തിരുവനന്തപുരം: പ്രതിപക്ഷ പ്രതിഷേധങ്ങളെ തുടർന്ന് സഭ നടപടികൾ പൂർത്തിയാക്കി നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. കെ.കെ രമയെ അവഹേളിച്ച എം.എം മണി മാപ്പ് പറഞ്ഞ് പരാമർശം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിപക്ഷം നിയമസഭയിൽ ശക്തമായ പ്രതിഷേധം നടത്തിയത്. കൊന്നിട്ടും തീരാത്ത പകയുമായി ടി.പി ചന്ദ്രശേഖരന്‍റെ വിധവയെ വീണ്ടും എം.എം മണി അവഹേളിച്ചതായും ക്രൂരമായ പരാമർശത്തെ മുഖ്യമന്ത്രി ന്യായീകരിച്ചതായും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആരോപിച്ചു.
ടി.പി കൊല്ലപ്പെട്ടത് പാർട്ടി കോടതിയുടെ വിധി പ്രകാരമെന്ന് വിഡി സതീശൻ: പ്രതിപക്ഷ പ്രതിഷേധത്തിൽ സഭ പിരിഞ്ഞു
കെ.കെ രമയെ അവഹേളിച്ച എം.എം മണി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിപക്ഷത്തിന്‍റെ പ്രതിഷേധം.
കെ.കെ രമ വിധവയായത് അവരുടെ വിധിയല്ല. പാർട്ടി കോടതിയുടെ വിധിയാണ്. ആ കോടതിയിലെ ജഡ്ജിയുടെ പേര് തന്നെക്കൊണ്ട് പറയിക്കരുതെന്നും വി.ഡി സതീശൻ പറഞ്ഞു. മാപ്പുപറഞ്ഞ് പരാമർശം പിൻവലിക്കാതെ സഭ നടപടികളുമായി സഹകരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
അതേസമയം, അൺപാർലമെന്‍ററി അല്ലാത്തതിനാൽ എം.എം മണിയുടെ പരാമർശം സഭ രേഖകളിൽ നിന്ന് നീക്കം ചെയ്യാൻ ആവില്ലെന്ന് സ്‌പീക്കർ ചൂണ്ടിക്കാട്ടി. പ്രത്യക്ഷത്തിൽ അൺപാർലമെൻ്ററി എന്ന് തോന്നുന്ന വാക്കുകളാണ് സഭാരേഖകളിൽ നിന്ന് നീക്കം ചെയ്യുക. ഇതോടെ പ്ലക്കാർഡുകളുമായി പ്രതിപക്ഷം സ്‌പീക്കറുടെ ചേംബറിന് മുന്നിൽ പ്രതിഷേധം ആരംഭിച്ചു. തുടർന്ന് സഭ നടപടികൾ പൂർത്തിയാക്കി സഭ പിരിയുകയായിരുന്നു.