തിരുവനന്തപുരം: ഐ.എ.എസ് ഉദ്യോഗസ്ഥർക്ക് അപമാനമുണ്ടാക്കിയ ശ്രീറാം വെങ്കിട്ടരാമൻ രാജിവച്ച് കുറ്റം ഏറ്റെടുക്കാനുള്ള ധാർമികത കാണിക്കണമെന്ന് മന്ത്രി ഇ.പി.ജയരാജൻ. നീതി ബോധം കാട്ടേണ്ട ഐഎഎസ് ഓഫീസർ അതു കാട്ടിയില്ലെന്ന് മന്ത്രി എം എം മണി. കെ.എം ബഷീർ അനുസ്‌മരണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു മന്ത്രിമാർ.
ശ്രീറാമിനെതിരെ രൂക്ഷ വിമർശനവുമായി മന്ത്രിമാർ
തിരുവനന്തപുരം പ്രസ് ക്ലബും കെയുഡബ്ല്യൂജെയും സംയുക്തമായി സംഘടിപ്പിച്ച കെ.എം ബഷീർ അനുസ്‌മരണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു മന്ത്രിമാർ
തിരുവനന്തപുരം പ്രസ് ക്ലബും കെയുഡബ്ല്യൂജെയും സംയുക്തമായാണ് കെ.എം ബഷീർ അനുസ്‌മരണം സംഘടിപ്പിച്ചത്. മദ്യപിച്ച് വാഹനമോടിച്ച് അപകടത്തിന് കാരണക്കാരനായ ശ്രീറാം വെങ്കിട്ടരാമൻ ഐഎഎസിനെതിരെ രൂക്ഷമായ വിമർശനമാണ് അനുസ്‌മരണ ചടങ്ങിൽ മന്ത്രിമാർ ഉന്നയിച്ചത്. ഒരു കുറ്റവാളിയെയും രക്ഷിക്കാൻ സർക്കാർ ഉണ്ടാകില്ലെന്നും രക്ഷപ്പെടുത്താൻ വഴിവിട്ട് ശ്രമിച്ചവരെയും സർക്കാർ സംരക്ഷിക്കില്ലെന്നും വ്യവസായ മന്ത്രി ഇ.പി ജയരാജൻ പറഞ്ഞു. ഐ.എ.എസ് ഉദ്യോഗസ്ഥർക്ക് ഇത്രമാത്രം അപമാനമുണ്ടാക്കിയ ശ്രീറാം സ്വയം രാജിവച്ച് കുറ്റം ഏറ്റെടുക്കാനുള്ള ധാർമികത കാണിക്കണം. കേരള സമൂഹത്തിനു തന്നെ അപമാനമാണ് ഈ ഐ.എ.എസ് ഉദ്യോഗസ്ഥനെന്നും ഇ.പി ജയരാജൻ പറഞ്ഞു.
നീതി ബോധം കാട്ടേണ്ട ഐഎഎസ് ഓഫീസർ അതു കാട്ടാതെ കൂടെയുള്ള വനിതയെ പ്രതിയാക്കാൻ ശ്രമിച്ചതായി വൈദ്യുതിമന്ത്രി എം എം മണി പറഞ്ഞു. കേസ് അട്ടിമറിക്കുന്നതിനു പിന്നിൽ പ്രബല ശക്തികളാണ്. മാധ്യമങ്ങളും ബഹുജനങ്ങളും ജാഗ്രത കാട്ടണം. ബഷീറിന്‍റെ കുടുംബത്തെ സംരക്ഷിക്കണമെന്നും മണി ആവശ്യപ്പെട്ടു.
സർക്കാരിനെ സംബന്ധിച്ചിടത്തോളം കുറ്റവാളി എത്ര ഉന്നതനായാലും സംരക്ഷിക്കില്ലെന്ന് റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരൻ ആവർത്തിച്ചു.
ബഷീറിന്‍റെ മരണത്തെ കുറിച്ചുള്ള അന്വേഷണത്തിൽ കുറ്റകരമായ അനാസ്ഥയാണ് ഉണ്ടായതെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപള്ളി രാമചന്ദ്രൻ ആരോപിച്ചു. ഇത് അംഗീകരിക്കാനാകില്ല. ഉന്നതങ്ങളിൽ പിടിയുണ്ടെങ്കിൽ എന്തുമാകാമെന്ന സ്ഥിതിയാണ്. മുഖ്യമന്ത്രി നൽകിയ ഉറപ്പു പാലിക്കണം. മാതൃകാപരമായ ശിക്ഷ നൽകണം. സ്വകാര്യതയിലേക്ക് കടന്നു കയറുന്നില്ല എന്നാൽ ഐഎഎസ് ഐപിഎസ് ഉദ്യോഗസ്ഥരുടെ രാത്രി ജീവിതവും സർക്കാർ പരിശോധിക്കണം. പ്രലോഭനങ്ങൾക്കും സ്വാധീനങ്ങൾക്കും വഴങ്ങുന്ന ഉദ്യോഗസ്ഥർ ശാപമാണെന്നും മുല്ലപള്ളി പറഞ്ഞു.
സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ, കെടിഡിസി ചെയർമാൻ എം വിജയകുമാർ തുടങ്ങി രാഷ്ട്രീയ സാമൂഹ്യ മാധ്യമ രംഗത്തെ നിരവധി പ്രമുഖർ അനുസ്‌മരണ യോഗത്തിൽ പങ്കെടുത്തു.