തിരുവനന്തപുരം:പൊതുമരാമത്ത് വകുപ്പിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ പ്രതിപക്ഷനേതാവ് വിഡി സതീശന്‍റെ വിമര്‍ശനങ്ങള്‍ക്ക് രൂക്ഷപ്രതികരണവുമായി വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. വായ്ത്താരിയും പി ആർ വർക്കും മാത്രം പോരെന്ന വിഡി സതീശന്‍റെ വിമർശനത്തിന്, ആർക്കാണ് വാക്കുകൾ വിട്ടു പോകുന്നതെന്ന് സമൂഹത്തിനറിയാം എന്നായിരുന്നു മറുപടി.
മന്ത്രി മുഹമ്മദ് റിയാസ് സംസാരിക്കുന്നു താൻ മാത്രം വിവരമുള്ളയാൾ, മഹാൻ മറ്റുള്ളവർ വിവരമില്ലാത്തവർ എന്ന നിലപാടിൽ മുഖ്യമന്ത്രിയെയും മറ്റു മന്ത്രിമാരെയും അധിക്ഷേപിക്കുകയാണ്. ഇതിൽ നിന്ന് അദ്ദേഹത്തിന് പിന്നോട്ട് പോകേണ്ടിവരുമെന്നും മന്ത്രി റിയാസ് പറഞ്ഞു. താൻ മാത്രമാണ് കേമൻ എന്ന് കരുതിയാൽ കേട്ടിരിക്കാൻ ആരെയും കിട്ടില്ല. സങ്കുചിത രാഷ്ട്രീയത്തിന്റെ ഭാഗമായി പ്രതിപക്ഷ നേതാവിന്റെ മനസിൽ രൂപപ്പെട്ട കുഴിയടയ്ക്കുകയാണ് ആദ്യം വേണ്ടത്.
അടിസ്ഥാനരഹിതമായ കാര്യങ്ങളാണ് വി ഡി സതീശൻ പൊതുമരാമത്ത് വകുപ്പിനെ പറ്റി പറഞ്ഞത്. ഏതു സർക്കാരിന്റെ നിയന്ത്രണത്തിലുള്ള ഗതാഗതവും ട്രാഫിക്കബിൾ ആയിരിക്കണം. പോരായ്‌മ ചൂണ്ടിക്കാട്ടി വിമർശിക്കുകയാണ് പ്രതിപക്ഷം ചെയ്യേണ്ടത്. മരണം നടന്ന വീട്ടിൽ പോയ അദ്ദേഹത്തിന് അത് ദേശീയപാത അതോറിറ്റിയുടെ കീഴിൽ വരുന്ന റോഡാണ് എന്ന് അറിയാം. കേന്ദ്രസർക്കാരിനെയോ ദേശീയപാത അതോറിറ്റിയെയോ വിമർശിക്കേണ്ട സ്ഥാനത്ത് എന്തിനാണ് സംസ്ഥാന പൊതുമരാമത്ത് വകുപ്പിനെ കൂട്ടിക്കെട്ടുന്നതെന്നും മന്ത്രി ചോദിച്ചു.
സംസ്ഥാനത്തെ റോഡുകൾ മിക്കതും നല്ലതാണ്. ചില റോഡുകളിലെ കുഴികൾ സംബന്ധിച്ച ഒറ്റപ്പെട്ട സംഭവങ്ങൾ പർവതീകരിക്കുകയാണ്. മഴക്കാലപൂർവ്വ ആറ്റുകുറ്റപ്പണികൾ എല്ലാത്തവണത്തെയും പോലെ ഇത്തവണയും നടന്നിട്ടുണ്ടെന്നും ടെൻഡർ വിളിക്കാൻ വൈകിയെന്ന് പറയുന്നത് വസ്‌തുത വിരുദ്ധമാണെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.
സംഘപരിവാര്‍ പരിപാടിയില്‍ കോഴിക്കോട് മേയര്‍ പങ്കെടുത്തതിനെയും മന്ത്രി തള്ളി. സംഘപരിവാറിനെതിരായ സിപിഎം നിലപാടിന് വിരുദ്ധമാണ് മേയറുടെ പ്രവൃത്തി. മേയർക്കെതിരായ നടപടി അടക്കമുള്ള വിഷയങ്ങൾ പിന്നീട് തീരുമാനിക്കും എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.