കേരളം

kerala

ETV Bharat / state

ആശ്വാസകിരണം വിതരണം ചെയ്യാൻ ഫലപ്രദമായി ഇടപെട്ടെന്ന് മന്ത്രി ആർ ബിന്ദു | ETV Bharat Impact

Ashwasa Kiranam Project : ആശ്വാസ കിരണം പദ്ധതി മുടങ്ങിയെന്ന ഇടിവി ഭാരത് വാർത്തയിൽ മന്ത്രിയുടെ പ്രതികരണം. ഫലപ്രദമായ ഇടപെടൽ നടത്തിയെന്നും 3-4 മാസം കൂടുമ്പോഴാണ് ഒരുമിച്ച് തുക അനുവദിക്കുന്നതെന്നും മന്ത്രി.

Ashwasa Kiranam Project  ആശ്വാസ കിരണം പദ്ധതി  R Bindu  ആർ ബിന്ദു
Minister R Bindu on Ashwasa Kiranam Project

By ETV Bharat Kerala Team

Published : Jan 8, 2024, 8:47 PM IST

മന്ത്രി ആർ ബിന്ദു ഇടിവി ഭാരതിനോട്

തിരുവനന്തപുരം: ആശ്വാസകിരണം പദ്ധതി ഫണ്ട് വിതരണം ചെയ്യാൻ ഫലപ്രദമായ ഇടപെടൽ നടത്തിയെന്ന് സാമൂഹ്യ നീതി വകുപ്പ് മന്ത്രി ആർ ബിന്ദു. ആശ്വാസ കിരണം പദ്ധതി കഴിഞ്ഞ വർഷം ജൂൺ മാസം മുതൽ മുടങ്ങിയെന്ന ഇടിവി ഭാരത് വാർത്തയിൽ പ്രതികരിക്കുകയായിരുന്നു മന്ത്രി(Intervened to Distribute Ashwasa Kiranam- Minister R Bindu to ETV Bharat). പ്ലാൻ ഫണ്ടിൽ നിന്ന് 3-4 മാസം കൂടുമ്പോഴാണ് ഒരുമിച്ച് തുക അനുവദിക്കുന്നത്. ഓരോ മാസവും നൽകാൻ കഴിയുന്ന തരത്തിലല്ല പ്ലാൻ ഫണ്ടിൽ പദ്ധതി വിഭാവന ചെയ്‌തിട്ടുള്ളതെന്നും മന്ത്രി ഇടിവി ഭാരതിനോട് പ്രതികരിച്ചു.

2016 ൽ കിടപ്പ് രോഗികളെ കൂടി പദ്ധതിയുടെ ഭാഗമായി ഉൾപ്പെടുത്തിയിരുന്നു. ഇതോടെ ആശ്വാസ കിരണം പദ്ധതിക്കായി പരാതി പ്രളയമാണ് ഉണ്ടായത്. പ്രായാധിക്യം കൊണ്ട് കിടപ്പ് രോഗികളായവരും ആശ്വാസ കിരണത്തിന്‍റെ അപേക്ഷകരായി. ഈ സാഹചര്യം പദ്ധതിയുടെ പ്രവർത്തനത്തെ വല്ലാതെ ബാധിച്ചിരുന്നു. ഗുണഭോക്താക്കളുdടെ ബാഹുല്യം പുതിയ അപേക്ഷകൾ സ്വീകരിക്കുന്നതിനെയും ബാധിച്ചിട്ടുണ്ട്.

അപേക്ഷകർ കൃത്യമായ രേഖകൾ ഹാജരാക്കാൻ നിർദേശം നൽകിയപ്പോൾ നിരവധി അപേക്ഷകർ പിൻവാങ്ങുന്നതായി കാണാൻ കഴിഞ്ഞു. ഇതോടെ പ്രവർത്തനം കുറേ കൂടി സുഗമമായി. ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം ആശ്വാസകിരണം വിതരണം ചെയ്യാൻ ഫലപ്രദമായ ഇടപെടൽ നടത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

കഴിഞ്ഞ വർഷം ഓഗസ്‌റ്റ് മാസത്തിന് ശേഷം ഇതു വരെ ആശ്വാസ കിരണം പദ്ധതിക്ക് സർക്കാർ പണം അനുവദിച്ചിട്ടില്ല. മാസം 600 രൂപയാണ് പദ്ധതിയിൽ നിന്ന് ഗുണഭോക്താകൾക്ക് ലഭിക്കേണ്ടത്. സാമ്പത്തികമായി വലിയ പ്രതിസന്ധി നേരിടുന്ന പല കുടുംബങ്ങൾക്കും കൈത്താങ്ങായ പദ്ധതിയിലേക്ക് 2018 ന് ശേഷം അപേക്ഷകൾ സ്വീകരിക്കുന്നില്ലെന്നാണ് പരാതി.

Also Read:'ആശ്വാസകിരണം' ഇല്ലാത്ത അഞ്ചാണ്ട്; പെന്‍ഷന്‍ കിട്ടാതെ പ്രതിസന്ധിയിലായി ഭിന്നശേഷിക്കാരെ പരിചരിക്കുന്നവര്‍

65000 ത്തിലധികം അപേക്ഷകളാണ് സാമൂഹ്യ സുരക്ഷ മിഷനിൽ ആശ്വാസ കിരണം പദ്ധതിയിൽ നിന്നുള്ള ആശ്വാസം കാത്തിരിക്കുന്നത്. 2023 ഓഗസ്‌റ്റില്‍ ഓണം കണക്കിലെടുത്ത് സർക്കാർ അനുവദിച്ച 15 കോടി രൂപയിന്മേലാണ് അവസാനമായി ഗുണഭോക്താക്കൾക്ക് പണം നൽകിയത്. സംസ്ഥാന സർക്കാർ നേരിടുന്ന രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലം കണക്കിലെടുത്ത് ഗുണഭോക്താക്കളുടെ പട്ടിക പരിഷ്‌കരിക്കാനുള്ള നീക്കവുമുണ്ടെന്നാണ് ലഭിക്കുന്ന വിവരം. തുക 1200 രൂപയായി ഉയർത്താനും ഇടയ്ക്ക് ആലോചനയുണ്ടായിരുന്നു. എന്നാൽ നിലവിലെ തുക തന്നെ മാസങ്ങളായി മുടങ്ങിയ സാഹചര്യത്തിൽ തുടർ നീക്കങ്ങൾ തത്കാലത്തേക്ക് അവസാനിപ്പിക്കുകയായിരുന്നു.

ABOUT THE AUTHOR

...view details