തിരുവനന്തപുരം: ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള നിയമന മെമ്മോ പി.എസ്.സി ആസ്ഥാനത്ത് വച്ച് നല്‍കാനുള്ള പി.എസ്.സിയുടെ നടപടി ഇടത്പക്ഷ സര്‍വീസ് സംഘടനകളിലേക്ക് ആളെ റിക്രൂട്ട് ചെയ്യാനുള്ള ആസൂത്രിത നീക്കമെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.
പിഎസ്സിയുടേത് ഇടത്പക്ഷ സംഘടനകളിലേക്ക് ആളെ റിക്രൂട്ട് ചെയ്യാനുള്ള നീക്കമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ - മുല്ലപ്പള്ളി രാമചന്ദ്രന്‍
പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ഏകപക്ഷീയ തീരുമാനങ്ങളിലൂടെ പി.എസ്.സിയെ തകര്‍ക്കുന്ന നടപടികളാണ് എടുത്തിട്ടുള്ളത്.
ഉദ്യോഗാര്‍ത്ഥികളുടെ പ്രൊഫൈലില്‍ നിയമന മെമ്മോ ഓണ്‍ലൈനില്‍ അപ്ലൈ ചെയ്യുകയോ രജിസ്റ്റര്‍ തപാലിലൂടെ അയക്കുകയോ ചെയ്യാമെന്നിരിക്കെയാണ് ഇത്തരം ഒരു നടപടിക്ക് പി.എസ്.സി തയ്യാറെടുക്കുന്നത്. ഇത് ഉദ്യോഗാര്‍ത്ഥികളെ കൂടുതല്‍ വലയ്ക്കുന്ന തീരുമാനമാണ്. പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ഏകപക്ഷീയ തീരുമാനങ്ങളിലൂടെ പി.എസ്.സിയെ തകര്‍ക്കുന്ന നടപടികളാണ് എടുത്തിട്ടുള്ളത്. വര്‍ഷങ്ങളായി പി.എസ്.സി സുതാര്യവും സത്യസന്ധവുമായി നടത്തിവരുന്ന കായികക്ഷമത പരീക്ഷകള്‍, വകുപ്പുതല പരീക്ഷകള്‍, ഡിപ്പാര്‍ട്ട്മെന്റല്‍ പ്രമോഷന്‍ കമ്മിറ്റികള്‍ എന്നിവ പി.എസ്.സിയില്‍ നിന്നും മാറ്റി പാരലല്‍ റിക്രൂട്ട്മെന്‍റ് ബോര്‍ഡുകള്‍ രൂപീകരിക്കാനുള്ള രഹസ്യ നീക്കം നടക്കുന്നതായും മുല്ലപ്പള്ളി ആരോപിച്ചു.
വകുപ്പുതല പരീക്ഷകള്‍ സംസ്ഥാനത്തെ സ്‌കൂളുകള്‍ പരീക്ഷാകേന്ദ്രങ്ങളായെടുത്ത് കുറ്റമറ്റ രീതിയിലാണ് നടത്തി വന്നിരുന്നത്. എന്നാല്‍ ഈ വര്‍ഷം മുതല്‍ സ്വകാര്യ എഞ്ചിനിയറിംഗ് കോളേജുകള്‍ ഭീമമായ തുക നല്‍കി ഓണ്‍ലൈന്‍ സംവിധാനത്തില്‍ പരീക്ഷകള്‍ നടത്തുകയാണ്. രണ്ടാംഘട്ട പരീക്ഷ നടത്തേണ്ട സമയമായിട്ടും ഇതുവരെ ആദ്യഘട്ട പരീക്ഷാഫലം പ്രസിദ്ധീകരിച്ചിട്ടില്ലെന്നും മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി. കമ്മിഷനിലെ സുപ്രധാന പോസ്റ്റുകളില്‍ ഇടതുപക്ഷ സംഘടനാ അനുഭാവികളെ നിയമിച്ച് സര്‍ക്കാരിന്‍റെ തുക്ലഗ് പരിഷ്‌ക്കാരങ്ങള്‍ നടപ്പിലാക്കുകയാണ്. ഇടതുപക്ഷ അനുഭാവികളല്ലാത്ത ഉദ്യോഗസ്ഥരോട് വൈരനിര്യാതന ബുദ്ധിയോടുള്ള സമീപനം തുടരനാണ് സര്‍ക്കാരിന്‍റെയും പി.എസ്.സി ചെയര്‍മാന്‍റെയും നിലപാടെങ്കില്‍ കോണ്‍ഗ്രസ് ശക്തമായ പോരാട്ടം നടത്തുമെന്നും മുല്ലപ്പള്ളി മുന്നറിയിപ്പ് നല്‍കി.