തിരുവനന്തപുരം: വഴിമുടക്കികളായ ഉദ്യോഗസ്ഥരെ തിരുത്തുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. സംസ്ഥാനത്തെ ടൂറിസം വകുപ്പിൽ വഴിമുടക്കുന്നവരും വഴി നന്നായി തുറന്നുവിടുന്നവരുമുണ്ട്. വഴി തുറക്കുന്നവരെ പ്രോത്സാഹിപ്പിക്കുന്നതാണ് സർക്കാർ നയം. എന്നാല്‍ വഴിമുടക്കുന്നവരെ തിരുത്തി വഴി തുറക്കുന്നവരുടെ ചേരിയിലാക്കുമെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു.
സാങ്കേതികത പറഞ്ഞ് പദ്ധതികൾ മുടക്കുന്ന ഉദ്യോഗസ്ഥരെ സംബന്ധിച്ച് അൻവർ സാദത്ത് എം.എൽ.എ ഉന്നയിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. ആഭ്യന്തര-വിദേശ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന് സംസ്ഥാനത്ത് വിവിധ പദ്ധതികൾ നടപ്പിലാക്കി വരികയാണെന്ന് മന്ത്രി സഭയെ അറിയിച്ചു. തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ തലത്തിൽ ഡെസ്റ്റിനേഷൻ ചലഞ്ച് നടത്തുന്നുണ്ട്. തലശ്ശേരി, മുസിരിസ്, ആലപ്പുഴ, പൈതൃക പദ്ധതികൾ നടപ്പാക്കും. ട്രാവൻകൂർ പൈതൃക പദ്ധതിയുടെ ആദ്യഘട്ട നിർമാണ പ്രവർത്തനങ്ങൾ തുടങ്ങി.