തിരുവനന്തപുരം : സംസ്ഥാനത്തെ നാട്ടാന പരിപാലന ചട്ടത്തിൽ നിലവിലെ സാഹചര്യത്തിൽ മാറ്റം വരുത്താൻ കഴിയില്ലെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ. കേന്ദ്ര നിയമങ്ങള്‍ക്ക് അനുസരിച്ചാണ് സംസ്ഥാനത്തെയും നാട്ടാന പരിപാലന ചട്ടം നിലനിൽക്കുന്നത്. കേരളത്തിന് മാത്രമായി ഒരു തനതായ നാട്ടാന പരിപാലന ചട്ടം സാധ്യമല്ല.
എഴുന്നള്ളത്തിന്‍റെയും മറ്റും പേരിൽ ആനകളെ വലിയ രീതിയിൽ ചൂഷണം ചെയ്യുന്ന സാഹചര്യം ഉണ്ടായപ്പോഴാണ് ചട്ടം കർശനമാക്കിയത്. ആരോഗ്യ പ്രശ്നങ്ങൾ പോലും കണക്കിലെടുക്കാതെ ആനകളെ നിരന്തരം എഴുന്നള്ളിക്കുന്ന സ്ഥിതിയുമുണ്ടായിരുന്നു. ഇതുമൂലം പലപ്പോഴും ആനകൾ അക്രമാസക്തരാകുന്ന സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.
മനുഷ്യന്‍റെ ജീവന്‍ പോലും നഷ്‌ടപ്പെട്ട സംഭവങ്ങള്‍ ഇത്തരത്തില്‍ ഉണ്ടായിട്ടുണ്ട്. ജനങ്ങളില്‍ പരിഭ്രാന്തിയുണ്ടാക്കിയ സംഭവങ്ങളായിരുന്നു അവയെല്ലാം. അതിനാലാണ് നിയമം കർശനമാക്കിയത്. ഇതിൽ രണ്ടുവശങ്ങളുണ്ട്. ആന പ്രേമികളുടെയും ഉത്സവ പ്രേമികളുടെയും അഭിപ്രായം പരിഗണിക്കണം, ഒപ്പം ആനകളുടെ സംരക്ഷണവും ഉറപ്പുവരുത്തണം.
ഇത് അനുസരിച്ചുള്ള നിലപാടാണ് സർക്കാർ സ്വീകരിക്കുന്നത്. അതിനാൽ ഒറ്റയടിക്ക് ചട്ടത്തിൽ മാറ്റം വരുത്താൻ കഴിയില്ലെന്നും മന്ത്രി പറഞ്ഞു. തൃശൂർ എംഎൽഎ പി ബാലചന്ദ്രന്‍റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. നിലവിൽ സംസ്ഥാനത്ത് 448 നാട്ടാനകളാണുള്ളത്. ഇതിൽ 70% നാട്ടാനകളും 50 വയസിന് മുകളില്‍ പ്രായമുള്ളവരാണ്.
ചട്ടങ്ങൾ കർശനമായതിനെ തുടർന്ന് 20 വർഷത്തില്‍ അധികമായി കേരളത്തിലേക്ക് പുതുതായി ആനകൾ ഒന്നും തന്നെ വന്നിട്ടില്ല. 1972 ൽ വന്യജീവി സംരക്ഷണ നിയമത്തിലൂടെ രാജ്യത്ത് കാട്ടാനയെ പിടികൂടുന്നത് നിരോധിച്ചിട്ടുണ്ട്. 2002ൽ ഈ നിയമത്തിൽ കൊണ്ടുവന്ന ഭേദഗതിയിലൂടെ ആന വില്‍പ്പനയും നിരോധിക്കുകയുണ്ടായി. നിലവിൽ കാടുകളിൽ നിന്ന് നാട്ടിൽ എത്തി അക്രമം കാണിക്കുന്ന ആനകളെ മയക്കുവെടി വച്ച് പിടികൂടി താപ്പാനയാക്കുകയാണ് ചെയ്യുന്നത്.