തിരുവനന്തപുരം : കലാപം നടക്കുന്ന മണിപ്പൂരിലെ ജനതയ്ക്ക് ഐക്യദാർഢ്യവുമായി എൽഡിഎഫിന്‍റെ ജനകീയ കൂട്ടായ്‌മ. 140 മണ്ഡലങ്ങൾ കേന്ദ്രീകരിച്ചാണ് ഐക്യദാർഢ്യ കൂട്ടായ്‌മ സംഘടിപ്പിക്കുന്നത്. രാവിലെ 10 മണിക്ക് ആരംഭിച്ച പരിപാടി വിവിധ മണ്ഡലങ്ങളിൽ നേതാക്കള്‍ ഉദ്ഘാടനം ചെയ്‌തു.
ഉച്ചയ്ക്ക് രണ്ടു മണിവരെയാണ് പരിപാടി ഉണ്ടാവുക. മണിപ്പൂരിലെ വംശീയ കലാപം നിരവധി പേരുടെ ജീവനെടുത്തിട്ടും കേന്ദ്രസർക്കാരും പ്രധാനമന്ത്രിയും കാണിക്കുന്ന മൗനത്തിനെതിരെ ഒറ്റ മനസായി പ്രതിഷേധിക്കുക, മണിപ്പൂരിൽ സമാധാനം സ്ഥാപിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അടിയന്തരമായി ഇടപെടുക എന്നീ ആവശ്യങ്ങൾ ഉയർത്തിയാണ് എൽഡിഎഫ് പരിപാടി സംഘടിപ്പിക്കുന്നത്. ഐക്യദാർഢ്യ കൂട്ടായ്‌മയിൽ എല്ലാ ജനാധിപത്യ വിശ്വാസികളും പങ്കാളികളാകണമെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ അഭ്യർഥിച്ചിട്ടുണ്ട്.
ഐക്യദാർഢ്യ കൂട്ടായ്‌മയോട് അനുബന്ധിച്ച് സാമൂഹ്യ മാധ്യമങ്ങളിൽ പ്രൊഫൈൽ പിച്ചർ ക്യാമ്പയിനും എൽഡിഎഫ് സംഘടിപ്പിച്ചിരുന്നു. മണിപ്പൂരിൽ നിയമസഭ സമ്മേളനം വിളിച്ചുചേർക്കുന്നതിനായി മുൻ മുഖ്യമന്ത്രി ഒക്രം ഇബോബി സിങ് ഉൾപ്പെടെയുള്ള കോൺഗ്രസ് എംഎൽഎമാർ ഗവർണർ അനസൂയ യുകെയ്‌ക്ക് മെമ്മോറാണ്ടം സമർപ്പിച്ചിട്ടുണ്ട്. സർക്കാരിനോട് ആവശ്യപ്പെടുമെന്നും സഭയിൽ വിശദമായി ചർച്ച ചെയ്‌ത് ശാശ്വതമായ പരിഹാരം കണ്ടെത്താൻ ശ്രമിക്കുമെന്നും ഗവര്‍ണര്‍ കോൺഗ്രസ് നേതാക്കൾക്ക് ഉറപ്പു നൽകിയിട്ടുണ്ട്.
ഇതോടൊപ്പം വംശീയ കലാപത്തിനെതിരെ വിദേശ രാജ്യങ്ങളിൽ നിന്ന് അടക്കം വിമർശനം ഉയർന്നതിന് പിന്നാലെ മണിപ്പൂരിൽ സമാധാന ശ്രമത്തിന് കേന്ദ്രസർക്കാർ കുക്കി, മെയ്‌തി വിഭാഗങ്ങളുമായി ചർച്ച നടത്തിയിട്ടുണ്ട്. കേന്ദ്രസർക്കാരിനെ പ്രതിനിധീകരിച്ച് ഇന്‍റലിജൻസ് ബ്യൂറോ മുൻ അഡിഷണൽ ഡയറക്‌ടർ ആണ് ഇവരുമായി ചർച്ച നടത്തിയത്.