തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ട വോട്ടെടുപ്പ് രാവിലെ ഏഴ് മണിക്ക് ആരംഭിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. വൈകുന്നേരം ആറു മണി വരെയാണ് വോട്ടിങ് സമയം. സുരക്ഷയൊരുക്കാന്‍ പൊലീസ് ഉദ്യോഗസ്ഥരെ ഓരോ ബൂത്തിലും വിന്യസിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമ്മിഷന്‍ അംഗീകരിച്ച തിരിച്ചറിയില്‍ കാര്‍ഡിന് പുറമെ മറ്റ് 11 രേഖകള്‍ ഉപയോഗിച്ചും വോട്ട് രേഖപ്പെടുത്താം. രാവിലെ പോളിങ് സ്റ്റേഷനുകളില്‍ മോക് പോളിങ് നടന്നു. കര്‍ശന കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് വോട്ടെടുപ്പ് നടക്കുന്നത്.
ആലപ്പുഴയിലാകെ 2271 പോളിങ് ബൂത്തുകളാണുള്ളത്. എല്ലാ ബൂത്തുകളിലും വോട്ടെടുപ്പ് പ്രക്രിയ ആരംഭിച്ചു. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പ് വരുത്താന്‍ ജില്ല ഭരണകൂടവും തെരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥരും നിരന്തര നിരീക്ഷണം നടത്തുന്നുണ്ട്. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷനും ആരോഗ്യ വകുപ്പും നല്‍കിയ നിര്‍ദേശ പ്രകാരം ഒരു സമയം ബൂത്തിനുള്ളില്‍ മൂന്ന് പേര്‍ക്ക് മാത്രമാണ് പ്രവേശനം. എന്നാല്‍ ഇത് ചിലയിടങ്ങളില്‍ ബൂത്തിന് പുറത്ത് ആള്‍ക്കൂട്ടമുണ്ടാക്കുന്നുണ്ട്. കൂടാതെ ജില്ലയില്‍ പല ഭാഗങ്ങളിലും നേരിയ മഴ അനുഭവപ്പെടുന്നുണ്ട്. കൊവിഡ് വ്യാപനവും മഴയും വോട്ടിങ് ശതമാനത്തെ ബാധിക്കുമെന്ന ആശങ്കയിലാണ് രാഷ്ട്രീയ പാര്‍ട്ടികള്‍. തങ്ങളുടെ ഉറച്ച വോട്ടുകളെല്ലാം ആദ്യ റൗണ്ടിൽ തന്നെ പോൾ ചെയ്യുന്നുണ്ട് എന്നുറപ്പുവരുത്താൻ വിവിധ സ്‌ക്വാഡുകളായി തിരിഞ്ഞാണ് രാഷ്ട്രീയ കക്ഷികളുടെ പ്രവർത്തകർ പ്രവർത്തിക്കുന്നത്. പ്രായമായവരെയും കന്നി വോട്ടർമാരെയും ഓട്ടോറിക്ഷകളിലും ചെറുവാഹനങ്ങളിലുമായി പോളിങ് ബൂത്തിലേക്ക് എത്തിക്കുന്നുണ്ട്.