തിരുവനന്തപുരം: കടുത്ത ചൂടിനെ പ്രതിരോധിക്കാൻ തിരുവനന്തപുരം മൃഗശാലയിലെ അന്തേവാസികൾക്ക് എസിയും ഫാനുമൊരുക്കി മൃഗശാലാ അധികൃതർ. ചൂടുകാലത്ത് അനുയോജ്യമായ ഭക്ഷണമൊരുക്കി സ്ഥിരം മെനുവിലും അധികൃതർ മാറ്റം വരുത്തി.
ചൂടിനെ പേടിക്കേണ്ട; തിരുവനന്തപുരം മൃഗശാല ഇനി കൂള്‍
ചൂടിനെ പ്രതിരോധിക്കാന്‍ മൃഗങ്ങള്‍ക്ക് പ്രത്യേക ഭക്ഷണ ക്രമീകരണങ്ങളും സജ്ജീകരണങ്ങളുമൊരുക്കി തിരുവനന്തപുരം മൃഗശാലാ അധികൃതര്‍
കരുത്തനെങ്കിലും ചൂട് കൂടിയാൽ കടുവക്ക് പ്രശ്‌നമാണ്. അതുകൊണ്ട് ഇടക്കിടെ കുളിപ്പിക്കുന്നുണ്ട്. കൂട്ടിൽ ഈർപ്പം നിലനിർത്താൻ ഷവറുകളും പ്രവർത്തിപ്പിക്കുന്നു. കാണ്ടാമൃഗത്തിനും മ്ലാവിനും തണുപ്പ് കിട്ടാൻ ചെളിക്കുളവും നീലക്കാളക്ക് മേൽ വെള്ളം തളിക്കാൻ സ്പ്രിങ്ക്‌ളറുകളും തയ്യാറാക്കിയിട്ടുണ്ട്. എപ്പോഴും വെള്ളത്തിൽ കിടക്കുന്ന ഹിപ്പോപ്പൊട്ടാമസിനും ഹോസുകുളി ഒരുക്കിയിട്ടുണ്ട്.
മൃഗങ്ങളുടെ ഭക്ഷണത്തിലും കാര്യമായ മാറ്റം വരുത്തിയിട്ടുണ്ട്. മാംസം കഴിക്കുന്നവരുടെ ഭക്ഷണത്തിൽ നിന്നും ചിക്കൻ തല്‍കാലം ഒഴിവാക്കി. സസ്യഭുക്കുകൾക്ക് പഴവർഗങ്ങളും പച്ചക്കറികളും കൂട്ടി. ഫ്രീസറിൽ തയ്യാറാക്കുന്ന ഐസ് ബ്ലോക്കുകൾക്കുള്ളിൽ വെച്ചാണ് ഹിമാലയൻ കരടിക്ക് തണ്ണിമത്തൻ നൽകുന്നത്. നിയന്ത്രിത സാഹചര്യങ്ങളിൽ കഴിയുന്ന മൃഗശാലയിലെ മൃഗങ്ങൾക്ക് ചൂടിന്‍റെ ആധിക്യം മൂലം മരണം വരെ സംഭവിച്ചേക്കാം. ഇത് തിരിച്ചറിഞ്ഞാണ് മൃഗശാല സൂപ്രണ്ട് ടി.വി.അനിൽകുമാറിന്‍റെ നേതൃത്വത്തിലുള്ള പുതുമയുള്ള തണുപ്പിക്കലുകൾ.