തിരുവനന്തപുരം: സ്വര്‍ണക്കടത്ത് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ മുഖ്യമന്ത്രിയുടെ പങ്ക് ചര്‍ച്ചയാകാതിരിക്കാനുള്ള സിപിഎം ശ്രമത്തിന്‍റെ ഭാഗമാണ് വോട്ട് കച്ചവടമെന്ന ആരോപണമെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ ക്രൈം ബ്രാഞ്ച് കേസെടുത്തതും ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചതും സിപിഎം മറുപടി പറയേണ്ട പ്രധാന വിഷയങ്ങളില്‍ നിന്നും ജനശ്രദ്ധ തിരിക്കാന്‍ മുഖ്യമന്ത്രി പയറ്റുന്ന അടവുതന്ത്രമാണെന്നും മുല്ലപ്പള്ളി ആരോപിച്ചു.
മുഖ്യമന്ത്രിക്കെതിരെ മൊഴിനല്‍കാന്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിന് മേല്‍ ഇഡി ഉദ്യോഗസ്ഥര്‍ സമ്മര്‍ദം ചെലുത്തിയെന്നാണ് വനിതാ പൊലീസ് ഉദ്യോഗസ്ഥ വെളിപ്പെടുത്തിയത്. ഇതിന്‍റെ പേരിലാണ് മുഖ്യമന്ത്രി കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ തിരിഞ്ഞത്. എന്നാല്‍ വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍ ആരോപണമുന്നയിക്കുന്ന ദിവസങ്ങളില്‍ വനിതാ പോലീസ് ഉദ്യോഗസ്ഥരുടെ അസാന്നിധ്യത്തിലാണ് ഈ ചോദ്യം ചെയ്യല്‍ നടന്നതെന്ന് കോടതി രേഖകളില്‍ വ്യക്തമാക്കുന്നതായും മുല്ലപ്പള്ളി രാമചന്ദ്രന്‍ വ്യക്തമാക്കി.