കേരളം

kerala

ETV Bharat / state

A I Camera| "എഐ കാമറ വന്നു, അപകടമരണം പകുതിയായി കുറഞ്ഞു": ആന്‍റണി രാജു - സ്വകാര്യ ബസുകളില്‍ യാത്ര ഇളവ്

2022 ജൂൺ മാസത്തിൽ വാഹനാപകടങ്ങളിൽ മരിച്ചവരുടെ എണ്ണം 344 ആയിരുന്നെങ്കിൽ ഈ വർഷം ജൂണിൽ അപകടമരണം 140 ആയി കുറഞ്ഞുവെന്ന് മന്ത്രി ആന്‍റണി രാജു.

antony raju  a i camera  accident death  minister antony raju  ksrtc  A I Camera  എ ഐ ക്യാമറ  അപകടമരണങ്ങള്‍  വാഹനാപകടങ്ങളിൽ  ഗതാഗത മന്ത്രി ആന്‍റണി രാജു  ശമ്പള വിതരണത്തിലെ അതൃപ്‌തി  കെഎസ്‌ആര്‍ടിസി  സ്വകാര്യ ബസുകളില്‍ യാത്ര ഇളവ്  തിരുവനന്തപുരം
A I Camera| 'എ ഐ ക്യാമറയുടെ പ്രവര്‍ത്തനം ആരംഭിച്ചതിന് പിന്നാലെ അപകടമരണങ്ങള്‍ പകുതിയായി കുറഞ്ഞു': ആന്‍റണി രാജു

By

Published : Jul 25, 2023, 5:35 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് എഐ കാമറകൾ പ്രവർത്തനം ആരംഭിച്ചതിന് പിന്നാലെ അപകടമരണങ്ങൾ പകുതിയായി കുറഞ്ഞുവെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു. 2022 ജൂൺ മാസത്തിൽ വാഹനാപകടങ്ങളിൽ മരിച്ചവരുടെ എണ്ണം 344 ആയിരുന്നെങ്കിൽ ഈ വർഷം ജൂണിൽ അപകടമരണം 140 ആയി കുറഞ്ഞു. വാഹനാപകടങ്ങളുടെ എണ്ണവും കുറഞ്ഞിരിക്കുകയാണെന്ന് മന്ത്രി അറിയിച്ചു. നാലര ലക്ഷത്തോളം ആളുകളാണ് എഐ കാമറ സ്ഥാപിക്കുന്നതിന് മുൻപ് നിയമലംഘനം നടത്തിയതെങ്കിൽ ഇപ്പോൾ അത് നാലിലൊന്നായി കുറഞ്ഞുവെന്നും ഗതാഗത മന്ത്രി അറിയിച്ചു.

163 ഇലക്ട്രിക് ബസുകൾ: ഓണത്തിന് മുൻപായി സിറ്റി സർക്കുലർ ഉൾപ്പെടെ 163 ഇലക്ട്രിക് ബസുകൾ കൂടി സർവീസ് ആരംഭിക്കുമെന്നും ആന്‍റണി രാജു വ്യക്തമാക്കി. നഗരത്തിലെ യാത്ര സൗകര്യങ്ങളിൽ വലിയ വർധനവാണ് നിലവിൽ ഉണ്ടായിരിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ശമ്പള വിതരണത്തിലെ അതൃപ്‌തി:അതേസമയം കെഎസ്ആർടിസി ജീവനക്കാരുടെ ജൂൺ മാസത്തെ ശമ്പളത്തിന്‍റെ രണ്ടാം ഗഡു വിതരണവും അനിശ്ചിതത്വത്തിലാണ്. സാമ്പത്തിക പ്രതിസന്ധിയാണ് കാരണം. സർക്കാർ സഹായമായി ധനവകുപ്പ് നൽകേണ്ട 80 കോടി ഇതുവരെയും നൽകിയിട്ടില്ല.

40 കോടി രൂപ ലഭിച്ചാൽ മാത്രമേ ജീവനക്കാർക്ക് രണ്ടാം ഗഡു വിതരണം ചെയ്യാൻ സാധിക്കൂ. കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ജൂൺ മാസത്തെ ശമ്പളത്തിന്‍റെ ആദ്യ ഗഡു ജൂലൈ 14ന് രാത്രിയാണ് നൽകിയത്. ഇത് ജീവനക്കാർക്കും തൊഴിലാളി സംഘടനകൾക്കിടയിലും കടുത്ത അതൃപ്‌തിയാണ് ഉണ്ടാക്കിയത്.

സാധാരണ ശമ്പള വിതരണത്തിന് സർക്കാർ സഹായമായി 50 കോടി രൂപയായിരുന്നു നൽകിയിരുന്നത്. എന്നാൽ, കഴിഞ്ഞ ഏതാനും മാസങ്ങളായി ഇത് 30 കോടി രൂപയായി ചുരുക്കിയിരുന്നു. തൊഴിലാളി സംഘടനകളുടെ കടുത്ത എതിർപ്പ് അവഗണിച്ചാണ് മാനേജ്മെൻ്റ് ശമ്പളം ഗഡുക്കളായി വിതരണം ചെയ്യാൻ ആരംഭിച്ചത്.

സ്വകാര്യ ബസുകളില്‍ യാത്ര ഇളവ്:അതേസമയം, 40 ശതമാനം ഭിന്നശേഷിയുള്ളവർക്കും സംസ്ഥാനത്ത് സർവീസ് നടത്തുന്ന സ്വകാര്യ ബസുകളിൽ യാത്ര ഇളവ് അനുവദിച്ചിരുന്നു. ഇത് സംബന്ധിച്ച് ഗതാഗത മന്ത്രി ആന്‍റണി രാജു കഴിഞ്ഞ ദിവസം ഉത്തരവിറക്കിയിരുന്നു. നേരത്തെ, സ്വകാര്യ ബസുകളില്‍ 45 ശതമാനമോ അതിലധികമോ ഭിന്നശേഷിക്കാരായവര്‍ക്ക് മാത്രമായിരുന്നു ഇളവ് ലഭിച്ചിരുന്നത്.

ഭിന്നശേഷി അവകാശ നിയമത്തിലെ വ്യവസ്ഥകളുടെ അടിസ്ഥാനത്തിലായിരുന്നു പ്രത്യേക ഉത്തരവ് പുറപ്പെടുവിക്കുന്നതെന്നും ആന്‍റണി രാജു വ്യക്തമാക്കി. നേരത്തെ ഭിന്നശേഷി കമ്മീഷണറേറ്റിന്‍റെ ആഭിമുഖ്യത്തില്‍ ഉദ്യോഗസ്ഥര്‍ക്കായി നടത്തിയ ഭിന്നശേഷി അവകാശ നിയമത്തെക്കുറിച്ചുള്ള ബോധവത്‌കരണ ക്ലാസ് ഉദ്ഘാടന വേളയിലും മന്ത്രി ഇക്കാര്യം പറഞ്ഞിരുന്നു.

വനിത ജീവനക്കാര്‍ക്ക് സ്വയം പ്രതിരോധ പരിശീലനം:കെഎസ്ആർടിസിയിൽ വനിത ഡ്രൈവർമാർക്കും കണ്ടക്‌ടർമാർക്കും സ്വയം പ്രതിരോധ പരിശീലന പരിപാടി ആരംഭിച്ചു. കേരള പൊലീസിന്‍റെ സഹകരണത്തോടെ തിരുവനന്തപുരത്താണ് പരിശീലനം നൽകുന്നത്. ആദ്യഘട്ട പരിശീലനത്തിൽ കെഎസ്ആർടിസിയിലേയും, കെഎസ്ആർടിസി സ്വിഫ്റ്റിലേയും 20 വനിത ജീവനക്കാരാണ് പങ്കെടുത്തിരുന്നത്. ഘട്ടം ഘട്ടമായി മുഴുവൻ വനിത ജീവനക്കാർക്കും പരിശീലനം നൽകും.

അതിരാവിലെ ഡ്യൂട്ടിക്ക് വരികയും, രാത്രി വൈകി തിരികെ പോവുകയും ചെയ്യുന്നത് കൂടാതെ രാത്രി സമയങ്ങളിൽ ഉൾപ്പെടെ ഡ്യൂട്ടി ചെയ്യേണ്ടി വരുന്ന സാഹചര്യത്തിൽ സാമൂഹ്യ വിരുദ്ധരിൽ നിന്നുള്ള ആക്രമണങ്ങൾ ഉണ്ടായാൽ നേരിടുന്നതിനും, സ്വയം സുരക്ഷ ഉറപ്പാക്കുന്നതിനും വേണ്ടിയാണ് മാനേജ്‌മെന്‍റ് വനിത ജീവനക്കാര്‍ക്ക് പരിശീലനം നല്‍കാന്‍ തീരുമാനിച്ചത്.

ABOUT THE AUTHOR

...view details