തിരുവനന്തപുരം:കഠിനകുളം പുത്തൻതോപ്പിൽ അമ്മയും 9 മാസം പ്രായമുള്ള കുഞ്ഞും പൊള്ളലേറ്റ് മരിച്ചു. പുത്തൻതോപ്പ് റോജ ഡെയിലില്‍ രാജു ജോസഫ് ടിൻസിലിയുടെ ഭാര്യ അഞ്ജുവും (23) മകൻ ഡേവിഡും ആണ് മരണപ്പെട്ടത്. വീട്ടിലെ ശൗചാലയത്തിലാണ് ഇരുവരെയും പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാത്രിയായിരുന്നു സംഭവം.
ഭർത്താവ് രാജു ജോസഫ് പുത്തൻതോപ്പിൽ ഫുട്ബോൾ മത്സരം കാണാൻ പോയതായിരുന്നു. കളിക്കിടയിലെ ഇടവേള സമയത്ത് വീട്ടിൽ വന്നപ്പോഴാണ് ഭാര്യ അഞ്ജുവിനെ ശൗചാലയത്തിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടത്. മകൻ ഡേവിഡും ഗുരുതരമായി പൊള്ളലേറ്റ നിലയിലായിരുന്നു.
തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ കുഞ്ഞിനെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. എന്നാൽ ഇന്ന് രാവിലെ കുഞ്ഞും മരണപ്പെട്ടു. അതേസമയം വീട്ടിനുള്ളിൽ തീ കത്തിയത് അറിഞ്ഞില്ലെന്ന് സമീപത്തെ വീട്ടിലുള്ളവരും പറയുന്നു. മരണം ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്നും കൂടുതൽ അന്വേഷണം നടത്തുകയാണെന്നും പൊലീസ് അറിയിച്ചു.
വെങ്ങാനൂർ പൂങ്കുളം സ്വദേശി പ്രമോദിന്‍റെയും ശൈലജയുടെയും മകളാണ് മരിച്ച അഞ്ജു. 2021 നവംബറിൽ ആയിരുന്നു രാജുവിന്‍റെയും അഞ്ജുവിന്‍റെയും വിവാഹം. അതേസമയം സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് അഞ്ജുവിന്‍റെ മാതാപിതാക്കൾ ആരോപിച്ചു. കുഞ്ഞിന്‍റെ മൃതദേഹം കിംസ് ആശുപത്രിയിലും അഞ്ജുവിന്‍റെ മൃതദേഹം വീട്ടിലുമാണുള്ളത്.