കേരളം

kerala

ETV Bharat / state

തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് മുന്നേറ്റം ; 4 സീറ്റുകള്‍ കൈവിട്ട് യുഡിഎഫ്, തൃപ്പൂണിത്തുറയില്‍ ബിജെപിയുടെ അട്ടിമറി - Local government by elections Result update

20 സീറ്റുണ്ടായിരുന്ന എല്‍ഡിഎഫിന്റെ അംഗബലം 24 ആയി. 16 സീറ്റുണ്ടായിരുന്ന യുഡിഎഫിന് 4 സീറ്റുകള്‍ നഷ്ടമായി. 6 വാര്‍ഡുകളുണ്ടായിരുന്ന ബി.ജെ.പി ആറും നിലനിര്‍ത്തി

തദ്ദേശ ഭരണ ഉപതെരഞ്ഞെടുപ്പ്  Local government by elections Result update  തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പ്
തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് മുന്നേറ്റം ; 4 സീറ്റുകള്‍ കൈവിട്ട് യുഡിഎഫ്, തൃപ്പൂണിത്തുറയില്‍ ബിജെപിയുടെ അട്ടിമറി

By

Published : May 18, 2022, 3:46 PM IST

തിരുവനന്തപുരം :സംസ്ഥാനത്തെ 42 തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് മുന്നേറ്റം. 20 സീറ്റുണ്ടായിരുന്ന എല്‍ഡിഎഫിന്റെ അംഗബലം 24 ആയി ഉയര്‍ന്നു. 16 സീറ്റുണ്ടായിരുന്ന യുഡിഎഫിന് നാല് സീറ്റുകള്‍ നഷ്ടമായി. ആറ് സീറ്റുണ്ടായിരുന്ന ബി.ജെ.പി ആറും നിലനിര്‍ത്തി. ബി.ജെ.പി ജയിച്ച ചിലയിടങ്ങളില്‍ യുഡിഎഫ് മൂന്നാമതായിട്ടുണ്ട്. ബിജെപി ജയിച്ചപ്പോള്‍ എല്‍ഡിഎഫ് മൂന്നാമതായ വാര്‍ഡുകളുമുണ്ട്.

സീറ്റുകളുടെ എണ്ണത്തില്‍ മുന്നേറാനായെങ്കിലും സി.പി.എം ഭരണത്തിലുള്ള തൃപ്പൂണിത്തുറ നഗരസഭയില്‍ എല്‍ഡിഎഫിന്റെ രണ്ട് സിറ്റിംഗ് സീറ്റുകള്‍ ബി.ജെ.പി പിടിച്ചതോടെ എല്‍ഡിഎഫിന് കേവല ഭൂരിപക്ഷം നഷ്ടമായി. കൊല്ലം ജില്ലയിലെ വെളിനല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ മുളയറച്ചാല്‍ വാര്‍ഡ് യു.ഡി.എഫ് പിടിച്ചെടുത്തതോടെ അവിടെയും എല്‍ഡിഎഫിന് കേവല ഭൂരിപക്ഷം നഷ്ടമായി. ആകെ ഒമ്പത് വാര്‍ഡുകളാണ് എല്‍ഡിഎഫ് പിടിച്ചെടുത്തത്. ഇതില്‍ ഏഴ് എണ്ണം യു.ഡി.എഫില്‍ നിന്നും രണ്ടെണ്ണം ബി.ജെ.പിയില്‍ നിന്നുമാണ്.

യുഡിഎഫില്‍ നിന്ന് എല്‍ഡിഎഫ് പിടിച്ചെടുത്തവ : കൊല്ലം പെരിനാട് പഞ്ചായത്തിലെ നാന്തിരിക്കല്‍, ശൂരനാട് പഞ്ചായത്തിലെ സംഗമം, പത്തനംതിട്ട റാന്നി അങ്ങാടിക്കല്‍ പഞ്ചായത്തിലെ ഈട്ടിച്ചുവട്, ഇടുക്കി ഉടുമ്പന്നൂര്‍ പഞ്ചായത്തിലെ വെള്ളന്താനം, ട്വിന്റി ട്വിന്റി ഭരിക്കുന്ന എറണാകുളം കുന്നത്തുനാട് പഞ്ചായത്തിലെ വെമ്പിള്ളി, തൃശൂര്‍ തൃക്കൂര്‍ പഞ്ചായത്തില ആലങ്ങോട്, മലപ്പുറം വള്ളികുന്ന് പഞ്ചായത്തിലെ പരുത്തിക്കാട്.

ബി.ജെ.പിയില്‍ നിന്ന് എല്‍.ഡി.എഫ് പിടിച്ചവ- കൊല്ലം ആര്യങ്കാവ് പഞ്ചായത്തിലെ കഴുതുരുട്ടി, പാലക്കാട് പല്ലശന പഞ്ചായത്തിലെ കൂടല്ലൂര്‍.

എല്‍ഡിഎഫില്‍ നിന്ന് യു.ഡി.എഫ് പിടിച്ചെടുത്തവ -തിരുവനന്തപുരം പൂവാര്‍ പഞ്ചായത്തിലെ അരശുംമൂട്, കൊല്ലം വെളിനല്ലൂര്‍ പഞ്ചായത്തിലെ മുളയറച്ചാല്‍, മലപ്പുറം ജില്ലയിലെ ആലംകോട് പഞ്ചായത്തിലെ ഉദിനു പറമ്പ.

എല്‍ഡിഎഫില്‍ നിന്ന് ബി.ജെ.പി പിടിച്ചെടുത്തവ - തൃപ്പൂണിത്തുറ നഗരസഭയിലെ ഇളമനത്തോപ്പ്, പിഷാരികോവില്‍.

ABOUT THE AUTHOR

...view details