തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ഡിസംബർ 31 ന് മുമ്പ് പൂർത്തിയാക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി.ഭാസ്‌കരൻ. ഏതുസമയത്തും തെരഞ്ഞെടുപ്പ് നടത്താൻ കമ്മീഷൻ സജ്ജമാണ്. കൊവിഡ് പ്രോട്ടോക്കോൾ സംബന്ധിച്ച് വിവിധ വകുപ്പുകളുമായി ചർച്ച നടത്തും. തെരഞ്ഞെടുപ്പിന് തലേന്ന് രോഗം സ്ഥിരീകരിക്കുന്നവർക്ക് വോട്ട് ചെയ്യാന്‍ അവസരം നൽകുന്ന കാര്യം ആരോഗ്യ വകുപ്പുമായി ചർച്ച ചെയ്തു തീരുമാനിക്കുമെന്നും കമ്മീഷൻ വ്യക്തമാക്കി. ഇത്തവണ എല്ലാ ബൂത്തിലും ഒരു ഉദ്യോഗസ്ഥനെ അധികം നിയമിക്കും. എത്ര ഘട്ടമായി തെരഞ്ഞെടുപ്പ് നടത്തുമെന്നത് കൂടുതൽ ചർച്ചകൾക്ക് ശേഷം തീരുമാനിക്കുമെന്ന് കമ്മീഷൻ.
തദ്ദേശ തെരഞ്ഞെടുപ്പ് ഡിസംബർ 31ന് മുമ്പ് പൂർത്തിയാക്കും
ഏതുസമയത്തും തെരഞ്ഞെടുപ്പ് നടത്താൻ കമ്മീഷൻ സജ്ജമാണെന്നും വി.ഭാസ്‌കരൻ
തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട ക്രമസമാധാന പ്രശ്നങ്ങൾ സംബന്ധിച്ച് ഡിജിപി ലോക്‌നാഥ് ബെഹ്‌റയുമായി ചർച്ച നടത്തി. കൊവിഡ് പ്രോട്ടോകോൾ പാലിച്ച് തെരഞ്ഞെടുപ്പ് നടത്തുന്നതിനെ കുറിച്ചായിരുന്നു ചർച്ച. രണ്ട് ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ് നടത്തണമെന്ന കാര്യത്തിൽ അഭിപ്രായം അറിയുന്നതിനായിട്ടാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ എല്ലാവരുമായി ചർച്ച നടത്തുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനം അനുസരിച്ച് പൊലീസിനെ വിന്യസിക്കാൻ തയ്യാറാണെന്ന് ഡിജിപി അറിയിച്ചു. പൊലീസുകാരുടെ ലഭ്യതയും കൊവിഡ് വ്യാപനവും കണക്കിലെടുത്താകും തീരുമാനം. ബുധനാഴ്ച ചീഫ് സെക്രട്ടറി വിശ്വാസ് മേത്തയുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ ചർച്ച നടത്തും.