തിരുവനന്തപുരം:വിനോദ സഞ്ചാരികള്‍ കേരളത്തിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന അഭ്യര്‍ത്ഥനയുമായി ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കേരളത്തിന്‍റെ എല്ലാ ഗ്രാമങ്ങളില്‍ നിന്നും കൊവിഡ് വൈറസിനെ അകറ്റിനിര്‍ത്തുന്ന പ്രയത്‌നത്തില്‍ സര്‍ക്കാര്‍ ഇപ്പോള്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. ഇത് കേരളത്തിലേക്ക് സഞ്ചാരത്തിന് പറ്റിയ സമയമല്ലെന്ന് കടകംപള്ളി സുരേന്ദ്രന്‍ ഇടിവി ഭാരതിനു നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ വ്യക്തമാക്കി. കൊവിഡിന്‍റെ പേരില്‍ ഹോട്ടല്‍, റെസ്‌റ്റോറന്‍റ് ഉടമകള്‍ തെഴിലാളികള്‍ക്ക് ജോലിയോ വേതനമോ നിഷേധിക്കുന്ന സാഹചര്യം സര്‍ക്കാര്‍ അനുവദിക്കില്ല. കഴിഞ്ഞ നാല് വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ വളര്‍ച്ചയുടെ ഗുണഫലം ഈ മേഖലയിലെ എല്ലാ വ്യവസായികള്‍ക്കും ലഭിച്ചിട്ടുണ്ടെന്ന കാര്യം അവര്‍ മറക്കരുത് എന്നും മന്ത്രി പറഞ്ഞു.
വിനോദ സഞ്ചാരികള്‍ കേരളത്തിലേക്കുള്ള യാത്ര തൽക്കാലം ഒഴിവാക്കണമെന്ന് ടൂറിസം മന്ത്രി - thiruvanthapuram
കൊവിഡ് തടയുകയാണ് സര്‍ക്കാരിന്‍റെ പ്രഥമ പരിഗണനയെന്നും ഇത് സഞ്ചാരത്തിനു പറ്റിയ സമയമല്ലെന്നും മന്ത്രി പറഞ്ഞു
വിദേശ ടൂറിസ്റ്റുകള്‍ക്ക് ഹോട്ടലുകള്‍ മുറി നിഷേധിക്കുന്ന സാഹചര്യം അനുവദിക്കില്ല. ഏഴായിരത്തിലധികം വിദേശ വിനോദ സഞ്ചാരികള്‍ ഇപ്പോള്‍ കേരളത്തിലുള്ളതില്‍ ഒരാള്‍ക്ക് മാത്രാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. അവര്‍ രോഗവാഹകരുമല്ല. അവരോട് മോശമായി പെരുമാറരുത് . വിദേശ ടൂറിസ്റ്റുകള്‍ക്കു മുന്നില്‍ കെ.ടി.ഡി.സി ഹോട്ടലുകള്‍ എല്ലാ വാതിലുകളും മലര്‍ക്കെ തുറന്നിട്ടിരിക്കുകയാണ്. ടൂറിസം മേഖലയിലെ പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ ടൂറിസം രംഗത്തെ വ്യവസായികളുടെ യോഗം ഉടന്‍ ചേരും. കൊവിഡ് ടൂറിസം മേഖലയ്ക്കുണ്ടാക്കിയ ആഘാതം സംബന്ധിച്ച റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ സംസ്ഥാന ആസൂത്രണ ബോര്‍ഡിനോടും ടൂറിസം വകുപ്പിനോടും ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി കടകംപള്ളി പറഞ്ഞു.