സംസ്ഥാനത്തിന്‍റെവടക്കന്‍ ജില്ലകളില്‍ മാവോയിസ്റ്റുകളുടെ പ്രവര്‍ത്തനം വ്യാപിക്കുന്നത് സാധാരണക്കാരായ നാട്ടുകാരുടെ സ്വൈര്യജീവിതത്തിന് തടസ്സമായ സാഹചര്യത്തിലാണ് അവര്‍ക്കെതിരെ പൊലീസ് നടപടി സ്വീകരിച്ചതെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. സി.പി. ജലീല്‍ എന്ന മാവോയിസ്റ്റ് കൊല്ലപ്പെട്ടസംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സുപ്രീം കോടതി പുറപ്പെടുവിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരമുള്ള ക്രൈം ബ്രാഞ്ച്, മജിസ്റ്റീരിയല്‍ തല അന്വേഷണങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്ന് ഡിജിപി അറിയിച്ചു.
മാവോയിസ്റ്റുകളില്‍ നിന്നുള്ള ശല്യം മൂലം സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള നാട്ടുകാര്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ വിവരിച്ച് നാട്ടുകാരും തൊഴിലാളികളും കച്ചവടക്കാരുമൊക്കെ സര്‍ക്കാരിനും പൊലീസിനും ധാരാളം പരാതികള്‍ നല്‍കിയിരുന്നു. അര്‍ധരാത്രി വീടുകളില്‍ മുട്ടിവിളിച്ച് ഭീഷണിപ്പെടുത്തുന്നതും പണവും ഭക്ഷണവും ചോദിച്ചുവാങ്ങുന്നതും പതിവായിരുന്നു. വ്യാപാരസ്ഥാപനങ്ങളിലും ടൂറിസവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളിലും ഹോട്ടലുകളിലും ഹോംസ്റ്റേകളിലുമൊക്കെ കടന്നുകയറി പണം പിരിക്കുന്ന പ്രവണതയും അടുത്തിടെയായി വ്യാപകമായി.
ദേശവിരുദ്ധ പരാമര്‍ശങ്ങള്‍ അടങ്ങിയ പോസ്റ്ററുകള്‍ നാട്ടില്‍ പലയിടത്തും പതിക്കുന്നതും സായുധസമരത്തിന് ആഹ്വാനം ചെയ്യുന്നതും ശ്രദ്ധയില്‍ പെടുകയുണ്ടായി. നൂറ്റാണ്ടുകളായി വനത്തില്‍ താമസിക്കുന്ന പട്ടികവര്‍ഗ്ഗ വിഭാഗങ്ങളെ ഭീഷണിപ്പെടുത്തുന്ന സ്ഥിതിവിശേഷവും പൊലീസ് ഗൗരവമായി പരിഗണിച്ചു.ഇതിന്‍റെഅടിസ്ഥാനത്തില്‍ പൊലീസിന്‍റെവിവിധ രഹസ്യാന്വേഷണ വിഭാഗങ്ങള്‍ നിരീക്ഷണം ശക്തിപ്പെടുത്തി. മാവോയിസ്റ്റുകളുടെനീക്കങ്ങള്‍ കൃത്യമായി മനസ്സിലാക്കി. രഹസ്യാന്വേഷണ വിഭാഗങ്ങള്‍ ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മാവോയിസ്റ്റുകള്‍ക്കെതിരെയുള്ള നീക്കം ശക്തിപ്പെടുത്താന്‍ കര്‍മ്മപദ്ധതി തയ്യാറാക്കിയിരുന്നു.