തിരുവനന്തപുരം:പുതിയതായി സഹകരണ മന്ത്രാലയം രൂപീകരിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തി സഹകരണ മന്ത്രി വി.എന്‍ വാസവന്‍. സഹകരണം സംസ്ഥാന ലിസ്റ്റിലുള്ള വിഷയമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മന്ത്രാലയ രൂപീകരണം കേന്ദ്ര-സംസ്ഥാന ബന്ധങ്ങളിലുള്ള കടന്നു കയറ്റമാണെന്നും വിഷയത്തില്‍ സര്‍വ കക്ഷിയോഗം വിളിക്കുമെന്നും മന്ത്രി പറഞ്ഞു. ഇതിന് പിന്നില്‍ ആസൂത്രിത ശ്രമം ഉണ്ടോയെന്നു സംശയിക്കണമെന്നും ഇക്കാര്യത്തില്‍ പ്രതിപക്ഷവുമായി യോജിച്ച് നീങ്ങുമെന്നും വാസവന്‍ കൂട്ടിച്ചേർത്തു.
രണ്ടാം മോദി സർക്കാരിന്‍റെ ആദ്യ മന്ത്രിസഭ പുനഃസംഘടനയ്‌ക്ക് മുന്നോടിയായി ആയിരുന്നു സഹകരണ മന്ത്രാലയം രൂപീകരിച്ചത്. സഹകരണ മേഖലയെ കൂടുതൽ ശക്തിപ്പെടുത്താനാണ് മന്ത്രാലയം രൂപീകരിച്ചത് എന്നായിരുന്നു കേന്ദ്ര സർക്കാർ വൃത്തങ്ങൾ നൽകിയിരുന്ന വിശദീകരണം.
രാജ്യത്തെ സഹകരണ മേഖലയ്ക്കായി നിയമപരവും, ഭരണപരവുമായ നയരൂപീകരണമാണ് മന്ത്രാലയ രൂപീകരണത്തിലൂടെ കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും പുതിയ മന്ത്രാലയത്തിലൂടെ സഹകരണ മേഖലയ്ക്ക് സാധാരണ ജനങ്ങളിലേക്ക് കൂടുതല്‍ അടുത്ത് നില്‍ക്കാൻ സഹായിക്കുന്ന മാറ്റങ്ങളുണ്ടാകുമെന്നും സര്‍ക്കാര്‍ പറഞ്ഞിരുന്നു.
കൂടുതൽ വായനയ്ക്ക്:സഹകരണ മേഖലയ്ക്ക് മന്ത്രാലയം രൂപീകരിച്ച് മോദി സര്‍ക്കാര്‍