കേരളം

kerala

' അക്ഷരങ്ങളും ആകാശദീപങ്ങളും സാക്ഷി'; 12 വർഷങ്ങൾ... മലയാളിയുടെ പാട്ടോർമയില്‍ എന്നും ഗിരീഷ് പുത്തഞ്ചേരി

പാട്ടെഴുത്തിന് സംസ്ഥാന സർക്കാരിൻ്റെ പുരസ്‌കാരം ഏഴ് തവണ നേടി. ആനന്ദവും വേദനയും പ്രണയവും വിരഹവും ഇച്ഛാഭംഗവും ചേർത്തെഴുതിയ 1500ഓളം പാട്ടുകൾ ലോകത്തിന് സമ്മാനിച്ചുകൊണ്ട് പുത്തഞ്ചേരി മറഞ്ഞിട്ട് 12 വർഷം.

By

Published : Feb 10, 2022, 1:25 PM IST

Published : Feb 10, 2022, 1:25 PM IST

Updated : Feb 10, 2022, 2:26 PM IST

12th death anniversary of malayalam lyricist and poet gireesh puthenchery  lyricist gireesh puthenchery 12th death anniversary  ഗിരീഷ് പുത്തഞ്ചേരി  പാട്ടെഴുത്തുകാരൻ ഗിരീഷ് പുത്തഞ്ചേരി  ഗാനരചയിതാവ് ഗിരീഷ് പുത്തഞ്ചേരി ഓർമയായിട്ട് 12 വർഷം  ഗിരീഷ് പുത്തഞ്ചേരി 12-ാം വാർഷികം  ഗിരീഷ് പുത്തഞ്ചേരി പാട്ടുകൾ  songs of gireesh puthenchery
ഹരിമുരളീരവം നിലച്ചിട്ട് 12 വർഷം; അനശ്വര വരികളിലൂടെ ഇന്നും ഒർമകളിൽ ഗിരീഷ് പുത്തഞ്ചേരി

തിരുവനന്തപുരം :മലയാളികൾ എക്കാലവും ഹൃദയത്തില്‍ ചേർത്തുവെക്കുന്ന ഒരുപിടി നല്ല ഗാനങ്ങൾ 'കൈക്കുടന്ന' നിറയെ പകർന്നുനൽകിയ പ്രിയ പാട്ടെഴുത്തുകാരൻ... അനശ്വര ഗാനരചയിതാവ് ഗിരീഷ് പുത്തഞ്ചേരി വിടവാങ്ങിയിട്ട് 12 വർഷം.

പുത്തഞ്ചേരിയുടെ പാട്ടുകളിൽ ഏതാണ് പ്രിയപ്പെട്ടതെന്ന ചോദ്യത്തിന് ആരും ഒരുവട്ടം ആലോചിക്കും. ഹരിമുരളീരവം, സൂര്യകിരീടം വീണുടഞ്ഞു, അമ്മമഴക്കാറിന് കൺനിറഞ്ഞു, മറന്നിട്ടുമെന്തിനോ, എത്രയോ ജന്മമായ്, ഒരു രാത്രി കൂടി വിടവാങ്ങവേ, ഇന്നലെ എന്‍റെ നെഞ്ചിലെ... അങ്ങനെ നീളുന്നു പ്രിയ ഗാനങ്ങൾ. ഗിരീഷ് പുത്തഞ്ചേരി മറഞ്ഞിട്ട് ഒരു വ്യാഴവട്ടം പൂർത്തിയാകുമ്പോഴും മലയാളി ഓർത്തു പാടുകയാണ് അദ്ദേഹത്തിന്‍റെ മധുര സംഗീതം.

പാട്ടിന്‍റെ പാലാഴി നിറച്ച പാട്ടെഴുത്തുകാരൻ

പാട്ടിന്‍റെ പാലാഴി നിറഞ്ഞൊഴുകിയ കാലം

പാട്ടെഴുത്തിന് സംസ്ഥാന സർക്കാരിൻ്റെ ഏഴ് പുരസ്‌കാരങ്ങൾ നേടിയ ഗിരീഷ് പുത്തഞ്ചേരിക്ക് മുന്നിൽ 14 തവണ പുരസ്‌കാരം നേടിയ ഒ.എൻ.വി മാത്രം. 1995ൽ 'അഗ്നിദേവൻ' എന്ന ചിത്രത്തിലെ 'ഒരു പൂവിതളിൽ' എന്ന ഗാനത്തിനായിരുന്നു ആദ്യ സംസ്ഥാന പുരസ്‌കാരം.

1997ൽ 'കൃഷ്‌ണഗുഡിയിൽ ഒരു പ്രണയകാലത്ത്' എന്ന ചിത്രത്തിലെ 'പിന്നെയും പിന്നെയും' എന്ന കവിത, 2001ൽ 'രാവണപ്രഭു'വിലെ 'ആകാശദീപങ്ങൾ സാക്ഷി', 2002ൽ 'നന്ദന'ത്തിലെ 'കാർമുകിൽ വർണൻ്റെ ചുണ്ടിൽ', 2003ൽ 'ഗൗരിശങ്കര'ത്തിലെ 'ഉറങ്ങാതെ രാവുറങ്ങി', 2004ൽ 'കഥാവശേഷനി'ലെ 'കണ്ണുനട്ടു കാത്തിരുന്നിട്ടും' തുടങ്ങിയ ഗാനങ്ങളും അദ്ദേഹത്തെ പുരസ്‌കാര നിറവിലെത്തിച്ചു. അതിനും എത്രയോ മേലെയാണ് രണ്ട് പതിറ്റാണ്ട് കൊണ്ട് മലയാള ചലച്ചിത്ര ഗാനശാഖയ്‌ക്ക് അദ്ദേഹം നൽകിയ സംഭാവനകൾ.

ഗിരീഷ് പുത്തഞ്ചേരി, ഒരു പഴയ ചിത്രം

1989ൽ 'ചക്രവാളത്തിനപ്പുറം' എന്ന സിനിമയിലെ ഗാനങ്ങൾ എഴുതിയാണ് അദ്ദേഹം ചലച്ചിത്ര രംഗത്തെത്തിയത്. കൈതപ്രം ദാമോദരൻ നമ്പൂതിരി മലയാളത്തിലെ ഏറ്റവും തിരക്കേറിയ പാട്ടെഴുത്തുകാരനായിരുന്ന അതേകാലത്ത് കൈതപ്രത്തിനൊപ്പം ഗിരീഷ് പുത്തഞ്ചേരിക്കും അവസരങ്ങൾ ലഭിച്ചു. 1997ൽ മാത്രം 30 സിനിമകൾക്കു വേണ്ടി 190 ഓളം പാട്ടുകൾ പുത്തഞ്ചേരി രചിച്ചു. പി. ഭാസ്‌കരനെയും വയലാറിനെയും ഒ.എൻ.വിയെയും ശ്രീകുമാരൻ തമ്പിയെയും കൈതപ്രത്തെയുമെല്ലാം ആദരവോടെ അദ്ദേഹം മനസിൽ സൂക്ഷിച്ചു.

വരികളിൽ കാവ്യാത്മകത നിറച്ച അനശ്വര പ്രതിഭ

അനന്യമായ സംഗീതബോധവും നിരന്തരം പുതുക്കിയെടുക്കുന്ന ഭാഷാപ്രയോഗങ്ങളും വായനയും ഏതു സന്ദർഭത്തിലും പാട്ടെഴുതാൻ ഗിരീഷ് പുത്തഞ്ചേരിയെ സഹായിച്ചു. കവിത്വമായിരുന്നു അദ്ദേഹത്തിന്‍റെ മുതൽക്കൂട്ട്. സിനിമയുടെ സന്ദർഭത്തിലൊതുങ്ങി നിന്ന് പാട്ടെഴുതേണ്ട പരിമിതിയിൽ പോലും വരികളിൽ കവിത നിറയ്ക്കുന്നതാണ് ഗിരീഷ് പുത്തഞ്ചേരിയുടെ മാന്ത്രികത.

വിദ്യാസാഗർ, എസ്.പി വെങ്കിടേഷ്, എം. ജയചന്ദ്രൻ, രവീന്ദ്രൻ, ഔസേപ്പച്ചൻ, മോഹൻസിതാര, ബേണി ഇഗ്നേഷ്യസ്, ജോൺസൺ, എം.ജി രാധാകൃഷ്‌ണൻ, ഇളയരാജ തുടങ്ങിയ മഹാരഥൻമാരുടെ ഈണങ്ങൾ കൂടി ചേർന്നതോടെ മലയാളസിനിമയിൽ പിറന്നത് എക്കാലത്തെയും മികച്ച ഗാനങ്ങൾ.

മോഹൻലാലിനൊപ്പം ഗിരീഷ് പുത്തഞ്ചേരി

'തച്ചോളി വർഗീസ് ചേകവർ' എന്ന ചിത്രത്തിലെ 'മാലേയം മാറോടലിഞ്ഞും', 'കന്മദ'ത്തിലെ 'മൂവന്തിത്താഴ്‌വരയിൽ', 'അനന്തഭദ്ര'ത്തിലെ 'തിരനുരയും ചുരുൾമുടിയിൽ', 'പ്രണയവർണ'ത്തിലെ 'ആരോ വിരൽ മീട്ടി', 'കാലാപാനി'യിലെ 'ചെമ്പൂവേ പൂവേ'... തുടങ്ങി ആസ്വാദകരുടെയുള്ളിൽ ആഴത്തിലിറങ്ങുന്ന എത്രയെത്ര ഗാനങ്ങൾ. പ്രണയും വിരഹവും മുതൽ അടിച്ചുപൊളി ഗാനങ്ങൾ വരെ അദ്ദേഹത്തിന് ഒരുപോലെ വഴങ്ങും. ഏത് തലമുറക്കാർക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന പാട്ടുകളെന്നതും പ്രത്യേകതയാണ്.

അക്ഷരങ്ങളെ ജീവിതമാക്കിയ പുത്തഞ്ചേരി

പാട്ടെഴുത്തിന് പുറമേ കഥയും തിരക്കഥയും സംഭാഷണവും അദ്ദേഹം എഴുതിയിരുന്നു. മേലേപ്പറമ്പിൽ ആൺവീട്, ഇക്കരെയൊണെൻ്റെ മാനസം, പല്ലാവൂർ ദേവനാരായണൻ, വടക്കുംനാഥൻ എന്നീ ചിത്രങ്ങൾക്ക് കഥയൊരുക്കിയത് പുത്തഞ്ചേരിയാണ്. വടക്കുംനാഥൻ, പല്ലാവൂർ ദേവനാരായണൻ, കിന്നരിപ്പുഴയോരം എന്നീ ചിത്രങ്ങൾക്ക് തിരക്കഥയും സംഭാഷണവുമെഴുതി.

എം.ജി രാധാകൃഷ്‌ണനോടൊപ്പം ഗിരീഷ് പുത്തഞ്ചേരി

അക്ഷരങ്ങളായിരുന്നു ഗിരീഷ് പുത്തഞ്ചേരിയുടെ ജീവിതം. 21 കൊല്ലമാണ് സിനിമാക്കാരനായിരുന്നത്. 49-ാം വയസിൽ മരണം കവർന്നെടുത്തപ്പോഴും ഒരുപിടി നിത്യഹരിത ഗാനങ്ങൾ ലോകത്തിന് സമർപ്പിച്ചുകൊണ്ടാണ് അദ്ദേഹം വിടവാങ്ങിയത്.

മനുഷ്യൻ്റെ ആനന്ദവും വേദനയും പ്രണയവും വിരഹവും ഇച്ഛാഭംഗവും ചേർത്തെഴുതിയ 1500ഓളം പാട്ടുകൾ. അതുമതി, ആ ജീവിതം സാർത്ഥകവും സുന്ദരവുമാക്കാൻ.

ALSO READ: അമോല്‍ പലേക്കര്‍ ആശുപത്രിയിൽ; ആരോഗ്യ സ്ഥിതി തൃപ്‌തികരം

Last Updated : Feb 10, 2022, 2:26 PM IST

ABOUT THE AUTHOR

...view details