്ളി വ്യക്തമാക്കി. കെ.പി.സി.സി പുന:സംഘടനയെകുറിച്ച് പരസ്യമായി വിമർശനമുന്നയിച്ച മഹിള കോൺഗ്രസ് സംസ്ഥാന അധ്യക്ഷ ലതിക സുഭാഷിനോട് വിശദീകരണം തേടുമെന്നും അദ്ദേഹം വ്യക്തമാക്കി. കെ.പി.സി.സി പ്രസിഡന്‍റായ ശേഷം 12 തവണ രാഷ്‌ട്രീയകാര്യ സമിതി ചേർന്നിട്ടുണ്ട്. ഒക്‌ടോബർ 30 നാണ് അവസാന യോഗം ചേർന്നത്.
കോൺഗ്രസ് പ്രവർത്തകരെല്ലാം കഴിഞ്ഞ രണ്ടര മാസമായി തെരുവീഥിയിലായിരുന്നതിനാൽ ഇക്കാലയളവിൽ യോഗം ചേർന്നിട്ടില്ല. അല്ലാത്തവരുടെ കാര്യത്തെക്കുറിച്ച് അറിയില്ല. പിന്നോക്ക വിഭാഗത്തിന് പ്രാതിനിധ്യം നൽകാനാണ് മോഹൻ ശങ്കറിന് ഭാരവാഹിത്വം നൽകിയത്. തീരുമാനം അംഗീകരിക്കാത്തവരെ കുറിച്ച് ഒന്നും പറയാനില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.