തിരുവനന്തപുരം : ഇടതുമുന്നണി യോഗം നാളെ ചേരും. പുതിയ മദ്യ നയമാണ് നാളത്തെ യോഗത്തിലെ പ്രധാന അജണ്ട. മദ്യനയം സംബന്ധിച്ച് വിശദമായ കൂടിയാലോചനകൾ എക്സൈസ് വകുപ്പ് നടത്തിയിരുന്നു. സി പി എമ്മിൽ ഇത് സംബന്ധിച്ച് ധാരണയായാൽ നാളത്തെ ഇടതുമുന്നണി യോഗത്തിൽ മദ്യ നയം സംബന്ധിച്ച് ചർച്ച നടക്കും.
എക്സൈസ് വകുപ്പ് മദ്യനയത്തിലെ അന്തിമ കരട് ഇതുവരെ തയാറാക്കിയിട്ടില്ല. മുന്നണി യോഗത്തിലെ ചർച്ചകൾ കൂടി പരിഗണിച്ചാകും കരടിന് അന്തിമ രൂപം നൽകുക. സർക്കാർ പദ്ധതികളുടെ അവലോകനവും നാളത്തെ യോഗത്തിൽ നടക്കും. സാമ്പത്തിക വർഷം സമാപിച്ച സാഹചര്യത്തിൽ സംസ്ഥാനത്തിൻ്റെ ധന സ്ഥിതി സംബന്ധിച്ചും മുന്നണി യോഗം ചർച്ച ചെയ്യും.
ലോക്‌സഭ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള പ്രവർത്തനങ്ങളിലേക്ക് കടക്കുന്നത് സംബന്ധിച്ചും യോഗം ചർച്ച ചെയ്യും. കഴിഞ്ഞ തവണ ലോക്‌സഭ തെരഞ്ഞെടുപ്പിൽ ഉണ്ടായ തിരിച്ചടി മറികടക്കാൻ കൂട്ടായ പ്രവർത്തനം ആസൂത്രണം ചെയ്യണമെന്നതാണ് മുന്നണിയുടെ തീരുമാനം. ഇത് ഏതെല്ലാം രീതിയിൽ വേണമെന്ന പ്രാരംഭ ചർച്ചകൾ നാളത്തെ യോഗത്തിൽ നടക്കും.
ALSO READ:കെപിസിസി നേതൃയോഗം ഇന്ന് ; രാഹുൽ ഗാന്ധിയുടെ വയനാട് സന്ദർശനത്തിന്‍റെ ഒരുക്കങ്ങളടക്കം ചര്‍ച്ച
തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള പ്രവർത്തനങ്ങളുമായി പ്രതിപക്ഷം സംസ്ഥാന സർക്കാരിനെതിരെ മുന്നോട്ടുപോകുന്നതായി സി പി എം സംസ്ഥാന സമിതി വിലയിരുത്തിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് നിരന്തരം അഴിമതി അടക്കമുള്ള ആരോപണങ്ങൾ ഉന്നയിക്കുന്നത്. അത് മറികടക്കുന്നതിന് ആവശ്യമായ പ്രചാരണം അടക്കം നടത്താനാണ് തീരുമാനം. രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ വിഷയത്തിൽ കേന്ദ്രസർക്കാരിന്‍റെ ജനാധിപത്യവിരുദ്ധ പ്രവർത്തനങ്ങൾ തുറന്നുകാണിക്കുന്ന രീതിയിൽ മുന്നണിയുടെ നേതൃത്വത്തിൽ നടത്തേണ്ട പ്രതിഷേധങ്ങളും നാളത്തെ യോഗത്തിൽ ചർച്ചയാകും.