തിരുവനന്തപുരം:സഞ്ചാര സ്വാതന്ത്ര്യത്തിന് വിലക്കേര്‍പ്പെടുത്തിയതിനെ തുടര്‍ന്ന്27ാമത് രാജ്യാന്തര ചലച്ചിത്ര മേളയില്‍ എത്താനാകാതെ മഹ്‌നാസ് മുഹമ്മദി. ഇറാനില്‍ സ്‌ത്രീകളുടെ അവകാശങ്ങള്‍ക്കായി പൊരുതുന്ന സംവിധായകയായ മഹ്‌നാസാണ് ഇത്തവണത്തെ സ്‌പിരിറ്റ് ഓഫ് സിനിമ അംഗീകാരത്തിന് അര്‍ഹയായത്.
ഗ്രീക്ക് ചലച്ചിത്ര പ്രവര്‍ത്തകയായ അതിന റേച്ചല്‍ സംഗാരിയാണ് മേളയില്‍ മഹ്‌നാസിന്‍റെ അവാര്‍ഡ് ഏറ്റുവാങ്ങിയത്. മേളയില്‍ പങ്കെടുക്കാനായില്ലെങ്കിലും തന്‍റെ സഹനത്തിന്‍റെ പ്രതീകമായി അതിനയുടെ പക്കല്‍ സ്വന്തം മുടി തുമ്പ് കൊടുത്ത് വിട്ടിരുന്നു മഹ്‌നാസ്. അവാര്‍ഡ് ഏറ്റുവാങ്ങിയതിന് ശേഷം ചലച്ചിത്ര അക്കാദമിയുടെ ചെയർമാൻ രഞ്ജിതിന് അതിന തലമുടി കൈമാറി.
ഭരണകൂട ഭീകരതക്കെതിരെയുള്ള ശക്തമായ പൊളിറ്റിക്കൽ സ്റ്റേറ്റ്‌മെന്‍റാണിതെന്ന് തലമുടി ഏറ്റുവാങ്ങി രഞ്ജിത് പറഞ്ഞു. 2003ല്‍ പുറത്തിറങ്ങിയ 'വുമൺ വിതൗട്ട് ഷാഡോ'യാണ് മഹ്‌നാസിന്‍റെ ആദ്യ ചിത്രം. ഇറാനിലെ ടെഹ്‌റാനിനും അംഗാരയ്‌ക്കും ഇടയില്‍ ട്രെയിന്‍ യാത്ര നടത്തുന്ന ഒരുക്കൂട്ടം അഭയാര്‍ഥികളുടെ കഥപറയുന്ന മഹ്‌നാസിന്‍റെ രണ്ടാമത്തെ ചിത്രമാണ് 'ട്രാവലോഗ്'.
ചിത്രം പുറത്തിറങ്ങിയതോടെയാണ് ഇറാൻ ഭരണകൂടം മഹ്‌നാസിനെതിരെ ശക്തമായ നടപടികൾ കൈകൊണ്ടു തുടങ്ങിയത്. രാജ്യ സുരക്ഷയ്ക്ക് ഭീഷണിയെന്ന് ചൂണ്ടിക്കാട്ടി മൂന്ന് തവണ മഹ്‌നാസ് തുറങ്കിലടക്കപ്പെട്ടു. പ്രതിഷേധത്തിന്‍റെയും പ്രതിരോധത്തിന്‍റെയും മാധ്യമമെന്ന നിലയിൽ സിനിമയെ സമീപിക്കുന്ന ലോകത്താകമാനമുള്ള ചലച്ചിത്ര പ്രവർത്തകർക്ക് മേളയില്‍ സ്‌പിരിറ്റ് ഓഫ് സിനിമ അവാര്‍ഡ് നല്‍കി ആദരിക്കാറുണ്ട്. ഇറാനിലെ മതാധിഷ്‌ഠിത സര്‍ക്കാരിന് എതിരെയുള്ള പ്രതിഷേധങ്ങൾക്ക് സിനിമയെ മാധ്യമമാക്കിയ മഹ്‌നാസ് മുഹമ്മദിയുടെ സംഭാവനകൾക്കുള്ള അംഗീകാരമാണ് ഈ അവാര്‍ഡ്.