ബ്രഹ്മപുരം തീപിടിത്തത്തെ ന്യായീകരിച്ച് എംബി രാജേഷ് തിരുവനന്തപുരം: ബ്രഹ്മപുരത്തെ മാലിന്യ പ്ലാന്‍റിലുണ്ടായ തീപിടിത്തം ഇന്ത്യയിലെ ആദ്യ സംഭവമല്ലെന്ന് തദ്ദേശ മന്ത്രി എം ബി രാജേഷ് നിയമസഭയില്‍. ലോകത്തിലെ തന്നെ ഇത്തരത്തില്‍ തീപിടിക്കാവുന്ന മാലിന്യ മലകളില്‍ 25 എണ്ണം ഇന്ത്യയിലാണ്. പക്ഷേ അതില്‍ കേരളമില്ല.
കേരളത്തിലെ ചില മാധ്യമങ്ങളാണ് ഇപ്പോഴത്തെ സംഭവങ്ങളെ പെരുപ്പിച്ച് കാട്ടുന്നതെന്നും ഇത് കേട്ട് പ്രതിപക്ഷം ഇറങ്ങി പുറപ്പെട്ടിരിക്കുകയാണെന്നും ടി.ജെ വിനോദിന്‍റെ അടിയന്തര പ്രമേയ നോട്ടിസിന് മന്ത്രി മറുപടി നല്‍കി. കേരളത്തിലെ ചില മാധ്യമങ്ങള്‍ തീയില്ലാതെ പുകയുണ്ടാക്കാന്‍ വിദഗ്‌ദരാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
തീയില്ലെങ്കിലും പുക അടങ്ങരുതെന്നാണ് മാധ്യമങ്ങളുടെ ഉദ്ദേശ്യം. ബ്രഹ്മപുരം മാലിന്യ പ്ലാന്‍റില്‍ തീപിടിത്തമുണ്ടാകുന്നത് ആദ്യ സംഭവമല്ല. മുന്‍ കാലങ്ങളിലും പല തവണ തീപിടിത്തമുണ്ടായിട്ടുണ്ട്. ബ്രഹ്മപുരം പ്ലാന്‍റില്‍ കൊച്ചി കോര്‍പറേഷനിലെ മാലിന്യം മാത്രമല്ല എത്തിക്കുന്നത്.
കൊച്ചി കോര്‍പറേഷന് സമീപത്തുള്ള ആറ് നഗരസഭകളിലെ മാലിന്യം ഇവിടെ എത്തിക്കുന്നുണ്ട്. ഇത്തരത്തില്‍ ഒരു തീരുമാനമെടുത്തത് ആരുടെ കാലത്താണെന്ന് പറഞ്ഞ് പ്രതിപക്ഷത്തെ കുത്താന്‍ തനിക്കാഗ്രഹമില്ല. 2009ല്‍ കൊച്ചി കോര്‍പറേഷന്‍ എല്‍ഡിഎഫ് ഭരിക്കുമ്പോള്‍ മികച്ച സീറോ വേസ്റ്റ് നഗരസഭയ്ക്കുള്ള അവാര്‍ഡ് നേടിയ നഗരസഭയാണ്.
അവിടെ നിന്ന് 2023ല്‍ കൊച്ചി കോര്‍പറേഷന്‍ ഒരു മാലിന്യമലയായതെങ്ങനെയാണ്. കോണ്‍ഗ്രസിന്‍റെ മേയറായ സൗമിനി ജയിന്‍റെ കാലത്ത് അഞ്ച് കോടി രൂപ ഹരിത ട്രിബ്യൂണല്‍ പിഴയിട്ട സംഭവം ഉണ്ടായിട്ടുണ്ട്. ബ്രഹ്മപുരത്തെ മാലിന്യം നീക്കം ചെയ്യാന്‍ കരാറെടുത്ത കമ്പനി ഒരു വ്യാജ കമ്പനിയെന്നും കടലാസ് കമ്പനിയെന്നുമുള്ള പ്രതിപക്ഷത്തിന്‍റെയും ചില മാധ്യമങ്ങളുടെയും ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം പറഞ്ഞു.
12 സംസ്ഥാനങ്ങളിലെ നഗരങ്ങളില്‍ സോണ്ട കമ്പനി മാലിന്യം നീക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയ മന്ത്രി രാജേഷ് കമ്പനിയെ ശക്തമായി ന്യായീകരിച്ചു. കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനിലെ ജോധ്‌പൂര്‍ കോണ്‍ഗ്രസിന്‍റെ പ്ലീനറി സമ്മേളനം നടന്ന ഛത്തീസ്‌ഗഡിലെ റായ്‌പൂര്‍ എന്നീ നഗരസഭകള്‍ ഇതില്‍പ്പെടും.
also read:ബ്രഹ്മപുരം തീപിടിത്തം : പുക ശമിപ്പിക്കൽ പ്രവർത്തനം 90% പിന്നിട്ടതായി സർക്കാർ, ഇന്നും ചുരുളുകളില്‍ മുങ്ങി കൊച്ചി
പഞ്ചാബിലെ അമൃത്‌സറില്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രിയായിരുന്ന അമരീന്ദര്‍ സിങ് ആണ് ഇ കമ്പനിയുടെ പദ്ധതി ഉദ്ഘാടനം നിര്‍വഹിച്ചത്. വളരെ സുതാര്യമായാണ് കമ്പനിക്ക് കരാര്‍ നല്‍കിയതെന്നും പ്രതിപക്ഷം മാധ്യമങ്ങള്‍ പറഞ്ഞത് കേട്ട് ഇറങ്ങിപ്പുറപ്പെട്ടിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു. മാലിന്യ സംസ്‌കരണത്തിന് ശാസ്ത്രീയ സംവിധാനം ആവശ്യമാണ് എന്നാണ് ബ്രഹ്മപുരം തീപിടിത്തം നല്‍കുന്ന പാഠം.
ജനങ്ങള്‍ പരിഭ്രാന്തരാകേണ്ട സാഹചര്യം ഇല്ല. സാഹചര്യങ്ങളെ നേരിടാന്‍ യുദ്ധകാലാടിസ്ഥാനത്തിലുള്ള സംവിധാനങ്ങളാണ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയത്. ഇതിലും മികച്ച നടപടി തീ അണയ്ക്കാന്‍ വേറെ സ്വീകരിക്കാനില്ലെന്നാണ് വിദഗ്‌ധര്‍ അറിയിച്ചിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.
ഡല്‍ഹിയില്‍ ഇന്ന് അന്തരീക്ഷത്തില്‍ വിഷാംശത്തിന്‍റെ അളവ് 223 പിപിഎം ആണെങ്കില്‍ കേരളത്തില്‍ അത് 138 പിപിഎം മാത്രമാണ്. എന്നിട്ടാണ് ചിലയാളുകള്‍ കൊച്ചിയില്‍ വന്ന് ശ്വാസം മുട്ടുന്നുവെന്ന് പറയുന്നത്. ഈ കണക്ക് വച്ചാണെങ്കില്‍ ഡല്‍ഹിയിലുള്ളവര്‍ നേരെ ചൊവ്വേ ശ്വസിക്കണമെങ്കില്‍ കേരളത്തില്‍ എത്തേണ്ട സ്ഥിതിയാണെന്ന് രാജേഷ് പറഞ്ഞു. സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭ ബഹിഷ്‌കരിച്ചു.
also read:ബ്രഹ്മപുരം : പുകയകന്ന് കൊച്ചിയുടെ വാനം തെളിയുന്നു ; ദൗത്യം അവസാന ഘട്ടത്തിൽ