ഇന്ത്യ ശ്രീലങ്ക ഏകദിന മത്സരത്തിൽ കാണികളുടെ എണ്ണം കുറഞ്ഞതിനെക്കുറിച്ച് എം വി ഗോവിന്ദന്‍ തിരുവനന്തപുരം : കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തില്‍ നടന്ന ഇന്ത്യ ശ്രീലങ്ക ഏകദിന മത്സരത്തിൽ കാണികളുടെ എണ്ണം കുറഞ്ഞത് എന്തുകൊണ്ടാണെന്ന് പരിശോധിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. കാണികൾ കുറഞ്ഞതിന്‍റെ എല്ലാ കാരണങ്ങളും പരിശോധിക്കണം. അല്ലാതെ കുരുടൻ ആനയെ കണ്ടതുപോലെ പ്രതികരിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രന്‍റെ അടക്കം വിമർശനം തള്ളിക്കൊണ്ടാണ് എം.വി ഗോവിന്ദൻ കായിക മന്ത്രി അബ്‌ദുറഹിമാനെ ന്യായീകരിച്ചത്. കായിക മന്ത്രിയുടെ പരാമർശം കൊണ്ടാണ് കാണികൾ എത്താതിരുന്നത് എന്ന് പറയുന്നത് ശരിയല്ല. പട്ടിണിക്കാരനും സമ്പന്നനും കായിക വിനോദം മൗലികമായ അവകാശമാണെന്നും അതിൽ സാമ്പത്തിക ഘടന തിരയുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
'താൻ അക്കാര്യം ഉദ്ദേശിച്ചിട്ടില്ലെന്ന് മന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ടിക്കറ്റ് നിരക്കുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മറുപടി പറയുമ്പോൾ അറിയാതെ വന്ന പരാമർശമാണ്. പാവപ്പെട്ടവർ ക്രിക്കറ്റ് കാണാൻ പാടില്ലെന്ന് മന്ത്രി പറഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ അതിനെ വിവാദമാക്കേണ്ട കാര്യമില്ല. പ്രതിപക്ഷ നേതാവിന്‍റെ വിമർശനം രാഷ്‌ട്രീയമാണ്, അതിനുമറുപടി പറയുന്നില്ല' - സിപിഎം സംസ്ഥാന സെക്രട്ടറി അഭിപ്രായപ്പെട്ടു.
ഇന്നലെ നടന്ന ഏകദിന മത്സരത്തിന് കാണികളുടെ പങ്കാളിത്തം വളരെ കുറവായിരുന്നു. 40,000ത്തോളം സീറ്റുകൾ ഉള്ള ഗ്രീൻഫീൽഡിൽ മൂന്നിലൊന്ന് കാണികളാണ് എത്തിയത്. 6201 ടിക്കറ്റുകൾ മാത്രമാണ് വിറ്റുപോയത്. ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ചതില്‍ വിമർശനം ഉയർന്നപ്പോഴാണ് പട്ടിണി കിടക്കുന്നവർ ക്രിക്കറ്റ് കാണേണ്ട എന്ന വിവാദ പരാമർശം കായികമന്ത്രി നടത്തിയത്.
ഇതേതുടർന്ന്, മത്സരം ബഹിഷ്‌കരിക്കണമെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ അടക്കം ക്യാമ്പയിനുകൾ നടന്നിരുന്നു. കാണികളുടെ എണ്ണം കുറഞ്ഞതും മന്ത്രിയുടെ വിവാദ പരാമർശവും പ്രതിപക്ഷമടക്കം ആയുധമാക്കുകയാണ്.