കേരളം

kerala

ETV Bharat / state

പ്രചാരണത്തിന് കടുത്ത നിയന്ത്രണങ്ങളുമായി തെരഞ്ഞെടുപ്പ് കമ്മിഷന്‍

കൊവിഡ് പശ്ചാത്തലത്തില്‍ വീടുകള്‍ കയറിയുള്ള പ്രചാരണം മുതല്‍ കൊട്ടിക്കലാശം വരെയുള്ള പതിവ് പ്രചാരണ പരിപാടികള്‍ എങ്ങനെയായിരിക്കണമെന്ന് ശക്തമായ മാര്‍ഗ നിര്‍ദേശങ്ങളാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ പുറത്തിറക്കിയിരിക്കുന്നത്

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി  തദ്ദേശ തെരഞ്ഞെടുപ്പ്‌  സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്‍  local body election  local body election election commission issues guidelines  election commission issues guidelines
സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി

By

Published : Oct 21, 2020, 2:29 PM IST

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിനുള്ള മാനദണ്ഡങ്ങള്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്‍ പുറത്തിറക്കി. കൊട്ടിക്കലാശവും ജാഥകളുമില്ലാതെയാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പ് പ്രചാരണം. കൊവിഡ്‌ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചാകണം തെരഞ്ഞെടുപ്പ് നടത്തേണ്ടതെന്നും കമ്മിഷന്‍ പുറത്തിറക്കിയ മാര്‍ഗനിര്‍ദേശത്തിലുണ്ട്.

ആൾക്കൂട്ടം പരമാവധി ഒഴിവാക്കിയുള്ള പ്രചാരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കണം. വീടുകയറിയുള്ള പ്രചാരണം തൊട്ട് റോഡ്‌ ഷോ വരെയുള്ള പ്രചാരണ പ്രവർത്തനങ്ങളുടെ കൃത്യമായ മാനദണ്ഡങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മിഷൻ പുറത്തിറക്കിയിട്ടുണ്ട്. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമ്പോള്‍ മൂന്ന്‌ പേരില്‍ കൂടുതല്‍ പാടില്ല. പത്രിക സമര്‍പ്പണത്തിന് സ്ഥാനാര്‍ഥിക്ക് വരാന്‍ ഒരു വാഹനം മാത്രമേ അനുവദിക്കൂ. വാഹനവ്യൂഹമോ ജാഥയോ പാടില്ല.

സ്ഥാനാര്‍ഥി കൊവിഡ്‌ നിരീക്ഷണത്തിലോ പോസിറ്റീവോ ആണെങ്കില്‍ പത്രിക നിര്‍ദേശകന്‍ മുഖാന്തരം സമര്‍പ്പിക്കാം. വാര്‍ഡ്‌തല തെരഞ്ഞെടുപ്പ്‌ യോഗങ്ങളില്‍ 30 പേരില്‍ കൂടുതല്‍ പാടില്ല. അതേസമയം ജില്ലാതല യോഗങ്ങളില്‍ 40 പേര്‍ക്ക് പങ്കെടുക്കാം. വീടുകയറിയുള്ള പ്രചാരണവേളയില്‍ അഞ്ച്‌ പേരില്‍ കൂടുതല്‍ ആളുകള്‍ പാടില്ല.

കൊട്ടിക്കലാശം പൂര്‍ണമായും ഒഴിവാക്കി. റോഡ്‌ ഷോയ്‌ക്ക് പരമാവധി മൂന്ന് വാഹനങ്ങള്‍. നോട്ടീസും ലഘുലേഖകളും ഒഴിവാക്കി സോഷ്യല്‍ മീഡിയ വഴിയുള്ള പ്രചാരണം ഉപയോഗപ്പെടുത്തണം. സ്വീകരണ പരിപാടിയില്‍ ഹാരം, നോട്ടുമാല, ഷാള്‍ ബൊക്കെ എന്നിവ ഉപയോഗിക്കരുത്. പ്രചാരണത്തിനിടെ സ്ഥാനാര്‍ഥിക്ക് കൊവിഡ്‌ ബാധിച്ചാല്‍ സ്ഥാനാര്‍ഥി പ്രചാരണ പരിപാടിയില്‍ നിന്നും മാറി നില്‍ക്കണമെന്നും കമ്മിഷന്‍ പുറത്തിറക്കിയ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.

എല്ലാ പോളിങ്‌ ബൂത്തുകളും വോട്ടെടുപ്പിന് തലേ ദിവസം അണുവിമുക്തമാക്കണം. വോട്ടെടുപ്പ് സമയത്ത് ബൂത്തിനുള്ളില്‍ ഒരു സമയം മൂന്ന് പേരില്‍ കൂടുതല്‍ അനുവദിക്കില്ല. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളിലും മാസ്‌ക്‌ നിര്‍ബന്ധമാണ്. ആരോഗ്യ അധികൃതരുമായും വിവിധ രാഷ്ട്രീയ കക്ഷികളുമായും ചര്‍ച്ച ചെയ്‌ത ശേഷമാണ് കമ്മിഷന്‍ തെരഞ്ഞെടുപ്പിനുള്ള മാനദണ്ഡങ്ങള്‍ പ്രസിദ്ധീകരിച്ചത്‌.

ABOUT THE AUTHOR

...view details