തിരുവനന്തപുരം : സംസ്ഥാനത്ത് കാലവര്‍ഷം രണ്ട് ദിവസത്തിനകം എത്തുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. തിങ്കളാഴ്ചയോടെ കാലവര്‍ഷം സജീവമാകുമെന്നാണ് നിലവിലെ വിലയിരുത്തല്‍. ഇന്ന് (27.05.22) കാലവര്‍ഷമെത്തുമെന്നായിരുന്നു നേരത്തെയുള്ള കണക്കുകൂട്ടല്‍. ഇതിനാണ് മാറ്റം വന്നിരിക്കുന്നത്.
നിലവില്‍ തെക്കുപടിഞ്ഞാറന്‍ അറബിക്കടല്‍, തെക്കുകിഴക്കന്‍ അറബിക്കടലിലെ മേഖലകള്‍, മാലി ദ്വീപ് മേഖല, തെക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍ എന്നീ പ്രദേശങ്ങളിലേക്ക് കാലവര്‍ഷം വ്യാപിച്ചിട്ടുണ്ട്. അടുത്ത 48 മണിക്കൂറില്‍ തെക്കന്‍ അറബിക്കടല്‍, മാലിദ്വീപ്, ലക്ഷദ്വീപ് മേഖലകളില്‍ എത്തിച്ചേരും. കാറ്റ് അനുകൂലമായാല്‍ ഉടന്‍ കാലവര്‍ഷം കേരളത്തിന്റെ കരതൊടും. കാലവര്‍ഷത്തിന് മുന്നോടിയായി ഇന്ന് (വെള്ളി) സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്‌ക്ക് സാധ്യതയുണ്ട്.