തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷയിൽ വിജയിച്ച മുഴുവൻ വിദ്യാർഥികൾക്കും തുടർപഠനത്തിന് അവസരമൊരുക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി. അക്കാദമിക് സമൂഹത്തിൽ നിന്നുള്ള വലിയ പിന്തുണയാണ് പരീക്ഷ ഫലത്തിൽ പ്രതിഫലിച്ചിരിക്കുന്നത്. തമ്പാനൂർ യുപി സ്‌കൂളിലെ വിദ്യാർഥികൾക്കുള്ള പഠനോപകരണ വിതരണ ചടങ്ങ് ഉദ്ഘാടനം ചെയ്‌ത് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വിജയശതമാനത്തിൽ വലിയ വ്യത്യാസം ഉണ്ടായിട്ടില്ല. എന്നാൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർഥികളുടെ എണ്ണത്തിൽ കുറവുണ്ടായി. പക്ഷേ പരീക്ഷ ഫലം ദേശീയാടിസ്ഥാനത്തിൽ ശ്രദ്ധിക്കപ്പെട്ടു.
എസ്എസ്എൽസി പരീക്ഷയിൽ വിജയിച്ച മുഴുവൻ വിദ്യാർഥികൾക്കും തുടർപഠനത്തിന് അവസരമൊരുക്കു; മന്ത്രി വി.ശിവൻകുട്ടി ചില സ്‌കൂളുകൾ ഒരു വിദ്യർഥിയെ മാത്രം പരീക്ഷയ്ക്കയച്ച സംഭവമുണ്ടായി. ഈ സാഹചര്യം ഉണ്ടായതെന്തുകൊണ്ടാണെന്ന് അത്തരം സ്‌കൂളിലെ അധികാരികൾ മറുപടി പറയണം. പ്രതീക്ഷിച്ച വിജയം കൈവരിക്കാനാകാത്ത സ്‌കൂളുകളും അപ്രതീക്ഷിത പരാജയം ഉണ്ടായ സ്‌കൂളുകളും കാരണം പരിശോധിക്കാതെ മുന്നോട്ടു പോകാനാകില്ല. ഇത്തരം സ്‌കൂളുകൾ കുട്ടികളെ പരീക്ഷയ്ക്ക് തയ്യാറാക്കുന്നതിൽ വീഴ്‌ച സംഭവിച്ചിട്ടുണ്ടോയെന്ന് പിടിഎ പരിശോധിക്കണമെന്നും മന്ത്രി പറഞ്ഞു.
പരാജയങ്ങൾ ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണം. വിദ്യാഭ്യാസ ഉദ്യോഗസ്ഥന്മാർ ഇത്തരം സ്കൂളുകളുടെ എണ്ണമെടുത്ത് ആഴത്തിൽ പരിശോധിക്കണം. അക്കാദമിക് രംഗത്തിനാണ് ഈ വർഷം മുൻതൂക്കം നൽകുന്നത്. അതിനുള്ള തയ്യാറെടുപ്പിലാണ് പൊതുവിദ്യാഭ്യാസ രംഗമെന്നും മന്ത്രി ശിവൻകുട്ടി കൂട്ടിച്ചേർത്തു.