തിരുവനന്തപുരം :പുതുപ്പള്ളി തെരഞ്ഞെടുപ്പിൽ (Puthuppally Bypoll) സഹതാപ തരംഗം ആഞ്ഞുവീശിയത് കൊണ്ടാണ് യുഡിഎഫ് വലിയ വിജയം നേടിയതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ (M V Govindan On Puthuppally Bypoll Result). യു ഡി എഫ് വിജയം അംഗീകരിക്കുന്നു. സഹതാപ തരംഗമാണ് (Wave of sympathy) വിജയത്തിൻ്റെ അടിസ്ഥാനം. മരണാനന്തര ചടങ്ങിന് ഇടയിൽ നടന്ന തെരഞ്ഞെടുപ്പ് സഹതാപ തരംഗം വർധിപ്പിച്ചു. അതിനാവശ്യമായ പ്രചാരണ പ്രവർത്തനങ്ങൾ യുഡിഎഫ് സംഘടിപ്പിക്കുകയും ചെയ്‌തു.
13 തവണയും ഉമ്മൻചാണ്ടി വിജയിച്ചു എന്ന് ചാണ്ടി ഉമ്മൻ പറഞ്ഞത് സത്യമാണ്. ഇടത് പക്ഷത്തിൻ്റെ വോട്ടിൽ കാര്യമായ കുറവുണ്ടായിട്ടില്ല. നല്ല രീതിയിൽ നടന്ന സംഘടന പ്രവർത്തനം കൊണ്ടാണ് 42,000 വോട്ട് ലഭിച്ചത്. അതുകൊണ്ട് തന്നെ പുതുപ്പള്ളിയിലെ പാർട്ടി അടിത്തറയ്‌ക്ക് ഒരു കോട്ടവും ഉണ്ടായിട്ടില്ലെന്നും ഗോവിന്ദൻ പറഞ്ഞു.
ബി ജെ പി വോട്ടിൽ വലിയ ചോർച്ചയുണ്ടായി. ബിജെപി വോട്ടുകൾ കൂടി ലഭിച്ചതോടെയാണ് യുഡിഎഫിന് ഇത്രയും വലിയ ഭൂരിപക്ഷം ഉണ്ടായത്. പരാജയ കാരണങ്ങൾ വിശദമായി പരിശോധിക്കും. ആവശ്യമായ ജാഗ്രതയോടെ മുന്നോട്ടുപോകുമെന്നും ഗോവിന്ദൻ പറഞ്ഞു.
വലിയ അവകാശ വാദം ഒരു ഘട്ടത്തിലും സിപിഎം നടത്തിയില്ല :രാഷ്‌ട്രീയമായാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. അതിനാൽ വലിയ അവകാശ വാദം ഒരു ഘട്ടത്തിലും സിപിഎം നടത്തിയില്ല. സർക്കാരിനുള്ള താക്കീതായി തെരഞ്ഞെടുപ്പ് ഫലത്തെ കാണുന്നില്ല. സർക്കാറിൻ്റെ പ്രവർത്തനം വിലയിരുത്തിയിട്ടുണ്ട്. അതിനാലാണ് ഇത്രയും വോട്ട് ലഭിച്ചത്.