തിരുവനന്തപുരം: ഏറെ കൗതുകത്തോടെ കാഴ്‌ച കാണാനെത്തിയ സന്ദർശകരെ നിരാശരാക്കി പണിമുടക്കിയിരിക്കുകയാണ് തിരുവനന്തപുരം വേളി ടൂറിസ്റ്റ് വില്ലേജിലെ മിനിയേച്ചർ ട്രെയിൻ.
സന്ദർശകരെ നിരാശരാക്കി പണിമുടക്കി മിനിയേച്ചർ ട്രെയിൻ ഡിസംബർ രണ്ടിന് ഓടിത്തുടങ്ങിയ ട്രെയിൻ രണ്ടാഴ്‌ചക്കാലമാണ് ഓടിയത്. കഴിഞ്ഞ ഒരാഴ്‌ചയോളമായി ട്രെയിൻ കട്ടപ്പുറത്താണ്. ബെയറിങ് ജാം ആകുന്നതാണ് കാരണം എന്നാണ് അധികൃതരുടെ വിശദീകരണം. ബെംഗളൂരുവിൽ നിന്ന് ടെക്‌നീഷ്യൻ എത്തിയാലേ എൻജിൻ നന്നാക്കാൻ കഴിയുകയുള്ളൂ എന്നും എന്നാൽ കേടായി ഒരാഴ്‌ചക്കാലമായിട്ടും ബെംഗളൂരുവിൽ നിന്നും ടെക്‌നീഷ്യൻ എത്തിയില്ല എന്നും അധികൃതർ പറഞ്ഞു.
അവധി ദിവസങ്ങളിൽ ദൂരസ്ഥലങ്ങളിൽ നിന്നുപോലും കുട്ടികളുമായി നൂറു കണക്കിന് സഞ്ചാരികളാണ് ഇവിടെ എത്തുന്നത്. പ്രധാനമായും മിനിയേച്ചർ ട്രെയിനിൽ കയറുക എന്ന ഉദ്ദേശത്തോടെയാണ് സഞ്ചാരികൾ ഇവിടേക്കെത്തുന്നത്. എന്നാൽ ഇവിടെ എത്തുമ്പോഴാണ് ട്രെയിൻ പണിമുടക്കിലാണെന്ന കാര്യം ഇവർ അറിയുന്നത്. ട്രെയിൻ പ്രവർത്തന രഹിതമായതിനാൽ പലരും വന്നു മടങ്ങി പോകുന്ന കാഴ്‌ചയാണ് ഇവിടെ കാണാൻ കഴിയുന്നത്.
കോടികൾ മുതൽ മുടക്കി ആരംഭിച്ച പദ്ധതിയിൽ സ്ഥിരമായി മെക്കാനിക്ക് ഇല്ല. ട്രെയിൻ തകരാറിലായത് നടത്തിപ്പുകാരായ ടൂർ ഫെഡിനും തിരിച്ചടിയായിരിക്കുകയാണ്. കൊവിഡ് കാലത്തും നൂറു കണക്കിന് സഞ്ചാരികളാണ് ഇവിടെയെത്തി നിരാശരായി മടങ്ങുന്നത്.