തിരുവനന്തപുരം:എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോ മാര്‍ക്ക് ലിസ്റ്റ് വിവാദത്തില്‍ നിരപരാധിയാണെന്ന് സിപിഎം. എസ്എഫ്‌ഐയെ തകര്‍ക്കാനുള്ള രാഷ്ട്രീയ നീക്കത്തിന്‍റെ ഇരയാണ് ആര്‍ഷോയെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്‍റെ വിലയിരുത്തല്‍. ഇന്നുചേര്‍ന്ന സെക്രട്ടേറിയറ്റ് യോഗം എസ്എഫ്‌ഐ ഉള്‍പ്പെട്ട വിവാദങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്‌തു.
ഈ യോഗത്തില്‍ ആര്‍ഷോ സിപിഎമ്മിന് നല്‍കിയ വിശദീകരണമടക്കം പരിശോധിച്ചു. പരീക്ഷയെഴുതാതെ വിജയിച്ചുവെന്ന് കാണിച്ചുള്ള മാര്‍ക്ക് ലിസ്റ്റ് വിവാദത്തിലും വ്യാജ പ്രവര്‍ത്തിപരിചയ സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ച വിഷയത്തിലും എസ്എഫ്‌ഐക്ക് യാതൊരു പങ്കുമില്ലെന്നാണ് സംസ്ഥാന സെക്രട്ടറി സിപിഎം നേതൃത്വത്തെ അറിയിച്ചത്. എസ്എഫ്‌ഐയെ വേട്ടയാടാന്‍ ഉള്ള ശ്രമമാണ് നടക്കുന്നത്. താന്‍ പരീക്ഷ എഴുതിയിരുന്നില്ലെന്ന കാര്യം വ്യക്തമാക്കിയതാണ്.
മഹാരാജാസ് കോളജിലെ ഒരു അധ്യാപകന്‍റെ നേതൃത്വത്തില്‍ നടന്ന ഗൂഢാലോചനയാണ് വിവാദങ്ങള്‍ക്ക് പിന്നിലെന്നും ആര്‍ഷോ സിപിഎമ്മിനെ അറിയിച്ചിട്ടുണ്ട്. ഗസ്റ്റ് ലക്‌ചര്‍ പോസ്റ്റിനായി മഹാരാജാസ് കോളജിന്‍റെ പേരില്‍ മുന്‍ എസ്എഫ്‌ഐ നേതാവായിരുന്ന വിദ്യ വ്യാജ പ്രവര്‍ത്തിപരിചയ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയതില്‍ എസ്എഫ്‌ഐക്ക് യാതൊരു പങ്കുമില്ല. എസ്എഫ്‌ഐയുമായി നേരിട്ട് വിദ്യ ഇപ്പോള്‍ ഒരു ബന്ധവും ഇല്ലെന്നും ആര്‍ഷോ സിപിഎമ്മിന് വിശദീകരണം നല്‍കി. ഇതിന്‍റെ അടിസ്ഥാനത്തിലാണ് സിപിഎം ആര്‍ഷോയ്ക്ക് ക്ലീന്‍ചിറ്റ് നല്‍കിയത്.
സിപിഎം നിലപാട്, മന്ത്രിമാര്‍ക്ക് പിന്നാലെ:എസ്എഫ്‌ഐയെ തകര്‍ക്കാനുളള ഗൂഢനീക്കത്തിന്‍റെ ഭാഗമാണ് ഇതെന്ന് നേരത്തേ സിപിഎം പ്രാഥമികമായി വിലയിരുത്തിയിരുന്നു. പിന്നാലെ, രാഷ്ട്രീയമായി തന്നെ നേരിടാന്‍ സിപിഎം തീരുമാനിക്കുകയായിരുന്നു. സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍, എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍ മന്ത്രിമാരായ എംബി രാജേഷ്, ആര്‍ ബിന്ദു എന്നിവര്‍ കഴിഞ്ഞ ദിവസം തന്നെ പിഎം ആര്‍ഷോയെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. ഇതില്‍ നിന്ന് തന്നെ പാര്‍ട്ടി നിലപാട് വ്യക്തമായിരുന്നു. എന്നാല്‍, വിവാദങ്ങള്‍ക്ക് ശേഷം ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റ് വിശദമായി ചര്‍ച്ച ചെയ്‌ത് ഈ നിലപാട് തുടരാന്‍ തീരുമാനിക്കുകയായിരുന്നു.