തിരുവനന്തപുരം : മൃഗശാല ജീവനക്കാരുടെ കണ്ണുവെട്ടിച്ച് കൂട്ടില്‍ നിന്ന് പുറത്ത് ചാടിയ ഹനുമാൻ കുരങ്ങിനെ തുടർച്ചയായ രണ്ടാം ദിവസവും കൂട്ടിൽ കയറ്റാനായില്ല. കുരങ്ങ് കാട്ടുപോത്തിന്‍റെ കൂടിന് സമീപത്തെ കൂറ്റൻ മരത്തിന് മുകളിൽ തന്നെ തമ്പടിച്ചിരിക്കുകയാണ്. കുരങ്ങിനെ കൂട്ടിൽ കയറ്റാൻ പഠിച്ച പണി പതിനെട്ടും പയറ്റുകയാണ് ജീവനക്കാർ.
കുരങ്ങ് തമ്പടിച്ച മരത്തിന്‍റെ ചുവട്ടിൽ ഇഷ്‌ടപ്പെട്ട ഭക്ഷണങ്ങളും വെള്ളവും വച്ചെങ്കിലും അതെടുക്കാൻ കൂട്ടാക്കിയിട്ടില്ല. ഇണയായ ആൺ ഹനുമാൻ കുരങ്ങിനെ കൂടോടെ ഈ മരത്തിന് ചുവട്ടിൽ എത്തിച്ചിട്ടും കുരങ്ങൻ താഴേക്ക് വരാൻ കൂട്ടാക്കുന്നില്ലെന്നാണ് അധികൃതർ നൽകുന്ന വിവരം. നിലവിൽ കുരങ്ങിനെ ശല്യം ചെയ്യാതെയും പ്രകോപിപ്പിക്കാതിരിക്കാനുമുള്ള ശ്രമത്തിലാണ് ജീവനക്കാർ.
വളരെ സെൻസിറ്റീവായ മൃഗമായതിനാൽ ബഹളം കേട്ട് ഭയന്ന് കുരങ്ങ് മൃഗശാല പരിസരം വിട്ട് പോകാനുള്ള സാധ്യതയും അധികൃതർ തള്ളിക്കളയുന്നില്ല. അതുകൊണ്ട് കുരങ്ങിനെ പരമാവധി ശല്യം ചെയ്യാതിരിക്കാനുള്ള ശ്രമത്തിലാണ് അധികൃതർ. കുരങ്ങിന്‍റെ ഓരോ ചലനങ്ങളും നിരീക്ഷിക്കാൻ പ്രത്യേകം ജീവനക്കാരെയും നിയോഗിച്ചിട്ടുണ്ട്.
ചൊവ്വാഴ്‌ച (ജൂണ്‍ 13) വൈകിട്ട് നാല് മണിയോടെയാണ് തിരുപ്പതി ശ്രീ വെങ്കടേശ്വര സുവോളജിക്കൽ പാർക്കിൽ നിന്ന് എത്തിച്ച ഹനുമാൻ കുരങ്ങ് ചാടിപ്പോയത്. ട്രയൽ റൺ നടത്തുന്നതിനിടെ കുരങ്ങ് കൂട് വിട്ട് പുറത്ത് ചാടുകയായിരുന്നു. 3-4 വയസ് പ്രായമുള്ള പെൺ ഹനുമാൻ കുരങ്ങാണ് ഇത്. നന്ദൻകോഡ് പരിസരത്ത് ആയിരുന്നു കുരങ്ങിന്‍റെ സാന്നിധ്യം പിന്നീട് മനസിലാക്കിയത്. ഈ പ്രദേശം കേന്ദ്രീകരിച്ച് ജീവനക്കാർ ബൈനോക്കുലർ ഉപയോഗിച്ച് നിരീക്ഷണം നടത്തി വരുന്നതിനിടെയാണ് മൃഗശാലയ്ക്കുള്ളിലെ മരത്തിൽ ജീവനക്കാർ കുരങ്ങിനെ കണ്ടെത്തിയത്.