തിരുവനന്തപുരം: കേരളം ഏറെ ചര്‍ച്ച ചെയ്‌ത ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസ് പ്രമേയമാകുന്ന മായിഘട്ട് ക്രൈം നമ്പര്‍ 103/2005 എന്ന മറാത്ത ചിത്രത്തിന്‍റെ പ്രദര്‍ശനം ഇന്ന്. മകന്‍റെ കൊലപാതകത്തിന് ഉത്തരവാദികളായവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുന്നതിന് ഉദയകുമാറിന്‍റെ അമ്മ പ്രഭാവതി നടത്തുന്ന നിയമപോരാട്ടമാണ് ചിത്രത്തിന്‍റെ പ്രമേയം. ആനന്ദ് മഹാദേവന്‍ സംവിധാനം ചെയ്‌ത ചിത്രം കലാഭവന്‍ തിയേറ്ററില്‍ 3.15നാണ് പ്രദര്‍ശിപ്പിക്കുന്നത്. രാജ്യാന്തര ചലച്ചിത്രോത്സവത്തിന്‍റെ മൂന്നാം ദിനം പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളില്‍ ഒന്നാണ് മായിഘട്ട്. ഇന്ത്യന്‍ സിനിമ ഇന്ന് എന്ന വിഭാഗത്തിലാണ് മായിഘട്ട് പ്രദര്‍ശിപ്പിക്കുക. പ്രഭാവതിയമ്മയുടെ ജീവിതം വെള്ളിത്തിരയില്‍ അനശ്വരമാക്കിയ ഉഷാ ജാദവിന് ഗോവന്‍ മേളയില്‍ മികച്ച നടിക്കുള്ള രജതചകോരം ലഭിച്ചിരുന്നു.
മായിഘട്ട് ക്രൈം നമ്പര്‍ 103/2005 പ്രക്ഷകർ കാത്തിരിക്കുന്ന ദക്ഷിണ കൊറിയന്‍ ചിത്രം പാരസൈറ്റിന്‍റെ ആദ്യ പ്രദര്‍ശനവും ഇന്ന് നടക്കും. നിശാഗന്ധിയില്‍ വൈകിട്ട് ആറിനാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. കാനിലെ പാം ഡി ഓര്‍ ഉള്‍പ്പെടെ വിവിധ ലോകോത്തര മേളകളില്‍ പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കിയ ചിത്രം കൂടിയാണ് പാരസൈറ്റ്. ബോങ് ജൂന്‍ ഹോ ആണ് ഈ കോമിക് ത്രില്ലര്‍ ഒരുക്കിയിരിക്കുന്നത്.
ടര്‍ക്കിഷ് ചിത്രം ഡിജിറ്റല്‍ കാപ്‌റ്റിവിറ്റിയാണ് ഇന്നത്തെ മറ്റൊരാകര്‍ഷണം. എറേ കാവുക്കാണ് ചിത്രം സംവിധാനം ചെയ്‌തിരിക്കുന്നത്. ജല്ലിക്കെട്ടിനെ കൂടാതെ മത്സര വിഭാഗത്തിലുള്ള മലയാള ചിത്രമായ വൃത്താകൃതിയിലുള്ള ചതുരത്തിന്‍റെ പ്രദര്‍ശനവും ഇന്നുണ്ടാകും. ചിത്രത്തിന്‍റെ ലോകത്തിലെ തന്നെ ആദ്യ പ്രദര്‍ശനമാണിത്. മത്സര വിഭാഗത്തില്‍ ഉൾപ്പെട്ട മലയാള ചിത്രമെന്ന നിലയ്ക്ക് ചിത്രത്തെ പ്രതീക്ഷയോടു കൂടിയാണ് സിനിമപ്രേമികൾ കാത്തിരിക്കുന്നത്.
ലോക സനിമ വിഭാഗത്തിലെ ഏഴു സിനിമകളുടെ ഇന്ത്യയിലെ ആദ്യ പ്രദര്‍ശനവും ഇന്ന് നടക്കും. ജോഹന്നാസ് നൈലോം സംവിധാനം ചെയ്‌ത കൊക്കോ ഡി കൊക്കോ, ഷായ് ഷിയാങ് സംവിധാനം ചെയ്‌ത മൊസൈക്ക് പോട്രയിറ്റ്, മറീന ഡീ വാന്‍ സംവിധാനം ചെയ്‌ത മൈ ന്യൂഡിറ്റി മീന്‍സ് നത്തിങ്, ജൂവാന്‍ കബ്രാള്‍ സംവിധാനം ചെയ്‌ത ടൂ ബാര്‍ ഒണ്‍, ഇഗോട്ട് സംവിധാനം നിര്‍വഹിച്ച ഫൈവ് ഈസ് ദ പെര്‍ഫക്ട് നമ്പര്‍ , ബ്രോക്കര്‍ മിറേഴ്‌സ് ഹാപ്പി എന്‍ഡ് എന്നിവയുടെ ആദ്യ പ്രദര്‍ശനമാണ് നടക്കുക. ടൊറാന്‍റോ ചലച്ചിത്ര മേളയില്‍ മികച്ച പ്രതികരണം നേടിയ ഗീതു മോഹന്‍ദാസ് ചിത്രം മൂത്തോന്‍ കലേഡിസ്‌കോപ് വിഭാഗത്തിലും പ്രദര്‍ശനത്തിനുണ്ട്. വിവിധ വിഭാഗങ്ങളിലായി 63 ചിത്രങ്ങളാണ് ഇന്ന് പ്രദര്‍ശനത്തിനുള്ളത്.