തിരുവനന്തപുരം: അപകട മരണങ്ങള്‍ തുടരുന്ന മുതലപ്പൊഴിയില്‍ അടിയന്തരമായി ചെയ്യേണ്ട കാര്യങ്ങളെ കുറിച്ച് തീരുമാനമെടുക്കാന്‍ വി ശിവന്‍കുട്ടിയുടെ അധ്യക്ഷതയില്‍ ചേരുന്ന മന്ത്രിതല സമിതി യോഗം ആരംഭിച്ചു. രാവിലെ ഒന്‍പതരയോടെയാണ് യോഗം ആരംഭിച്ചത്. ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്‍, മന്ത്രിമാരായ വി ശിവന്‍കുട്ടി, ആന്‍റണി രാജു, ജിആര്‍ അനില്‍ എന്നിവരാണ് യോഗം ചേരുന്നത്.
ഹാര്‍ബര്‍ നിര്‍മാണത്തിലെ അപാകതകളെ കുറിച്ച് നിരവധി പരാതികള്‍ ഉയർന്നിരിന്നു. ഇതോടെ ഹാര്‍ബര്‍ നിര്‍മാണത്തില്‍ അശാസ്ത്രീയതയുണ്ടോയെന്ന് പഠിക്കാന്‍ നിയമിച്ച കേന്ദ്ര ഏജന്‍സിയായ പൂണെയിലെ സിഡബ്ലിയുപിആറിന്‍റെ പഠന റിപ്പോര്‍ട്ട് യോഗത്തിൽ ചര്‍ച്ചയാവും. അതോടൊപ്പം ഈയിടെ മുതലപ്പൊഴിയില്‍ അപകടത്തില്‍ മരിച്ച നാല് മത്സ്യത്തൊഴിലാളികളുടെ കുടുംബത്തിന് അടിയന്തര സഹായം നല്‍കുന്നതും പരിഗണിയിലുണ്ട്.
ചര്‍ച്ചകള്‍ക്ക് ശേഷം മന്ത്രിതല സംഘം ഇന്ന് തന്നെ മുഖ്യമന്ത്രിയെ കാണും. ഇതിന് ശേഷമായിരിക്കും പ്രഖ്യാപനമുണ്ടാവുക. മുതലപ്പൊഴിയില്‍ തുടരുന്ന അപകടം സംബന്ധിച്ച് പ്രതിപക്ഷ സമരം ശക്തമാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിന് പുറമെ ലത്തീന്‍ സഭയും സര്‍ക്കാരിനെതിരെ പ്രതിഷേധത്തിലാണ്. ഈ സാഹചര്യം കൂടിയുള്ളതിനാലാണ് സര്‍ക്കാറിന്‍റെ അടിയന്തര ഇടപെടല്‍.
അപാകതകൾ വിലയിരുത്താൻ വിദഗ്‌ദർ ഇന്നെത്തും ; മുതലപ്പൊഴി ഹാര്‍ബര്‍ പരിശോധിക്കാന്‍ കേന്ദ്രം സംഘവും ഇന്ന് കേരളത്തിലെത്തും. കേന്ദ്ര ഫിഷറീസ് ഡെവലപ്‌മെന്‍റ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘം വൈകിട്ടാണ് എത്തുക. ഫിഷറീസ് അസിസ്റ്റന്‍റ് കമ്മീഷണര്‍, സിഐസിഇഎഫ് ഡയറക്‌ടര്‍ എന്നിവരും കേന്ദ്രമന്ത്രി വി മുരളീധരനുമാണ് സ്ഥലം സന്ദര്‍ശിക്കുക. മുതലപ്പൊഴിയില്‍ സര്‍ക്കാരിന് ചെയ്യാനാകുന്നതെല്ലാം ചെയ്‌തു കഴിഞ്ഞെന്നും കൂടുതല്‍ ചര്‍ച്ചകള്‍ക്കായി മന്ത്രിമാരുടെ യോഗം ചേരുമെന്നും മന്ത്രി സജി ചെറിയാന്‍ കഴിഞ്ഞ ദിവസം മുതലപ്പൊഴി സന്ദര്‍ശിച്ചപ്പോള്‍ അറിയിച്ചിരുന്നു.
മുതലപ്പൊഴി.. മരണപ്പൊഴി ;കഴിഞ്ഞ ജൂലൈ 10 തിങ്കളാഴ്‌ചയാണ് തിരുവനന്തപുരം മുതലപ്പൊഴിയില്‍ മത്സ്യബന്ധന വള്ളം മറിഞ്ഞ് നാല് മത്സ്യ തൊഴിലാളികൾ മരണപ്പെട്ടത്. പുതുക്കുറിച്ചി സ്വദേശികളായ കുഞ്ഞുമോൻ, സുരേഷ് ഫെർണാണ്ടസ്, ബിജു ആന്‍റണി, റോബിൻ എഡ്‍വിൻ എന്നിവർക്കാണ് അപകടത്തിൽ ജീവൻ നഷ്‌ടമായത്. തിങ്കളാഴ്‌ച പുലര്‍ച്ചെ നാല് മണിയോടെയാണ് മത്സ്യബന്ധനത്തിനായി പോയ വള്ളം ശക്തമായ തിരയിൽപെട്ട് മറിഞ്ഞത്. യാത്ര തിരിച്ച് മിനിറ്റുകള്‍ക്കകം ബോട്ട് മറിയുകയായിരുന്നു. ബോട്ട് മറിഞ്ഞതിന് പിന്നാലെ എത്തിയ മറ്റൊരു മത്സ്യബന്ധന വള്ളത്തിലുണ്ടായിരുന്നവരാണ് കുഞ്ഞുമോനെ കരക്കെത്തിച്ചത്. അപകടം നടന്ന് പെട്ടെന്ന് തന്നെ കുഞ്ഞുമോനെ കണ്ടെത്തിയിരുന്നെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞിരുന്നില്ല.
പിന്നീട് കോസ്റ്റ്‌ഗോര്‍ഡിനൊപ്പം നാട്ടുകാരായ മത്സ്യതൊഴിലാളികളും നേവിയുടെ സ്‌കൂബ ടീമും സംയുക്തമായി നടത്തിയ തെരച്ചിലിലാണ് കാണാതായ മൂന്ന് പേരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. ഹാർബറിലെ പുലിമുട്ടിലെ കല്ലിനിടയിൽ കുടുങ്ങിയ നിലയിലായരുന്നു സുരേഷിന്‍റെയും ബിജുവിന്‍റെയും മൃതദേഹം കണ്ടെത്തിയത്. ഹാർബറിന് സമീപത്ത് നിന്നാണ് റോബിന്‍റെ മൃതദേഹം ലഭിച്ചത്.
മന്ത്രിമാരെ തടഞ്ഞ് പ്രതിഷേധം: മുതലപ്പൊഴിയില്‍ മത്സ്യബന്ധന വള്ളം മറിഞ്ഞ് കാണാതായവർക്കായി തെരച്ചില്‍ പുരോഗമിക്കുന്നതിനിടെ സ്ഥലത്തെത്തിയ മന്ത്രിമാർക്കെതിരെ നാട്ടുകാർ പ്രതിഷേധിച്ചിരുന്നു. മന്ത്രിമാരായ വി ശിവൻകുട്ടി, ആന്‍റണി രാജു, ജിആർ അനില്‍ എന്നിവരെയാണ് പ്രദേശവാസികൾ തടഞ്ഞത്.