തിരുവനന്തപുരം:തമ്പാനൂരിൽ ഗർഭിണിയായ യുവതിയെ കടന്നുപിടിച്ച കേസിലെ പ്രതി പിടിയിൽ. പുതിയതുറ സ്വദേശി ടൈറ്റസ് (31) ആണ് പിടിയിലായത്. പ്രതി മാനസിക വൈകല്യമുള്ള ആളാണെന്നും സ്‌ത്രീകൾക്കെതിരെയുള്ള ആക്രമണ കേസുകളിൽ സ്ഥിരം പ്രതിയാണെന്നും തമ്പാനൂർ പൊലീസ് പറഞ്ഞു.
ഇന്നലെ രാവിലെ 11 മണിയോടെ പുതിയതുറ ഭാഗത്തു നിന്നുമാണ് തമ്പാനൂർ പൊലീസ് ഇയാളെ പിടികൂടിയത്. ജൂൺ 12 തിങ്കളാഴ്‌ച രാവിലെ 11 മണിക്ക് റെയിൽവേ സ്റ്റേഷനോട് ചേർന്നുള്ള നടപ്പാതയിൽ വച്ചായിരുന്നു ഗർഭിണിയായ യുവതിയെ ആക്രമിച്ചത്. തമ്പാനൂർ എസ്എച്ച്ഒ പ്രകാശിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം സ്ഥലത്തെ സിസിടിവി കാമറകളിൽ നിന്നും ദൃശ്യങ്ങൾ ശേഖരിച്ചു.
സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് സ്‌ത്രീകൾക്കെതിരായ അതിക്രമ കേസുകളിലെ സ്ഥിരം പ്രതിയാണ് ടൈറ്റസ് എന്ന് തിരിച്ചറിഞ്ഞത്. അക്രമി തമിഴ്‌നാട് സ്വദേശിയാണ് എന്നായിരുന്നു പൊലീസിന്‍റെ സംശയം. സംഭവത്തിൽ പ്രതിയെ പിടികൂടുന്നത് വൈകിയതോടെ കമ്മിഷണറുടെ നേതൃത്വത്തിൽ യോഗം നടന്നിരുന്നു.
കേസിന്‍റെ അന്വേഷണ പുരോഗതി വിലയിരുത്താനായിരുന്നു കമ്മിഷണറുടെ അധ്യക്ഷതയിൽ യോഗം ചേർന്നത്. ലഭിച്ച സിസിടിവി ദൃശ്യങ്ങളിൽ നഗരത്തിലെ പ്രമുഖ വസ്‌ത്രശാലയിലെ ജീവനക്കാരുടെ യൂണിഫോമിന് സമാനമായ വസ്‌ത്രമാണ് പ്രതി ധരിച്ചിരിന്നത്. ഇത് കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം നടത്തി.
Also Read:തമ്പാനൂരിൽ ഗർഭിണിയെ അതിക്രമിച്ച സംഭവം; പ്രതിയെന്ന് സംശയിക്കുന്നയാളുടെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന്
അതേസമയം കഴിഞ്ഞ മാർച്ച് 13ന് വഞ്ചിയൂർ മൂലവിളാകത്ത് മരുന്ന് വാങ്ങാൻ മെഡിക്കൽ ഷോപ്പിൽ പോയി മടങ്ങവെ സ്‌ത്രക്ക് നേരെ ക്രൂരമായ ആക്രമണം നടന്നിരുന്നു. രാത്രി 11ന് മരുന്ന് വാങ്ങാനായി വഞ്ചിയൂർ മൂലവിളാകം ജങ്ഷനിലെത്തിയ 49-കാരിയെ ബൈക്കിലെത്തിയയാള്‍ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. മര്‍ദനത്തില്‍ സ്‌ത്രീയുടെ കൈയ്‌ക്കും കണ്ണിനും പരിക്കേറ്റു.
സംഭവത്തെ തുടര്‍ന്ന് ഉടന്‍തന്നെ പേട്ട പൊലീസില്‍ വിവരമറിയിച്ചെങ്കിലും പൊലീസിന്‍റെ ഭാഗത്ത് നിന്ന് യാതൊരുവിധ നടപടിയുമുണ്ടായില്ലെന്ന ആക്ഷേപം ഉയര്‍ന്നു. ഫോണ്‍ വിളിച്ചതോടെ മേല്‍വിലാസം ചോദിച്ചതിന് ശേഷം ഫോണ്‍ കട്ട് ചെയ്യുകയായിരുന്നു എന്നാണ് സ്‌ത്രീ പറഞ്ഞത്. പൊലീസ് സഹായം ലഭ്യമാകില്ലെന്ന് മനസിലായതോടെ ഇവര്‍ മകളെയും കൂട്ടി സ്വകാര്യ ആശുപത്രിയിലെത്തി ചികിത്സ തേടുകയായിരുന്നു.
ചികിത്സ തേടിയതിന് ശേഷമാണ് തങ്ങളുമായി ബന്ധപ്പെട്ടതെന്നും പൊലീസിനെതിരെ ഇവര്‍ പരാതി ഉന്നയിച്ചിരുന്നു. സംഭവത്തെ തുടര്‍ന്ന് സ്‌ത്രീ കമ്മിഷണർക്ക് പരാതി നൽകിയതിന് ശേഷമാണ് പൊലീസ് അന്വേഷണത്തിന് തയ്യാറായത്. അന്വേഷണത്തിലെ അനാസ്ഥയെ തുടര്‍ന്ന് രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്‌തിരുന്നു. ആക്രമണം നടന്നിട്ടും സ്റ്റേഷനിലുണ്ടായിരുന്ന എസ്‌ഐയെയോ സിഐയെയോ വിവരം അറിയിച്ചില്ലെന്ന് കമ്മിഷണറുടെ അന്വേഷണത്തില്‍ വ്യക്തമായതിനെ തുടർന്നായിരുന്നു സസ്‌പെന്‍ഷൻ നടപടി.