തിരുവനന്തപുരം : ആശ്വാസകിരണം പദ്ധതി മുടങ്ങിയെന്ന പ്രചാരണം ദുരുദ്ദേശത്തോടെയാണെന്നും വസ്‌തുതകൾ അന്വേഷിക്കാതെ ഇത്തരം പ്രചാരണങ്ങൾക്ക് കൂട്ടുനിൽക്കുന്നത് ആരായാലും ദൗർഭാഗ്യകരമാണെന്നും സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു. ശാരീരിക - മാനസിക വെല്ലുവിളി നേരിടുന്നവരും പലവിധ രോഗങ്ങളാൽ കിടപ്പിലായവരും ദൈനംദിന കാര്യങ്ങൾക്ക് പരസഹായം വേണ്ടവരുമായ ആളുകള്‍ക്കുള്ളതാണ് ഈ പദ്ധതി. ഗുണഭോക്താക്കളുടെ എണ്ണത്തിലും അതുവഴി പദ്ധതിക്ക് വേണ്ട തുകയിലും വർധനയുണ്ടായിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
സെറിബ്രൽ പാൾസി ബാധിച്ചവർ, ശയ്യാവലംബർ, മാനസിക വെല്ലുവിളി നേരിടുന്നവര്‍, ഓട്ടിസം, നൂറുശതമാനം അന്ധത ബാധിച്ചവര്‍. ഇതിനുപുറമെ, പലവിധ രോഗങ്ങളാൽ കിടപ്പിലായവരും ദൈനംദിന കാര്യങ്ങൾക്ക് പരസഹായം വേണ്ടവരുമായ മുഴുവൻ പേരുടെയും പരിചാരകർ തുടങ്ങിയവര്‍ കൂടി ഉൾപ്പെടുന്ന വിധത്തിൽ പദ്ധതി വിപുലമാക്കപ്പെട്ടിട്ടുണ്ട്. ഇത് ഗുണഭോക്താക്കളുടെ എണ്ണത്തിലും അതുവഴി പദ്ധതിക്ക് വേണ്ട തുകയിലും വർധനയുണ്ടാക്കിയിട്ടുണ്ട്. പക്ഷേ, അപ്പോഴും സർക്കാരിന്‍റെ സാമ്പത്തികമായ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ടും പദ്ധതിക്കുവേണ്ട തുക ലഭ്യമാക്കി മുടങ്ങാതെ വിതരണംചെയ്യാൻ മന്ത്രിയെന്ന നിലയിൽ പ്രത്യേക ശ്രദ്ധ കൊടുത്തിട്ടുണ്ട്.
'പ്രതിമാസം അനുവദിക്കുന്നത് അറുന്നൂറ് രൂപ':നൂറ് ശതമാനം അന്ധത ബാധിച്ചവർ, പ്രായാധിക്യംകൊണ്ടും അർബുദം മുതലായ രോഗങ്ങളാലും കിടപ്പിലായവർ, ശാരീരിക-മാനസിക വെല്ലുവിളി നേരിടുന്നവർ, ബുദ്ധിമാന്ദ്യം, ഓട്ടിസം, സെറിബ്രൽ പാൾസി എന്നിവ ബാധിച്ചവർ, എന്നിങ്ങനെ ദിനചര്യയ്ക്കായി മറ്റുള്ളവരുടെ സഹായം വേണ്ടവർക്കും അവരുടെ സഹായികൾക്കും വേണ്ടി പ്രതിമാസം അറുന്നൂറ് രൂപ അനുവദിക്കുന്ന പദ്ധതിയാണ് ആശ്വാസകിരണം.