തിരുവനന്തപുരം: കാർഷിക വായ്പകൾക്കുള്ള മൊറട്ടോറിയം കാലാവധി ഇന്ന് അവസാനിക്കാനിരിക്കെ ഇത് സംബന്ധിച്ച പ്രതിസന്ധി തുടരുന്നു. മൊറട്ടോറിയം നീട്ടണമെന്ന സർക്കാർ അപേക്ഷയിൽ റിസർവ് ബാങ്ക് നിലപാട് വ്യക്തമാക്കാത്ത സാഹചര്യത്തിൽ ജപ്തി നടപടികളുമായി മുന്നോട്ട് പോകാനാണ് ബാങ്കുകളുടെ തീരുമാനം. അതേസമയം കർഷകർ ആശങ്കപെടേണ്ടതില്ലെന്നും സാങ്കേതിക കാരണം പറഞ്ഞ് ബാങ്കുകൾ കർഷകരെ ബുദ്ധിമുട്ടിക്കാനാകിലെന്നും മന്ത്രി വി എസ് സുനിൽ കുമാർ വ്യക്തമാക്കി.
മൊറട്ടോറിയം കാലാവധി: ജപ്തിയില്‍ ആശങ്ക വേണ്ടെന്ന് മന്ത്രി വിഎസ് സുനിൽ കുമാർ - മൊറട്ടോറിയം
മൊറട്ടോറിയം പ്രഖ്യാപിച്ച കാലയളവിലെ പലിശ ഇളവ് ചെയ്തു കൊടുക്കുന്നത് സംബന്ധിച്ച് ബാങ്കുകളുമായി വീണ്ടും ചർച്ച നടത്തുമെന്നും മന്ത്രി
ഡിസംബർ 31 വരെ കാർഷിക വായ്പകൾക്കുള്ള മൊറട്ടോറിയം നീട്ടാൻ സമ്മതമാണെന്ന് ബാങ്കേഴ്സ് സമിതി നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ ഇതിന് റിസർവ് ബാങ്കിന്‍റെ അനുമതി വേണം. പ്രളയത്തിന്‍റെ പശ്ചാത്തലത്തിൽ മൊറട്ടോറിയം നീട്ടണമെന്ന് ആവശ്യപ്പെട്ട് സർക്കാർ റിസർവ് ബാങ്ക് ഗവർണറുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. അനുകൂല തീരുമാനം എടുക്കാമെന്ന് ആർബിഐ വ്യക്തമാക്കിയിരുന്നെങ്കിലും മൊറട്ടോറിയം കാലവധി ഇന്ന് അവസാനിക്കാനിക്കുകയാണ്.
വായ്പ കിട്ടാക്കടമാകുന്നതിനുള്ള വ്യവസ്ഥകളിൽ ആർബിഐ ഇളവ് നൽകാതെ ബാങ്കുകൾക്ക് മാത്രമായി ഇക്കാര്യത്തിൽ തീരുമാനം എടുക്കാനാകില്ലെന്ന നിലപാടിലാണ് എസ്എൽബിസി. ഇതോടെ വായ്പ പുനക്രമീകരിച്ച കർഷകർ ജപ്തി ഭീഷണിയിലാകും. വായ്പ പുന:ക്രമീകരിക്കുന്നതും മൊറട്ടോറിയം നീട്ടുന്നതിനുമുള്ള ആർബിഐയുടെ തീരുമാനം ഇന്ന് രാത്രിയോട് കൂടി വന്നില്ലെങ്കിൽ ജപ്തി നടപടികളുമായി സഹകരിക്കേണ്ടതില്ലെന്നാണ് സർക്കാർ നിലപാട്. മൊറട്ടോറിയം പ്രഖ്യാപിച്ച കാലയളവിലെ പലിശ ഇളവ് ചെയ്തു കൊടുക്കുന്നത് സംബന്ധിച്ച് ബാങ്കുകളുമായി വീണ്ടും ചർച്ച നടത്തുമെന്നും മന്ത്രി അറിയിച്ചു.