തിരുവനന്തപുരം: മൃഗസംരക്ഷണ വകുപ്പിന്‍റെ പാറശ്ശാലയിലെ ചെക്ക് പോസ്റ്റില്‍ നിന്നും പിടിച്ചെടുത്ത ഇറച്ചിക്കോഴി സാമ്പിള്‍ പരിശോധനക്കായി എടുത്തതാണെന്ന് മൃഗസംരക്ഷണ വകുപ്പ്. ജീവനക്കാര്‍ക്കെതിരെ വകുപ്പുതല നടപടിക്ക് ശിപാശ ചെയ്യുമെന്ന് വിജിലന്‍സും അറിയിച്ചു. ഇന്നലെയാണ് പാറശ്ശാല ചെക്ക് പോസ്റ്റില്‍ നിന്നും കണക്കില്‍ പെടാത്ത പണവും പ്രതിഫലമായി വാങ്ങിയ ഇറച്ചിക്കോഴിയും വിജിലന്‍സ് പിടികൂടിയത്.
കൂടാതെ പരിശോധനക്ക് ചുമതലയുള്ള ഡോക്‌ടറുടെ വാഹനത്തില്‍ ഇറച്ചിക്കോഴി കൊണ്ടുപോകാനുള്ള പ്രത്യേക ബോക്‌സും വിജിലന്‍സ് കണ്ടെത്തിയിരുന്നു. എന്നാല്‍ ഇറച്ചിക്കോഴി സാംപിള്‍ പരിശോധനക്കായി എടുത്തതാണ് എന്നാണ് മൃഗസംരക്ഷണ വകുപ്പ് പറയുന്നത്. ചെക്ക് പോസ്റ്റില്‍ പരിശോധന കൂടാതെ ഇറച്ചിയ്‌ക്കായി കൊണ്ടുവരുന്ന മൃഗങ്ങളെയും കോഴികളെയും മൃഗസംരക്ഷണ വകുപ്പിലെ ഉദ്യോഗസ്ഥര്‍ കടത്തിവിടുന്നു എന്ന വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ഇന്നലെ പുലര്‍ച്ചെയായിരുന്നു മിന്നല്‍ പരിശോധന.
മൂന്ന് മണിയോടെ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ ചെക്ക് പോസ്റ്റിലെ ഓഫിസില്‍ എത്തിയപ്പോള്‍ ഡ്യൂട്ടിലുണ്ടായിരുന്നത് മെഡിക്കല്‍ ഓഫിസര്‍ ഡോ. ശോഭചന്ദ്രയും രണ്ട് ജീവനക്കാരും. വിജിലന്‍സ് സംഘം ഡോക്‌ടറുടെ ബാഗില്‍ നിന്നും മേശക്കുള്ളില്‍ നിന്നുമായി കണക്കില്‍ പെടാത്ത 5,300 രൂപ കണ്ടെത്തിയെന്നും 12 മണിക്ക് ഡോക്‌ടര്‍ രജിസ്റ്ററില്‍ രേഖപ്പെടുത്തിയിരുന്നത് കൈവശം 520 രൂപയുണ്ടെന്നായിരുന്നു എന്നും വിജിലന്‍സ് അറിയിച്ചു.
നോട്ടുകള്‍ ചുരുട്ടിക്കൂട്ടിയ നിലയിലായിരുന്നു. കൂടാതെ ഓഫിസിനുള്ളിലെ ഒരു ബോക്‌സില്‍ രണ്ടു കോഴികളും ഉണ്ടായിരുന്നു. പരിശോധന കൂടാതെ കടത്തിവിട്ട വണ്ടിയില്‍ നിന്നും ജീവനക്കാര്‍ക്ക് കോഴിയും പ്രതിഫലമായി ലഭിക്കാറുണ്ടെന്ന് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഡോക്‌ടറുടെ കാറില്‍ കോഴിയെ കൊണ്ടു പോകുന്നതിനായുള്ള ഒരു ബോക്‌സും കണ്ടെത്തി.
ജീവനക്കാര്‍ക്കെതിരെ വകുപ്പുതല നടപടിക്ക് ശുപാശ ചെയ്യുമെന്ന് വിജിലന്‍സ് എസ്‌പി പറഞ്ഞു. അതേ സമയം സാംപിള്‍ പരിശോധനാക്കായി എടുത്തതാണ് ഇറച്ചിക്കോഴിയെന്ന മൃഗസംരക്ഷണ വകുപ്പ് വിശദീകരണം വിജിലന്‍സ് തള്ളിയിരുന്നു. സാംപിള്‍ പരിശോധനക്കായി രക്തം മാത്രം മതിയെന്നും നിരവധി ലോഡുകള്‍ കടന്നുപോയപ്പോള്‍ രണ്ട് ഇറച്ചിക്കോഴികളാണ് ബോക്‌സില്‍ നിന്നും കണ്ടെത്തിയതെന്നും വിജിലന്‍സ് പറഞ്ഞു.