കേരളം

kerala

ETV Bharat / state

Price Hike: അവശ്യസാധനങ്ങളുടെ വിലവർധന: വിപണിയില്‍ നേരിട്ട് ഇടപെടുമെന്ന് ഭക്ഷ്യ മന്ത്രി ജി.ആർ അനിൽ

വിപണന കേന്ദ്രങ്ങൾ കൃത്രിമമായി വില വർധിപ്പിക്കുന്നതാണോ എന്ന് മനസിലാക്കുന്നതിനായി പരിശോധനയുണ്ടാകുമെന്നും മന്ത്രി ജിആർ അനില്‍ വ്യക്തമാക്കി

minister GR Anil  Civil Supplies minister  GR Anil  price hike  price hike on Essential Commodities  Essential Commodities  അവശ്യസാധനങ്ങളുടെ വിലവർധനവിനെ തുടര്‍ന്ന്  വിപണിയില്‍ നേരിട്ട് ഇടപെടുമെന്നറിയിച്ച്  ഭക്ഷ്യ മന്ത്രി ജിആർ അനിൽ  ജിആർ അനിൽ  മന്ത്രി  വിപണന കേന്ദ്രങ്ങൾ  സിവിൽ സപ്ലൈസ്  റേഷൻ വ്യാപാരികൾ  റേഷൻ വ്യാപാരികൾക്ക് കമ്മീഷൻ
അവശ്യസാധനങ്ങളുടെ വിലവർധനവിനെ തുടര്‍ന്ന് വിപണിയില്‍ നേരിട്ട് ഇടപെടുമെന്നറിയിച്ച് ഭക്ഷ്യ മന്ത്രി ജി.ആർ അനിൽ

By

Published : Jun 14, 2023, 3:25 PM IST

ഭക്ഷ്യ മന്ത്രി ജി.ആർ അനിൽ പ്രതികരിക്കുന്നു

തിരുവനന്തപുരം: അവശ്യസാധനങ്ങളുടെ വിലവർധനവ് സംബന്ധിച്ച് കലക്‌ടർമാർ, ലീഗൽ മെട്രോളജി ഉദ്യോഗസ്ഥർ എന്നിവരുമായി ബന്ധപ്പെട്ട് യോഗം ചേർന്നുവെന്നും ഇതിനായി വിപിണിയില്‍ നേരിട്ട് ഇടപെടുമെന്നും ഭക്ഷ്യ മന്ത്രി ജി.ആർ അനിൽ പറഞ്ഞു. പണപെരുപ്പത്തിന്‍റെ തോത് കുറഞ്ഞപ്പോഴും വില വർധിക്കുന്നു. വിപണന കേന്ദ്രങ്ങൾ കൃത്രിമമായി വില വർധിപ്പിക്കുന്നതാണോ എന്ന് പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു.

നടപടികള്‍ ഇങ്ങനെ: കലക്‌ടര്‍ ചെയർമാനായി സിവിൽ സപ്ലൈസ് വകുപ്പ് ഡി.എസ്.ഒ, ലീഗൽ മെട്രോളജി ഓഫിസർ, റവന്യു, സിവിൽ സർവീസ് പൊലീസ് എന്നിവരെ ഉള്‍പ്പെടുത്തി പരിശോധന നടത്തും. എല്ലാ ജില്ലകളിലെയും ഹോൾസെയിൽ വ്യാപാരികളുടെ യോഗം കലക്‌ടറുടെ അധ്യക്ഷതയിൽ ചേരാൻ നിർദേശം നൽകുമെന്നും മന്ത്രി അറിയിച്ചു. വ്യാപാരികളുമായി ആശയവിനിമയം നടത്തണം. ജില്ലയിലെ താലൂക്ക് കേന്ദ്രങ്ങളിലെയും ജില്ല കേന്ദ്രങ്ങളിലെയും അവശ്യസാധനങ്ങൾ ശേഖരിക്കുന്ന പ്രധാന ഗോഡൗണുകളിൽ ഉൾപ്പെടെ നേരിട്ട് പരിശോധിക്കും. എല്ലാ ജില്ലകളിലും വില നിർണയ നിരീക്ഷണ സമിതികൾ പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

സെന്‍റർ ഫോർ പ്രൈസ് റിസർച്ച് കേരള എന്ന സ്ഥാപനം സർക്കാരിന്‍റെ നൂറ് ദിന കർമ്മ പരിപാടിയുമായി ബന്ധപ്പെട്ട് ഉദ്‌ഘാടനം ചെയ്‌തിരുന്നു. എല്ലാ ആഴ്‌ചയും സംസ്ഥാനത്തെ വിലവർധനവ് വിലയിരുത്തി സർക്കാരിന് ഇവിടെ നിന്നും റിപ്പോർട്ട്‌ ലഭിച്ച് വരുന്നുണ്ട്. ഇതു എല്ലാ ജില്ലകളിലെയും വില നിർണയ നിരീക്ഷണ സമിതികളിലേക്കും എത്തിക്കുന്ന തരത്തിൽ ഉയർത്തിലുള്ള മെക്കാനിസത്തിന് രൂപം നൽകാൻ തീരുമാനിച്ചിരുന്നുവെന്നും മന്ത്രി പറഞ്ഞു. ഇത്തരത്തിൽ ഭാവിയിൽ വില വർധനവുണ്ടാകുമ്പോൾ ഉദ്യോഗസ്ഥർക്ക് ഇടപെടൽ നടത്താനാകുമെന്നും ഓരോ മാർക്കറ്റിലെയും വിലയെ സംബന്ധിച്ച് വില നിർണയം കേന്ദ്രങ്ങൾ വിലയിരുത്തുമെന്നും പറഞ്ഞ അദ്ദേഹം, മാർക്കറ്റിൽ നേരിട്ട് ഇടപെടുകയാണ് ഇപ്പോൾ പ്രാഥമികമായി ചെയ്യാനാവുകയെന്നും അഭിപ്രായപ്പെട്ടു.

റേഷന്‍ വിതരണത്തില്‍ വ്യക്തത:സംസ്ഥാനത്ത് ലഭിക്കുന്ന ജയ അരി ഒറിജിനൽ അല്ല. ആന്ധ്രയിൽ നിന്നും നേരിട്ട് ജയ അരി ഈ മാസം അവസാനത്തോടെ ലഭ്യമാക്കും. ഇ പോസ് സംവിധാനം ചൊവ്വാഴ്‌ച നിലയ്ക്കുന്നത് ആധാർ അപ്ഡേറ്റ് കാരണമാണ്. ഭക്ഷ്യധാന്യം പരമാവധി നൽകണമെന്ന നിലപാടാണ് സർക്കാരിനുള്ളതെന്നും എന്നാല്‍ എൻഐസിയാണ് ഇത് നിയന്ത്രിക്കുന്നതെന്നും മന്ത്രി ജി.ആര്‍ അനില്‍ പറഞ്ഞു. അവരുടെ നിർദേശപ്രകാരമുള്ള മാറ്റങ്ങൾ വരുത്തിയാണ് മുന്‍പോട്ടുപോകുന്നത്. മണ്ണെണ്ണ അളവ് കേന്ദ്ര സർക്കാർ അരലിറ്ററിൽ നിന്നും കാൽ ലിറ്ററായി പിൻവലിച്ചുവെന്നും റേഷൻ വ്യാപാരികൾക്ക് ഇത് ശേഖരിക്കാൻ പോകുന്നത് വലിയ ബാധ്യതയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ട്രേഡ് ഓവർ ഡിമാൻഡ് ആവശ്യപ്പെട്ടപ്പോൾ പറ്റില്ല എന്നാണ് കേന്ദ്രത്തിന്‍റെ മറുപടി. റേഷൻ വ്യാപാരികൾക്ക് കമ്മീഷൻ നൽകിയിരുന്നത് കേന്ദ്ര വിഹിതവും സംസ്ഥാന വിഹിതവും ചേർന്നാണ്. ഇപ്പോൾ കേന്ദ്രം നൽകുന്ന തുക പ്രത്യേക അക്കൗണ്ട് വഴി നൽകി തുടങ്ങി. ഇതോടെ നാല് അക്കൗണ്ടിലൂടെയാണ് റേഷൻ വ്യാപാരികൾക്ക് കമ്മീഷൻ വരുന്നത്. അതുകൊണ്ടാണ് കമ്മീഷൻ വൈകാൻ കാരണമെന്നും ഏപ്രിൽ മാസത്തെ കുടിശ്ശിക ജൂൺ 10 ന് കൊടുത്തുവെന്നും ബാക്കി ഈ മാസം അവസാനത്തോടെ കൊടുത്ത് തീർക്കുമെന്നും ഭക്ഷ്യ മന്ത്രി ജി.ആർ അനിൽ കൂട്ടിച്ചേര്‍ത്തു.

ABOUT THE AUTHOR

...view details