കേരളം

kerala

ETV Bharat / state

എംജി സർവകലാശാല വിസി നിയമനം: സാബു തോമസിന്‍റെ പേരൊഴിവാക്കി പുതിയ പാനൽ നൽകിയെന്ന് മന്ത്രി ബിന്ദു - വിസി

നിയമസഭ പാസാക്കിയ ബിൽ ഗവർണർ അംഗീകരിക്കുകയോ തിരിച്ചയക്കുകയോ ചെയ്യാത്തതിനാൽ നിലവില്‍ അനിശ്ചിതത്വം തുടരുകയാണെന്നും മന്ത്രി ആർ ബിന്ദു

minister r bindu on mgu VC Appointment  വിസി നിയമനം  എംജി സർവകലാശാല  സാബു തോമസ്  ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ  ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു  ആർ ബിന്ദു  വിസി നിയമനം  MGU VC Appointment  Sabu Thomas  MG University
എംജി സർവകലാശാല വിസി നിയമനം

By

Published : Jun 2, 2023, 6:08 PM IST

എംജി സർവകലാശാല വിസി നിയമനം

തിരുവനന്തപുരം : എംജി സർവകലാശാല വിസി നിയമനത്തിൽ സാബു തോമസിന്‍റെ പേര് ഒഴിവാക്കി പുതിയ പാനൽ ഗവർണർക്ക് നൽകിയിട്ടുണ്ടെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. സര്‍വകലാശാലകളിലെ സ്ഥിരം വിസി നിയമനത്തിൽ സർക്കാർ നിസഹായരാണ്. നിയമസഭ പാസാക്കിയ ബിൽ ഗവർണർ അംഗീകരിക്കുകയോ തിരിച്ചയക്കുകയോ ചെയ്യാത്തതിനാൽ നിലവില്‍ അനിശ്ചിതത്വം തുടരുന്ന സാഹചര്യമുണ്ടെന്നും മന്ത്രി പറഞ്ഞു.

എല്ലാ സര്‍വകലാശാലകളിലും വിസിമാരില്ലാത്ത സാഹചര്യമില്ല. എം.ജി സർവകലാശാല വിസിയുടെ ഒഴിവ് നികത്താനുള്ള ശ്രമം നടക്കുന്നുണ്ട്. ആദ്യം ഗവര്‍ണര്‍ക്ക് നല്‍കിയത് സാബു തോമസിന്‍റെ പേരായിരുന്നു. ഗവര്‍ണര്‍ മൂന്ന് സീനിയര്‍ പ്രൊഫസര്‍മാരുടെ പേരാണ് ചോദിച്ചത്. സര്‍ക്കാരിന് സാബു തോമസിനെ തന്നെ നിയമിക്കാനാണ് താത്‌പര്യമെന്ന് ഗവര്‍ണറെ അറിയിച്ചിരുന്നതാണ്.

ഇപ്പോൾ സാബു തോമസിന്‍റെ പേര് ഒഴിവാക്കി പുതിയ പട്ടിക സമർപ്പിച്ചിട്ടുണ്ട്. ഇതിൽ ഉടൻ തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷ. സര്‍വകലാശാലകളിലെ സ്ഥിരം വിസി നിയമനത്തിൽ സർക്കാർ നിസഹായരാണ്. നിയമസഭ പാസാക്കിയ ബില്ലില്‍ ഗവര്‍ണര്‍ ഒപ്പുവച്ചിട്ടില്ല. ഗവർണർ ബിൽ അംഗീകരിക്കുകയോ തിരിച്ചയക്കുകയോ ചെയ്യാത്തതിനാൽ നിലവില്‍ അനിശ്ചിതത്വം തുടരുകയാണെന്നും മന്ത്രി പറഞ്ഞു.

പാനൽ തള്ളി ഗവർണർ: സംസ്ഥാന സർക്കാർ നൽകിയ എംജി സർവകലാശാല വിസി അടക്കമുള്ളവരുടെ പട്ടിക ഗവർണർ തള്ളിയിരുന്നു. സാബു തോമസിനേയും മറ്റ് പ്രഫസർമാരേയും ഉൾപ്പെടുത്തി സർക്കാർ പാനൽ നൽകിയെങ്കിലും വിരമിച്ചവർ പാനലിൽ പാടില്ല എന്ന് കാട്ടിയാണ് ഗവർണർ അത് തള്ളിയത്.

ഉന്നത വിദ്യാഭ്യാസത്തിനായി കേരളത്തിലെ കാമ്പസുകളിൽ നിന്ന് വിദ്യാർഥികൾ പടിയിറങ്ങുന്നത് തുടരുന്ന സാഹചര്യത്തിൽ യൂണിവേഴ്‌സിറ്റി തലപ്പത്ത് ഉണ്ടാവുന്ന ഇത്തരം നടപടികൾ കേരളത്തിലെ ഉന്നത വിദ്യാഭ്യാസത്തെ ബാധിക്കാൻ ഇടയുണ്ട്. നിലവിൽ കേരള, കെടിയു, കാർഷിക, ഫിഷറീസ്, കലാമണ്ഡലം, നിയമം, മലയാളം, കുസാറ്റ് സർവകലാശാലകളിൽ സ്ഥിരം വൈസ് ചാൻസലർമാർ ഇല്ല.

ഇവയിൽ കുസാറ്റ് മലയാളം സർവകലാശാലകൾ ഒഴികെ മറ്റ് സർവകലാശാലകളിൽ വിസിമാർ സ്ഥാനമൊഴിഞ്ഞിട്ട് മാസങ്ങളായി. കണ്ണൂർ സർവകലാശാല വിസിയുടെ പുനർനിയമനം സംബന്ധിച്ച വാദം സുപ്രീം കോടതിയുടെ പരിഗണനയിലാണ്. കാലിക്കറ്റ് സംസ്‌കൃത ഓപ്പൺ ഡിജിറ്റൽ സർവകലാശാല വിസിമാർക്ക് സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ ഗവർണർ കാരണം കാണിക്കൽ നോട്ടിസ് നൽകിയിരിക്കുകയാണ്.

ഇതിന് പുറമെ വിവിധ ഗവൺമെൻ്റ് കോളജുകളിൽ പ്രിൻസിപ്പാൾമാർ ഇല്ലാതായിട്ടും വർഷങ്ങളായി. പലയിടത്തും സീനിയർ അധ്യാപകർക്കാണ് പ്രിൻസിപ്പാള്‍മാരുടെ ചുമതല. ഇത് വിദ്യാർഥികളുടെ പഠനത്തേയും ബാധിക്കുന്നുണ്ട്. യുവാക്കളും വിദ്യാർഥികളും ഉന്നത പഠനത്തിനായി കേരളം വിട്ടുപോകുന്നു എന്ന പഠനങ്ങൾ അടുത്തിടെ പുറത്തുവന്നിരുന്നു.

ഈ സാഹചര്യത്തിൽ വിദ്യാർഥികളെ പുതിയ പരിഷ്‌കാരങ്ങൾ മുന്നോട്ടുവച്ച് കാമ്പസിൽ നിലനിർത്താൻ പദ്ധതികൾ ആവിഷ്‌കരിക്കാതെ യൂണിവേഴ്‌സിറ്റിയുടെ മേൽഘടകങ്ങളിൽ നടക്കുന്ന ഇത്തരം അലംഭാവങ്ങൾ വിദ്യാഭ്യാസ മേഖലയെ സ്‌തംഭിപ്പിക്കുക മാത്രമേ ചെയ്യുകയുള്ളു എന്നതാണ് പ്രധാന വിമര്‍ശനം.

'സീറോ വേസ്റ്റ് കാമ്പസ്' :പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ചിന് സംസ്ഥാനത്തെ കാമ്പസുകളെ മാലിന്യമുക്തമായി പ്രഖ്യാപിക്കുമെന്നും മന്ത്രി ആര്‍ ബിന്ദു പറഞ്ഞു. അന്ന് തന്നെ ആയിരം വിദ്യാര്‍ഥികളെ സംഘടിപ്പിച്ച് മാലിന്യ നിര്‍മാര്‍ജന പരിപാടി നടത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ABOUT THE AUTHOR

...view details