തിരുവനന്തപുരം:മണ്ഡല മകരവിളക്ക് പൂജകൾക്കായി ശബരിമല നട നവംബർ 15ന് തുറക്കും. ഡിസംബർ 26നാണ് തങ്കയങ്കി ചാർത്തിയുള്ള മണ്ഡല പൂജ. തുടർന്ന് അടയ്ക്കുന്ന ശബരിമല നട മകരവിളക്ക് പൂജകൾക്കായി ഡിസംബർ 30 ന് വീണ്ടും തുറക്കും. ജനുവരി 14 നാണ് മകരവിളക്ക്. കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ച് മാത്രമാണ് ഭക്തർക്ക് ശബരിമലയിൽ പ്രവേശനം അനുവദിക്കു എന്ന് ദേവസ്വം പ്രസിഡൻ്റ് എൻ വാസു പറഞ്ഞു. പ്രവർത്തി ദിവസങ്ങളിൽ 1000 ഭക്തർക്ക് പ്രവേശനം അനുവദിക്കും. അവധി ദിനങ്ങളിൽ 2000 പേരെ അനുവദിക്കും. മണ്ഡലപൂജ ദിവസവും മകരവിളക്ക് ദിവസവും 5000 പേർക്കും പ്രവേശനം നൽകും. വെർച്ച്വൽ ക്യൂവിൽ രജിസ്റ്റർ ചെയ്തവർക്ക് മാത്രമാണ് പ്രവേശനത്തിന് അനുമതി.
മണ്ഡല മകരവിളക്ക് പൂജ; ശബരിമല നട നവംബർ 15ന് തുറക്കും
പ്രവർത്തി ദിവസങ്ങളിൽ 1000 ഭക്തർക്കും അവധി ദിനങ്ങളിൽ 5000 പേർക്കും ദർശനം അനുവദിക്കും.
ശബരിമല ദർശനത്തിന് എത്തുന്ന ഭക്തർക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്. സർട്ടിഫിക്കറ്റ് ഇല്ലാത്തവർക്ക് പരിശോധിക്കാൻ നിലയ്ക്കലിൽ അവസരം ഒരുക്കും. പമ്പയിൽ കുളിക്കാനും നെയ്യഭിഷേകത്തിനും അനുവദം നൽകില്ല. അന്നദാനം കൊവിഡ് മാനദണ്ഡങ്ങളനുസരിച്ച് നടത്തും. ഭക്തരെ സന്നിധാനത്ത് വരിവയ്ക്കാൻ അനുവദിക്കില്ല. സ്വാമി അയ്യപ്പൻ റോഡ് വഴിമാത്രമാകും പ്രവേശനമെന്നും ദേവസ്വം ബോർഡ് പ്രസിഡന്‍റ് പറഞ്ഞു. ഭക്തരുടെ എണ്ണത്തിലെ നിയന്ത്രണം രോഗ വ്യാപനത്തിൽ മാറ്റമുണ്ടായാൽ പുനഃപരിശോധിക്കുമെന്നും വാസു പറഞ്ഞു.