തിരുവനന്തപുരം: സംസ്ഥാനത്ത് തെരുവുനായ്‌ക്കളുടെ ആക്രമണം രൂക്ഷമായ സാഹചര്യത്തില്‍ തെരുവുനായ്ക്കളെ പിടികൂടി വ്യാപകമായി കുത്തിവയ്‌പു നടത്താന്‍ ഉന്നത തല യോഗത്തില്‍ തീരുമാനമായി. സെപ്റ്റംബര്‍ 20 മുതല്‍ ഒക്‌ടോബര്‍ 20 വരെയാണ് കുത്തിവയ്‌പ്. ഇതിനാവശ്യമായ വാക്‌സിനുകള്‍ മൃഗ സംരക്ഷണ വകുപ്പ് അടിയന്തരമായി വാങ്ങുമെന്ന് തദ്ദേശ, മൃഗസംരക്ഷണ, ആരോഗ്യ വകുപ്പ് മന്ത്രിമാരുടെ യോഗത്തിനു ശേഷം മന്ത്രി എം ബി രാജേഷ് അറിയിച്ചു.
വാക്‌സിനേഷനും എ ബി സി പദ്ധതികള്‍ക്കുമായി തല്‍പരരായ സന്നദ്ധ സംഘടനകളുടെ പ്രവര്‍ത്തകര്‍ക്കും കൊവിഡ് സന്നദ്ധ പ്രവര്‍ത്തകര്‍ക്കും പരിശീലനം നല്‍കും. പരിശീലനം നല്‍കാന്‍ വെറ്റിനറി സര്‍വകലാശാല സമ്മതം അറിയിച്ചിട്ടുണ്ട്. വെറ്റിനറി സര്‍വകലാശാലയിലെ 300 പി ജി വിദ്യാര്‍ഥികള്‍ അവരുടെ പഠനം തടസപ്പെടാതെ പരിശീലനത്തിലും വന്ധീകരണത്തിലും സഹകരിക്കാമെന്നും അറിയിച്ചിട്ടുണ്ട്.
ഇപ്പോള്‍ സുപ്രീം കോടതിയില്‍ നിലനില്‍ക്കുന്ന കേസില്‍ കുടുംബശ്രീ പ്രവര്‍ത്തകരെ എ ബി സി പ്രവര്‍ത്തനം ഏല്‍പ്പിക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെടും. പേ ബാധിച്ചതും അക്രമകാരികളുമായ നായ്ക്കളെ കൊന്നൊടുക്കാന്‍ അനുവദിക്കണമെന്നും കോടതിയോട് അഭ്യര്‍ഥിക്കും. ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തില്‍ ഇക്കാര്യം സുപ്രീം കോടതി അംഗീകരിക്കും എന്നാണ് പ്രതീക്ഷിക്കുന്നത് എന്നും മന്ത്രി എം ബി രാജേഷ് പറഞ്ഞു.
ഇന്നത്തെ ഉന്നത തലയോഗം കൈക്കൊണ്ട മറ്റു തീരുമാനങ്ങള്‍:വാക്‌സിനേഷന്‍റെ ഭാഗമായി തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്ക് വാഹനങ്ങള്‍ വാടകയ്‌ക്കെടുക്കാം. നിയോജക മണ്ഡലം തലങ്ങളില്‍ എം എല്‍ എമാരുടെ നേതൃത്വത്തില്‍ യോഗം ചേരും. തദ്ദേശ സ്ഥാപന തലത്തിലും യോഗം വിളിക്കും. യോഗത്തില്‍ മുഴുവന്‍ രാഷ്‌ട്രീയ പാര്‍ട്ടി പ്രതിനിധികളെയും സന്നദ്ധ പ്രവര്‍ത്തകരെയും പങ്കെടുപ്പിക്കും.