തിരുവനന്തപുരം:സംസ്ഥാനത്തെ സാക്ഷരത പ്രേരക്‌മാരെ തദ്ദേശ സ്വയം ഭരണ വകുപ്പിലേക്ക് പുനല്‍ നിര്‍ണയിക്കുന്നത് സംബന്ധിച്ച് പഠിക്കാന്‍ മൂന്നംഗ കമ്മറ്റിയെ നിയോഗിച്ചതായി വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. സേവന - വേതന വ്യവസ്ഥകള്‍ സംബന്ധിച്ച് ഭരണപരവും സാമ്പത്തികപരവുമായ കാര്യങ്ങള്‍ തീരുമാനിക്കുന്നതിനാണ് ഉദ്യോഗസ്ഥ കമ്മറ്റിയെ നിയോഗിച്ചിരിക്കുന്നത്. തദ്ദേശ സ്വയം ഭരണ അഡി. ചീഫ് സെക്രട്ടറി, ഓഫിസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി ധനകാര്യ റിസോഴ്‌സ് വകുപ്പ്, പൊതു വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി എന്നിവര്‍ ഉള്‍പ്പെട്ട മൂന്നംഗ കമ്മിറ്റിയാണ് വിഷയങ്ങള്‍ പരിശോധിക്കുന്നത്.
വേതന ഇനത്തിലുണ്ടാകുന്ന ബാധ്യത സംബന്ധിച്ചും സംഘം പരിശോധന നടത്തും. ഈ റിപ്പോര്‍ട്ട് സര്‍ക്കാരിലേക്ക് സമര്‍പ്പിക്കും. കമ്മറ്റിയുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാകും സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുകയെന്നും മന്ത്രി നിയമസഭയെ അറിയിച്ചു. പുതിയ തീരുമാനമുണ്ടാകുന്നത് വരെ നിലവിലെ സ്ഥിതി തുടരുമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് 1699 വിദ്യാകേന്ദ്രങ്ങളിലായി 1698 സാക്ഷരത പ്രേരക്‌മാരാണ് പ്രവര്‍ത്തിക്കുന്നത്. ആദ്യ ഘട്ടത്തില്‍ ഒരു വിഭാഗം പ്രേരക്‌മാര്‍ മാത്രമാണ് പ്രവര്‍ത്തിച്ചിരുന്നത്. 300 രൂപയായിരുന്നു ഓണറേറിയം നല്‍കിയിരുന്നത്. പിന്നീട് ഇവരെ മൂന്ന് വിഭാഗമായും പിന്നീട് നാലായും തരംതിരിച്ചു.
നോഡല്‍ പ്രേരക്, അസിസ്‌റ്റന്‍റ് പ്രേരക്, തുടര്‍വിദ്യ കേന്ദ്രം പ്രേരക്, അസിസ്റ്റന്‍റ് തുടര്‍ വിദ്യാകേന്ദ്രം പ്രേരക് എന്നീ വിഭാഗങ്ങളിലാണ് ഇവരെ ഉള്‍പ്പെടുത്തിയിട്ടുളളത്. നോഡല്‍ പ്രേരക് - 15,000 രൂപ, അസിസ്‌റ്റന്‍റ് പ്രേരക് - 12,000, തുടര്‍ വിദ്യാകേന്ദ്രം പ്രേരക് - 12,000, അസിസ്റ്റന്‍റ് തുടര്‍ വിദ്യാകേന്ദ്രം പ്രേരക് - 10,500 എന്നിങ്ങനെ വേതനവും നിശ്ചയിച്ചു. 2017 മാര്‍ച്ച് വരെ പ്രേരക്‌മാരുടെ ഓണറേറിയം ത്രിതല പഞ്ചായത്തുകളില്‍ നിന്ന് അനുവദിക്കുകയും ഈ തുക സാക്ഷരത മിഷന്‍ തിരികെ പഞ്ചായത്തുകള്‍ക്ക് അനുവദിക്കുകയുമായിരുന്നു ചെയ്‌തിരുന്നത്. എന്നാല്‍ 2019ല്‍ ഓണറേറിയം അനുവദിക്കുന്നതിന് ടാര്‍ഗറ്റ് നിശ്ചയിക്കുകയും ഓണറേറിയത്തിന്‍റെ 60% സംസ്ഥാന സര്‍ക്കാരും 40% സാക്ഷരത മിഷന്‍റെ തനത് ഫണ്ടില്‍ നിന്നും വഹിക്കുവാനും നിശ്ചയിക്കുകയായിരുന്നു.
also read:ആറുമാസമായി ശമ്പളമില്ല; സാക്ഷരത പ്രേരക് ജീവനൊടുക്കി, പ്രതിഷേധം ശക്തമാക്കി കെഎസ്‌പിഎ
പ്രേരക്‌മാരുടെ വേതനത്തില്‍ 2022 സെപ്‌റ്റംബര്‍ മുതലുണ്ടായിരുന്ന കുടിശിക അനുവദിച്ചിട്ടുണ്ട്. കുടിശിക കൊടുത്ത് തീര്‍ക്കുന്നതിന് 4.78 കോടി രൂപയാണ് അനുവദിച്ചത്. ഈ തുക ഉപയോഗിച്ച് 2022 ഡിസംബര്‍ മാസം വരെയുള്ള ഓണറേറിയം തുക പൂര്‍ണമായും വിതരണം ചെയ്യുകയും ജനുവരി മാസത്തെ വിതരണം ചെയ്യാനുള്ള നടപടികള്‍ സ്വീകരിച്ചു വരികയുമാണെന്നും മന്ത്രി പറഞ്ഞു. തദ്ദേശ വകുപ്പിലേക്ക് പുനര്‍ വിന്യസിക്കുക കുടിശിക അനുവദിക്കുക തുടങ്ങിയ കാര്യങ്ങള്‍ ഉന്നയിച്ച് സാക്ഷരത പ്രേരകുമാര്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ അനിശ്ചിതകാല സമരത്തിലാണ്.
also read:സാക്ഷരത പ്രേരക്‌മാര്‍ക്ക് ഓണറേറിയം അടിയന്തരമായി വിതരണം ചെയ്യണം; മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്‍റെ കത്ത്