തിരുവനന്തപുരം : മുതലപ്പൊഴിയിൽ ആശ്വാസ പാക്കേജ് പ്രഖ്യാപിച്ച് സർക്കാർ. കഴിഞ്ഞ ദിവസം അപകടത്തിൽ മരിച്ച നാലുപേരുടെയും കുടുംബങ്ങളുടെ സംരക്ഷണം ഏറ്റെടുക്കുമെന്നും അവരുടെ ഭാര്യമാർക്ക് സ്ഥിരവരുമാനത്തിനുള്ള സഹായം നൽകുമെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു. മുതലപ്പൊഴിയിൽ അപകടങ്ങള്‍ തുടരുന്ന പശ്ചാത്തലത്തിൽ ഇന്നത്തെ മന്ത്രിതല യോഗത്തിലാണ് തീരുമാനം.
മത്സ്യത്തൊഴിലാളികളുടെ കാര്യമാണ് സർക്കാരിന്‍റെ പ്രഥമ പരിഗണനയെന്നും ജില്ലയിലെ മൂന്ന് മന്ത്രിമാരുമായി റിപ്പോർട്ടുകൾ ചർച്ച ചെയ്‌തുവെന്നും മന്ത്രി അറിയിച്ചു. എന്നാൽ, മുതലപ്പൊഴിയിൽ വൈദികര്‍ക്കെതിരെ എടുത്ത കേസ് ചർച്ചയിൽ ഉൾപ്പെടുത്തിയിരുന്നില്ല. മരിച്ച മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ ഇൻഷുറൻസ് ലഭിക്കുകയും ബാധ്യത ഒഴിവാക്കുകയും ചെയ്യുമെന്ന് മന്ത്രി അറിയിച്ചു.
ഗതാഗതം സംബന്ധിച്ച് തൊഴിലാളികളുമായി അടിയന്തര യോഗം ചേരും. വെളിച്ചക്കുറവ് പരിഹരിക്കുന്നതിന് അത്യാധുനിക ലൈറ്റ്, 10 കോടി ചെലവിൽ മണ്ണ് നീക്കുന്നതിന് സ്ഥിരം സംവിധാനം, സാൻഡ് ബൈപ്പാസിംഗ് സംവിധാനം എന്നിവയ്‌ക്കായി ഉടൻ നടപടികൾ ആരംഭിക്കും. ലൈറ്റ് ബോയിംഗ് അടിയന്തരമായി സ്ഥാപിക്കുമെന്നും മന്ത്രി പ്രഖ്യാപിച്ചു.
അദാനി ഗ്രൂപ്പിന് വീഴ്‌ച സംഭവിച്ചു : മണ്ണ് നീക്കുന്നതിൽ അദാനി ഗ്രൂപ്പിന് വീഴ്‌ച പറ്റി. മണ്ണും കല്ലും നീക്കി ആഴം ഉറപ്പാക്കാൻ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. അദാനിയുമായുള്ള കരാർ 2024 വരെ നീളും. നാളെ 10 മണിക്ക് അദാനി ഗ്രൂപ്പുമായി നാല് മന്ത്രിമാരും ഉദ്യോഗസ്ഥരും ചർച്ച നടത്തുമെന്നും വീഴ്‌ച തുടർന്നാൽ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
കേന്ദ്ര സംഘത്തിന്‍റെ സന്ദർശനം ഔദ്യോഗികമായി അറിയിച്ചിട്ടില്ല. ഉദ്യോഗസ്ഥ തലത്തിൽ അറിയിച്ചിട്ടുണ്ട്. മുതലപ്പൊഴിയിലെ പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണാൻ കേന്ദ്രത്തിന്‍റെ സഹായം തേടുമെന്നും മന്ത്രി പറഞ്ഞു.