കേരളം

kerala

ETV Bharat / state

കേന്ദ്ര മോട്ടോര്‍ വാഹന ഭേദഗതി നിയമം; കേരളം ഉന്നയിച്ച ആവശ്യങ്ങള്‍ ശരിവെച്ച് കേന്ദ്രം - motor vehicle law amendment

ഓരോ സംസ്ഥാനത്തിന്‍റെയും പ്രത്യേക സാഹചര്യങ്ങളും ആവശ്യങ്ങളും പരിഗണിച്ച് ഇളവ് വരുത്തിക്കൊണ്ട് കോമ്പൗണ്ടിങ് ഫീസ് നിശ്ചയിക്കുന്നതിന് സംസ്ഥാനങ്ങള്‍ക്ക് സാധിക്കുന്ന രീതിയിലാണ് നിയമവും പിഴയുമെന്ന് കേന്ദ്രമന്ത്രി കത്തില്‍ വ്യക്തമാക്കിയതായി ഗതാഗത മന്ത്രി

കേന്ദ്ര മോട്ടോര്‍ വാഹന ഭേദഗതി നിയമം  ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രന്‍  കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്‌കരി  റോഡ് സുരക്ഷ  പിഴത്തുക  ഡ്രൈവിങ് ലൈസന്‍സ് കാലാവധി  കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം  ദേശീയപാത മന്ത്രാലയം  കോമ്പൗണ്ടിങ് ഫീസ്  motor vehicle law amendment  central government letter
കേന്ദ്ര മോട്ടോര്‍ വാഹന ഭേദഗതി നിയമം; മന്ത്രി എ.കെ.ശശീന്ദ്രന് കേന്ദ്രസര്‍ക്കാറിന്‍റെ മറുപടി

By

Published : Jan 22, 2020, 12:51 PM IST

തിരുവനന്തപുരം: കേന്ദ്ര മോട്ടോര്‍ വാഹന ഭേദഗതി നിയമത്തില്‍ സംസ്ഥാനത്തിന്‍റെ വിയോജിപ്പുകള്‍ ശരിവെച്ച് കേന്ദ്രസര്‍ക്കാറിന്‍റെ മറുപടി. 2019ല്‍ പാസാക്കിയ നിയമത്തിനെതിരെ സംസ്ഥാന ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രന്‍ അയച്ച കത്തിനാണ് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്‌കരിയുടെ മറുപടി ലഭിച്ചത് . കേരളം ഉന്നയിച്ച ആവശ്യങ്ങള്‍ ശരിയാണെന്ന് വ്യക്തമാക്കി നിതിന്‍ ഗഡ്‌കരി കത്തയച്ചതായി മന്ത്രി എ.കെ.ശശീന്ദ്രന്‍ വ്യക്തമാക്കി.

കുറ്റത്തിന് ആനുപാതികമല്ലാത്ത രീതിയിലുള്ള ഉയര്‍ന്ന പിഴത്തുക, പ്രവാസികള്‍ ഉള്‍പ്പെടെയുള്ളവരുടെ ഡ്രൈവിങ് ലൈസന്‍സ് പുതുക്കുന്നതിനുള്ള കാലയളവ് അഞ്ച് വര്‍ഷത്തില്‍ നിന്നും ഒരു വര്‍ഷമായി കുറച്ചത്, സംസ്ഥാന സര്‍ക്കാരിന്‍റെ അധികാരത്തില്‍ കൈകടത്തുന്ന രീതിയിലുള്ള ഗതാഗത രംഗത്തെ സ്വകാര്യവല്‍ക്കരണം തുടങ്ങിയ കാര്യങ്ങളിലാണ് സംസ്ഥാനം വിയോജിപ്പ് അറിയിച്ചിരുന്നത്. ഉയര്‍ന്ന പിഴത്തുക നിശ്ചയിച്ചുകൊണ്ട് കേന്ദ്ര മോട്ടോര്‍ വാഹന നിയമം പാസാക്കിയത് റോഡ് സുരക്ഷ സംബന്ധിച്ച നിലവിലുള്ള പശ്ചാത്തലം പരിഗണിച്ചുകൊണ്ടാണെന്ന് കേന്ദ്രമന്ത്രി അറിയിച്ചതായി എ.കെ.ശശീന്ദ്രന്‍ പറഞ്ഞു. എന്നാല്‍ ഓരോ സംസ്ഥാനത്തിന്‍റെയും പ്രത്യേക സാഹചര്യങ്ങളും ആവശ്യങ്ങളും പരിഗണിച്ച് ഇളവ് വരുത്തിക്കൊണ്ട് കോമ്പൗണ്ടിങ് ഫീസ് നിശ്ചയിക്കുന്നതിന് സംസ്ഥാനങ്ങള്‍ക്ക് സാധിക്കുന്ന രീതിയിലാണ് നിയമവും പിഴയുമെന്ന് കേന്ദ്രമന്ത്രി കത്തില്‍ വ്യക്തമാക്കി.

സംസ്ഥാനം കേന്ദ്ര നിയമത്തില്‍ നിശ്ചയിച്ച പിഴത്തുകയേക്കാള്‍ കുറഞ്ഞ നിരക്കില്‍ കോമ്പൗണ്ടിങ് ഫീസ് നിശ്ചയിച്ചത് തെറ്റാണെന്നും സംസ്ഥാനങ്ങള്‍ കേന്ദ്ര മോട്ടോര്‍ വാഹന ഭേദഗതി നിയമം നടപ്പിലാക്കണമെന്നും നേരത്തെ കേന്ദ്ര റോഡ് ഗതാഗത-ദേശീയപാത മന്ത്രാലയം അറിയിച്ചിരുന്നു. കേന്ദ്ര നിയമത്തില്‍ നിശ്ചയിച്ച പിഴത്തുകയേക്കാള്‍ കുറഞ്ഞ തുക കോമ്പൗണ്ടിങ് ഫീസായി നിശ്ചയിക്കുന്നത് തെറ്റാണെന്ന അറ്റോര്‍ണി ജനറലിന്‍റെ നിയമോപദേശം സൂചിപ്പിച്ചുകൊണ്ടാണ് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചിരുന്നത്. എന്നാല്‍ കേന്ദ്രമന്ത്രിയുടെ ഇപ്പോഴത്തെ കത്ത് പ്രകാരം പിഴത്തുകയേക്കാള്‍ കുറഞ്ഞ നിരക്കില്‍ കോമ്പൗണ്ടിങ് ഫീസ് നിശ്ചയിച്ച് വിജ്ഞാപനം പുറപ്പെടുവിച്ച സംസ്ഥാന സര്‍ക്കാരിന്‍റെ നടപടി ശരിയാണെന്ന് വ്യക്തമാകുന്നതാണെന്നും ഗതാഗതവകുപ്പ് മന്ത്രി വ്യക്തമാക്കി. കേരളം ചൂണ്ടിക്കാണിച്ച പ്രായോഗിക ബുദ്ധിമുട്ടുകള്‍ പരിഗണിച്ച് പ്രവാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഡ്രൈവിങ് ലൈസന്‍സിന്‍റെ കാലാവധി അവസാനിച്ചാലും ആ തീയതി മുതല്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ ലൈസന്‍സ് പുതുക്കാം. 2020 മാര്‍ച്ച് 31 വരെ ഇതിനുള്ള അവസരം ലഭ്യമാകുമെന്ന് കേന്ദ്രമന്ത്രിയുടെ മറുപടിയില്‍ വ്യക്തമാക്കിയിട്ടുണ്ടെന്ന് എ.കെ.ശശീന്ദ്രന്‍ പ്രസ്‌താവനയില്‍ പറഞ്ഞു.

ABOUT THE AUTHOR

...view details