തിരുവനന്തപുരം: ലഹരിയിൽ നിന്നുള്ള വിമുക്തി പോലെ തന്നെ പ്രധാനമാണ് മാലിന്യത്തിൽ നിന്നുള്ള മുക്തിയെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എംബി രാജേഷ്. രണ്ടും രണ്ട് തരത്തിൽ ഭീഷണിയാണ്. ചെറുത്ത് തോൽപ്പിക്കേണ്ട തിന്മകളാണെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന സർക്കാരിൻ്റെ മാലിന്യമുക്ത നവകേരളം കാമ്പയിനിൻ്റെ ഭാഗമായി കേരള സ്റ്റേറ്റ് എക്സൈസ് സ്റ്റാഫ് അസോസിയേഷൻ്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന പൊതു സ്ഥലങ്ങളിലെ ശുചീകരണ പ്രവർത്തനങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
പരിപാടിയിൽ ശുചീകരണ മേഖലയിൽ പ്രവർത്തിക്കുന്ന തൊഴിലാളികളെ മന്ത്രി ആദരിച്ചു. ഇത്തരം പ്രവർത്തനങ്ങൾ തുടങ്ങി വച്ചാൽ മാത്രം പോര മുന്നോട്ടു കൊണ്ടു പോകണമെന്നും മന്ത്രി പറഞ്ഞു. പരിപാടിയുടെ ഭാഗമായി തിരുവനന്തപുരം പാളയം മുതൽ മ്യൂസിയം ജംഗ്ഷൻ വരെയുള്ള സ്ഥലത്തിന് വിമുക്തി തെരുവ് എന്ന് നാമകരണം ചെയ്‌തു.