തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ മിന്നും വിജയത്തോടെ തുടര്‍ ഭരണമെന്ന ഇടതു സര്‍ക്കാരിന്‍റെ മോഹത്തിന് വീണ്ടും ചിറക് മുളയ്ക്കുന്നു. സ്വര്‍ണക്കടത്ത് മുതല്‍ സര്‍ക്കാരിനെതിരെ തുടര്‍ച്ചയായി ഉയര്‍ന്ന ആരോപണങ്ങള്‍ തിരിച്ചടിയാകുമെന്ന് കരുതിയിരിക്കുന്ന വേളയിലാണ് തദ്ദേശ തെരഞ്ഞെടുപ്പിലെ ഇടതുമുന്നണിയുടെ വന്‍ വിജയം. അത് ഇടതിന് നല്‍കുന്ന ആത്മവിശ്വാസം ചെറുതല്ല. ക്ഷേമ പെന്‍ഷനുകള്‍ വര്‍ധിപ്പിച്ചതും ലോക്ക് ഡൗണ്‍ കാലത്തെ സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം തുടങ്ങി ജനപ്രിയ ക്ഷേമ പ്രവര്‍ത്തനങ്ങളാണ് തെരഞ്ഞെടുപ്പിലെ വന്‍ വിജയത്തിന് കാരണമെന്നാണ് സര്‍ക്കാരിന്‍റെയും ഇടതുമുന്നണിയുടെയും വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ ജനക്ഷേമ പദ്ധതികള്‍ കൂടുതലായി നടപ്പാക്കാനാണ് സര്‍ക്കാര്‍ നീക്കം. നൂറ് ദിന കര്‍മ്മ പരിപാടികള്‍ വീണ്ടും നടപ്പാക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്‍റെ കാലവധിയായ 23 ന് ശേഷം ഇവ പ്രഖ്യാപിക്കും.
തദ്ദേശ തെരഞ്ഞെടുപ്പിലെ മിന്നും വിജയം; ആത്‌മവിശ്വാസവുമായി ഇടത് സര്‍ക്കാര്‍
തെരഞ്ഞെടുപ്പിലെ വന്‍ വിജയത്തോടെ തുടര്‍ഭരണം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഇടത് മുന്നണി. ജനക്ഷേമ പദ്ധതികള്‍ കൂടുതലായി നടപ്പാക്കാനാണ് സര്‍ക്കാര്‍ നീക്കം.
ക്ഷേമ പെന്‍ഷനുകളുടെ തുക ഉയര്‍ത്തുന്നതും റേഷന്‍ കടകള്‍ വഴിയുള്ള സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം ഏപ്രില്‍ വരെ നീട്ടുന്നതുമാണ് പരിഗണനയില്‍ ഉള്ളത്. ഇതിന് പുറമെ എല്ലാ ജില്ലകളിലും മുഖ്യമന്ത്രി പര്യടനം നടത്തും. ഒരോ ജില്ലയിലെയും സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും. ഇതും ഉടന്‍ ആരംഭിക്കും. നിലവിലെ അനുകൂല സാഹചര്യം നിയമസഭ തെരഞ്ഞെടുപ്പ് വരെ നിലനിര്‍ത്തുക എന്ന ലക്ഷ്യത്തോടെയുള്ള തന്ത്രങ്ങളാണ് ഇടതുമുന്നണിയും സര്‍ക്കാരും മെനയുന്നത്. അതേസമയം കനത്ത തിരിച്ചടി നേരിട്ട യുഡിഎഫ് ഇവയെ എങ്ങനെ പ്രതിരേധിക്കും എന്നതും നിര്‍ണായകമാണ്.