കൊവിഡ് പരിശോധന; രോഗികൾ കുറവെന്ന് വരുത്തി തീർക്കാൻ സർക്കാർ ശ്രമിക്കുന്നുവെന്ന് മുല്ലപ്പളളി
കൊവിഡ് ടെസ്‌റ്റുകൾ കുറച്ച് രോഗികളുടെ എണ്ണത്തിൽ കേരളം പിന്നിലാണെന്ന് വരുത്തിതീർക്കാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നതെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ.
തിരുവനന്തപുരം: കൊവിഡ് ടെസ്‌റ്റുകൾ കുറച്ച് രോഗികളുടെ എണ്ണത്തിൽ കേരളം പിന്നിലാണെന്ന് വരുത്തിതീർക്കാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നതെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിൽ ദേശീയ നിരക്കിനേക്കാൾ കൂടുതലാണ് സംസ്ഥാനത്തിൻ്റേത്. എഴുപതിനായിരം ആന്‍റിജൻ പരിശോധന നടത്തിയിരുന്നു അത് ഇപ്പോൾ അമ്പതിനായിരമായി കുറച്ചിരിക്കുകയാണ്. ആർ ടിപിസിആർ പരിശോധനയിലും കുറവ് വരുത്തി. അതിന്‍റെ ഫലമായാണ് ഇപ്പോൾ രോഗങ്ങൾ രോഗബാധിതരുടെ എണ്ണം കുറയുന്നത്. ഇത് സർക്കാരിന്‍റെ നേട്ടമായി ചിത്രീകരിക്കാനുള്ള ഗൂഢം നീക്കമാണ് നടക്കുന്നത്. ഇത് ഗുരുതരമായ പ്രത്യാഘാതം ഉണ്ടാക്കുമെന്നും മുല്ലപ്പള്ളി പ്രസ്‌താവനയിൽ വ്യക്തമാക്കി. സംസ്ഥാന സർക്കാരിന്‍റെ കൊവിഡ് പ്രതിരോധം പൂർണമായും താളംതെറ്റിയതിനെ തുടർന്നാണ് കേന്ദ്രസംഘം കേരളത്തിൽ എത്തിയത്. സംസ്ഥാന സർക്കാരിന് ഇപ്പോൾ ജനങ്ങളുടെ കാര്യം ശ്രദ്ധിക്കുന്നതിലല്ല താൽപര്യമെന്നും മുല്ലപ്പള്ളി പ്രസ്‌താവനയിൽ ആരോപിച്ചു.