തിരുവനന്തപുരം:വയനാട് എംപി രാഹുൽ ഗാന്ധിയുടെ ഓഫിസ് ആക്രമണം ആസൂത്രിതമെന്ന് യുഡിഎഫ് കൺവീനർ എം.എം.ഹസൻ. മുഖ്യമന്ത്രിയുടെ ആജ്ഞപ്രകാരം നടന്ന സംഭവമാണിത്. ജൂണ്‍ 21ന് എൽഡിഎഫ് കൺവീനർ കൽപ്പറ്റയിൽ പോയിരുന്നുവെന്നും തെളിവുകൾ തങ്ങളുടെ പക്കലുണ്ടെന്നും എം.എം.ഹസൻ പറഞ്ഞു.
സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങളിൽ നിന്ന് കലാപ അന്തരീക്ഷം ഉണ്ടാക്കി ശ്രദ്ധ തിരിക്കാനായിരുന്നു ശ്രമം. ബഫർസോൺ വിഷയത്തിൽ സംസ്ഥാന സർക്കാർ റിവ്യൂ പെറ്റീഷൻ നൽകുകയാണ് വേണ്ടത്. രാഹുൽ ഗാന്ധിയുടെ ഓഫിസ് ആക്രമിച്ച സംഭവത്തിൻ്റെ ഗൂഢാലോചനയിൽ എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജന് പങ്കുണ്ട്.
അക്രമത്തെ ഇ.പി.ജയരാജൻ അപലപിച്ചത് ഡ്രാമയാണ്. മുഖ്യമന്ത്രിയുടെ ആജ്ഞ എൽഡിഎഫ് കൺവീനർ നടപ്പാക്കി. എസ്.എഫ്.ഐക്കാർക്ക് എതിരെ വധശ്രമത്തിന് കേസെടുക്കണം. ബി.ജെ.പിയെ പ്രീതിപ്പെടുത്താൻ എസ്.എഫ്.ഐയെ ഇളക്കിവിട്ടു. മുഖ്യമന്ത്രി അപലപിച്ചിട്ട് കാര്യമില്ല. ആക്രമണം നടത്തിയ എസ്.എഫ്.ഐക്കാർക്ക് എതിരായ നടപടി സി.പി.എം ആലോചിച്ചു കൊണ്ടേയിരിക്കുകയാണെന്നും എം.എം.ഹസൻ പരിഹസിച്ചു.