തിരുവനന്തപുരം:പ്രശസ്‌ത എഴുത്തുകാരി സാറാ തോമസ് അന്തരിച്ചു. 88 വയസായിരുന്നു. തിരുവനന്തപുരം നന്ദാവനത്തെ മകളുടെ വീട്ടില്‍ വീട്ടില്‍ ഇന്ന് (31.03.23) രാവിലെയായിരുന്നു അന്ത്യം. സംസ്‌കാരം നാളെ പാറ്റൂര്‍ മാര്‍ത്തോമ പള്ളി സെമിത്തേരിയില്‍ നടക്കും.
1979 ല്‍ സാഹിത്യ അക്കാദമി പുരസ്‌കാരം ഉള്‍പ്പെടെയുള്ള പുരസ്‌കാരങ്ങള്‍ നേടിയ സാറാ തോമസ് തന്‍റെ 34-ാം വയസില്‍ 'ജീവിതമെന്ന നടി' എന്ന നോവലാണ് ആദ്യമായി എഴുതി പ്രസിദ്ധീകരിച്ചത്. ആദ്യ നോവലോട് കൂടി തന്നെ വായനക്കാരുടെ ശ്രദ്ധ നേടിയ എഴുത്തുകാരില്‍ ഒരാളായിരുന്നു സാറാ തോമസ്. 1971 ല്‍ രചിച്ച 'മുറിപ്പാടുകള്‍' എന്ന നോവലിലൂടെ വന്‍ സ്വീകാര്യത ലഭിച്ചു. പിന്നീട് പി എ ബക്കറിന്‍റെ സംവിധാനത്തില്‍ 'മണി മുഴക്കം' എന്ന പേരില്‍ 'മുറിപ്പാടുകള്‍' വെള്ളിത്തിരയിലുമെത്തി.
ചിത്രത്തിന് മികച്ച ഫീച്ചര്‍ ഫിലിമിനുള്ള ദേശീയ പുരസ്‌കാരവും മികച്ച ചിത്രത്തിനുള്ള സംസ്ഥാന പുരസ്‌കാരവും ലഭിച്ചു. പിന്നീട് ഏറെ നിരൂപക പ്രശംസ പിടിച്ചുപറ്റിയ അസ്‌തമയം, പവിഴമുത്ത്, അര്‍ച്ചന എന്നീ നോവലുകളും സിനിമകളായി. എന്നാല്‍ സാറാ തോമസ് എന്ന എഴുത്തുകാരി മലയാളികളുടെ ഹൃദയത്തില്‍ സ്ഥാനം നേടുന്നത് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ നേടിയ 'നാര്‍മടി പുടവ', 'ദൈവമക്കള്‍' എന്നീ നോവലുകളിലൂടെയാണ്.
Also Read:വാക്കുകൾ മുറിയുന്നുവെന്ന് ദിലീപ്, നൽകിയ ചിരികൾക്ക് നന്ദി പറഞ്ഞ് മഞ്ജു, ഐതിഹാസിക അധ്യായത്തിന്‍റെ അവസാനമെന്ന് പൃഥ്വി
മലയാള സാഹിത്യ രംഗത്ത് ദലിത് പശ്ചാത്തലവും പോരാട്ടവും ആധുനിക കാലത്തിന്‍റെ ചേരുവകളോടെ വായനക്കാരിലേക്കെത്തിച്ച ചുരുക്കം ചില എഴുത്തുകാരില്‍ ഒരാളാണ് സാറാ തോമസ്. എന്നാല്‍, തമിഴ് ബ്രാഹ്മണരുടെ ജീവിതമായിരുന്നു നാര്‍മടി പുടവയിലൂടെ സാറാ തോമസ് വായനക്കാരിലേക്കെത്തിച്ചത്.
'ദൈവമക്കള്‍' എന്ന നോവലിലൂടെ അധസ്‌തിത വിഭാഗം സമൂഹത്തിന്‍റെ മുഖ്യധാരയില്‍ നേരിടുന്ന വംശീകരണത്തിനും കൃത്യമായി വരച്ചു കാട്ടുന്ന നോവലിന് അക്കാദമിക് നിരൂപക പ്രശംസ നേടിയിട്ടുണ്ട്. കാവേരിയാണ് അവസാനമായി പ്രസിദ്ധീകരിച്ച നോവല്‍. 'ദൈവമക്കൾ' എന്ന നോവലിൽ ദലിതർ അനുഭവിച്ചിരുന്ന അനീതികളെക്കുറിച്ചും സാമൂഹിക അസമത്വങ്ങളെ കുറിച്ചുമൊക്കെയാണ് അവർ വിവരിക്കുന്നത്. ദലിത് എഴുത്തുകാരി എന്നോ പെണ്ണെഴുത്തുകാരി എന്നോ തന്നെ വേർതിരിക്കുന്നതിനോടു തനിക്ക് താൽപ്പര്യമില്ലെന്നാണ് ഒരിക്കൽ തന്‍റെ എഴുത്തിനെ കുറിച്ച് സാറാ തോമസ് പറഞ്ഞത്.
"തന്നെ സാധാരണക്കാരുടെ എഴുത്തുകാരിയായി കാണുന്നതാണ് ഏറെ ഇഷ്‌ടം. താൻ എഴുത്തിന് എപ്പോഴും രണ്ടാം സ്ഥാനമാണ് നൽകുന്നത്. അതിന്‍റെ പോരായ്‌മകളും തന്‍റെ എഴുത്തുകളിലുണ്ട്. താൻ ഇപ്പോഴും കുടുംബിനിയായി നിന്ന് മാത്രമേ എഴുതിയിട്ടുള്ളൂ. ചെറുപ്പത്തിൽ താൻ അനുഭവിച്ച അസ്വാതന്ത്ര്യത്തെക്കുറിച്ച് ഓർത്ത് പിൽക്കാലത്ത് ദുഃഖം തോന്നിയിട്ടുണ്ടെന്നും" സാറാ തോമസ് പറഞ്ഞിട്ടുണ്ട്.
1934ല്‍ തിരുവനന്തപുരത്ത് വച്ചായിരുന്നു സാറാ തോമസിന്‍റെ ജനനം. നോവലിസ്റ്റ് എന്നതിന് പുറമെ ചെറുകഥാകൃത്ത് എന്ന നിലയിലും സാറാ തോമസ് ശ്രദ്ധേയയായിരുന്നു.
Also Read:ചിരിച്ചങ്ങലയില്‍ കണ്ണീര്‍ത്തുള്ളികള്‍ ഞാത്തിയിട്ട വേഷപ്പകര്‍ച്ചകള്‍; ഇന്നസെന്‍റിലൂടെ തന്നുള്ളിലേക്ക് നോക്കിയ മലയാളി