അരുവിക്കര ക്ഷേത്രത്തില്‍ വന്‍ കവര്‍ച്ച തിരുവനന്തപുരം : അരുവിക്കരയിലെ ഇരുമ്പ ശ്രീ ഭദ്രകാളി ക്ഷേത്രത്തിൽ മോഷണം. ഒന്നര ലക്ഷം രൂപയും 2 പവന്‍ സ്വര്‍ണവും കവര്‍ന്നു. ക്ഷേത്രത്തിലെ കാണിക്കവഞ്ചികളും ഓഫിസിന്‍റെ വാതിലും കുത്തിത്തുറന്നായിരുന്നു കവര്‍ച്ച.
ഞായറാഴ്‌ച രാത്രി ഒരു മണിയോടെയാണ് സംഭവം. ക്ഷേത്രത്തിന്‍റെ മുന്‍ഭാഗത്തേതടക്കം എട്ട് കാണിക്കവഞ്ചികളും കുത്തിപ്പൊളിച്ചിട്ടുണ്ട്. ഓഫിസിന്‍റെ മൂന്ന് വാതിലുകളാണ് മോഷ്‌ടാക്കള്‍ തകര്‍ത്തത്. ഓഫിസിനകത്തെ അലമാരയിൽ സൂക്ഷിച്ചിരുന്ന രണ്ട് പവന്‍റെ തിരുസ്വര്‍ണവും പണവും പൂജാരിയുടെ മുറിയില്‍ സൂക്ഷിച്ചിരുന്ന 30,000 രൂപയും നഷ്‌ടമായി.
പൂജ കഴിഞ്ഞ് ഒരു ആഴ്ച മുൻപാണ് ക്ഷേത്രം അടച്ചത്. വീണ്ടും തുറക്കുന്നതിന് വേണ്ടി ക്ഷേത്രം ശുചീകരിക്കാനെത്തിയവരാണ് കാണിക്കവഞ്ചി തുറന്നുകിടക്കുന്നത് കണ്ടത്.ശേഷം ക്ഷേത്ര പ്രസിഡന്‍റിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസിനെ സമീപിച്ചു.
പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് അന്വേഷണം. ക്ഷേത്രത്തിന്‍റെ സമീപത്തുകൂടി രണ്ട് പേര്‍ ബൈക്കില്‍ വരുന്നതിന്‍റെയും കമ്പി പാരയുമായി ക്ഷേത്ര പരിസരത്തേക്ക് കടക്കുന്നതിന്‍റെയും ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്.